ADVERTISEMENT

കൊച്ചി∙ ഓടിക്കൊണ്ടിരിക്കുന്ന മെട്രോ ട്രെയിൻ പെട്ടെന്ന് ഫാഷൻ ഷോ റാംപ് ആയി മാറിയാലോ. ഇന്നലെ വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി കൊച്ചി മെട്രോ, യാത്രക്കാർക്കായി ഒരുക്കിയത് ലൈവ് ഫാഷൻ ഷോ ആണ്. ജെഡി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയുടെ സഹകരണത്തോടെയാണ് ട്രെയിനിനുള്ളിൽ ഷോ സംഘടിപ്പിച്ചത്. ഡിസൈനർ വസ്ത്രങ്ങളണിഞ്ഞ 20 വിദ്യാർഥികൾ ഓടുന്ന മെട്രോയിൽ ചുവടുവച്ചു. അമൃത സജു, ഷിയാസ് കരീം എന്നിവർ ഷോ സ്റ്റോപ്പർമാരായി എത്തി. ജവാഹർലാൽ നെഹ്റു സ്റ്റേഡിയം സ്റ്റേഷനിൽ നിന്ന് മെട്രോയിൽ കയറിയ ഇവർക്കൊപ്പം കെഎംആർഎൽ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.

ദക്ഷിണേന്ത്യയിലെ മെട്രോ സർവീസുകളിൽ ആദ്യമായാണ് ഇത്തരം ഫാഷൻ ഷോ സംഘടിപ്പിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് മോഡലുകൾ മെട്രോയുടെ റാംപിലെത്തിയത്. വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി മുട്ടം മെട്രോ സ്റ്റേഷന്റെ പൂർണ നിയന്ത്രണം ഇന്നലെ വനിതകൾക്കായിരുന്നു. സ്റ്റേഷൻ കൺട്രോൾ, ടിക്കറ്റിങ്, സുരക്ഷ, കസ്റ്റമർ സർവീസ്, ഹൗസ് കീപ്പിങ് തുടങ്ങി എല്ലാ വിഭാഗത്തിലും വനിതാ ജീവനക്കാർ മാത്രമാണുണ്ടായിരുന്നത്. കൊച്ചി രാജ്യാന്തര വിമാനത്താവളത്തെയും ആലുവ മെട്രോ സ്റ്റേഷനെയും ബന്ധിപ്പിക്കുന്ന കൊച്ചി മെട്രോയുടെ പവൻ ദൂത് ഇലക്ട്രിക് ബസ് സർവീസ് ഉപയോഗിക്കുന്ന സിയാൽ ജീവനക്കാർക്കായി പ്രത്യേക ട്രിപ്പ് പാസും കെഎംആർഎൽ ഇന്നലെ അവതരിപ്പിച്ചു.

കെഎംആർഎൽ ഡയറക്ടർ ഡി.കെ. സിൻഹ, എയർപോർട്ട് ഡയറക്ടർ എ.സി.കെ. നായർ എന്നിവർ ചേർന്നാണ് പാസ് അവതരിപ്പിച്ചത്.  വനിതാദിനത്തോട് അനുബന്ധിച്ച് സിയാലിലെ വനിതാ ജീവനക്കാർക്ക് കൊച്ചി വൺ കാർഡിനു പ്രത്യേക കിഴിവും അവതരിപ്പിച്ചു. പവൻദൂത് സർവീസിൽ യാത്ര ചെയ്യുന്ന സിയാലിലെ വനിതാ ജീവനക്കാർക്ക് 50 ശതമാനം ഇളവു നൽകും. കാർഡ് ഇന്നലെ വിതരണം ചെയ്തു. 6 മാസത്തേക്കാണ് ഇളവ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com