ADVERTISEMENT

കൊച്ചി∙ സനു മോഹന്റെ ജീവിതം ദുരൂഹം. താമസിച്ചിരുന്ന ഫ്ലാറ്റിലെ അന്തേവാസികൾക്കു മുന്നിൽ അങ്ങേയറ്റം മാന്യനും സഹായിയും.  നടന്നതെന്തെന്ന പൊലീസ് ചോദ്യങ്ങൾക്കു മുന്നിൽ വിവരങ്ങൾ മാറ്റി മാറ്റിപ്പറയുകയാണു സനു. ആർഭാട ജീവിതമായിരുന്നു സനുവിന്റേത്.  ഭീമമായ ഫീസുള്ള ക്ലബ്ബുകളിൽ അംഗത്വം, പിന്നെ ചൂതാട്ടവും.  ഒളിവു ജീവിതത്തിനിടെ സനു ഗോവയിലെത്തി കസിനോകളിൽ ചൂതാട്ടം നടത്തിയെന്നും പൊലീസിനു സംശയമുണ്ട്.

കയ്യിലുണ്ടായിരുന്ന പണമെല്ലാം ഈ രീതിയിൽ ചെലവാക്കിയതാകാമെന്നും കരുതുന്നു.  ഭാര്യയുടെ പേരിലുള്ള കാക്കനാട് കങ്ങരപ്പടിയിലെ ഫ്ലാറ്റ് തീറു നൽകി 10 ലക്ഷം രൂപ സനു വാങ്ങിയിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ദിവസം 1000 രൂപയുടെയെങ്കിലും ലോട്ടറി ടിക്കറ്റ് എടുക്കുന്ന സ്വഭാവവും ഉണ്ടായിരുന്നു.  ഈയിനത്തിൽ ഒരു ലോട്ടറിക്കച്ചവടക്കാരനു ഭീമമായ തുക നൽകാനുണ്ടെന്നും പറയുന്നു.

മകളെ വലിച്ചെറിയാൻ ഇടം തേടി അലഞ്ഞു

ഫ്ലാറ്റിലെ മുറിയിൽ ബോധരഹിതയായ വൈഗയെ തള്ളാൻ  ഇടം തേടി സനു മോഹൻ അലഞ്ഞതായി പൊലീസ്. ‘സോഫയിൽ വച്ചാണു വൈഗയെ കൊലപ്പെടുത്താൻ ശ്രമിച്ചത്. കൈലിമുണ്ട് ഉപയോഗിച്ച് ആദ്യം മുഖത്ത് അമർത്തി. ശ്വാസം കിട്ടാതെ പിടഞ്ഞ വൈഗയെ 10 മിനിറ്റോളം അമർത്തിപ്പിടിച്ചു. ചലനമറ്റു എന്നു ബോധ്യമായപ്പോൾ തോളിലിട്ടു പുറത്തേക്കു കടക്കാൻ ശ്രമിക്കുമ്പോഴാണു രക്തം കണ്ടത്. കട്ടിലിൽ കിടന്ന തുണിയെടുത്തു തുടച്ച ശേഷം വാഷിങ് മെഷീനിൽ ഇട്ടു. താഴെ വന്നപ്പോൾ അനൂപ് എന്നയാൾ കണ്ടു. കുഞ്ഞ് ഉറങ്ങിയെന്നും നാട്ടിൽ പോവുകയാണെന്നും പറഞ്ഞാണു വാഹനവുമായി പുറത്തുകടന്നത്’– പൊലീസ് പറഞ്ഞു. 

എച്ച്എംടി വഴി കണ്ടെയ്നർ റോഡിൽ കയറിയ ഇയാൾ വൈഗയെ വലിച്ചെറിയാൻ പറ്റിയ പുഴയോരം തേടി ചേരാനല്ലൂർ വരെ പോയി. ഈ ഭാഗത്തെ റോ‍ഡിലെ വാഹനങ്ങളുടെ തിരക്കും ആൾത്തിരക്കും മൂലം തള്ളാൻ കഴിഞ്ഞില്ല. മഞ്ഞുമ്മലിൽ ജോലി ചെയ്തിരുന്ന കാലത്ത് ആളൊഴിഞ്ഞ കടവു കണ്ടതായി ഓർമ വന്നതിനെത്തുടർന്നു മഞ്ഞുമ്മൽ പാലം കടന്ന് ഇടറോഡിലൂടെ കാർ പുഴയോരത്ത് എത്തിക്കുകയായിരുന്നു. ഡോർ തുറന്ന് വൈഗയെ എടുത്ത് പുഴയിൽ ഇട്ടു. പിന്നീടു ചേരാനല്ലൂരിൽ സിഗ്നലിൽ എത്തി ഇടപ്പള്ളിയിലേക്കും അവിടെ നിന്നു ദേശീയപാത വഴി കോയമ്പത്തൂരിലേക്കും കടക്കുകയായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com