ADVERTISEMENT

കൊച്ചി ∙ പുഴയിൽ തള്ളും മുൻപു തന്നെ മകൾ വൈഗയുടെ സ്വർണാഭരണങ്ങൾ അഴിച്ചെടുത്തിരുന്നതായി പിതാവ് സനു മോഹന്റെ വെളിപ്പെടുത്തൽ. വൈഗയുടെ മാലയും മോതിരവും വിറ്റതായും സംസ്ഥാന അതിർത്തി വിടും മുൻപ് ആവശ്യത്തിനു മദ്യവും സിഗരറ്റും കാറിൽ കരുതിയതായും ഇയാൾ മൊഴി നൽകി. സനു മോഹനുമായി ഇന്നലെ പൊലീസ് തെളിവെടുപ്പു തുടങ്ങി. സനുവും കുടുംബവും താമസിച്ചിരുന്ന കങ്ങരപ്പടി ശ്രീഗോകുലം അപ്പാർട്മെന്റ്സിലാണ് ആദ്യമെത്തിച്ചത്. കൂസലും കുറ്റബോധവും തെല്ലും ഇല്ലാതെയാണു സനുമോഹൻ തെളിവെടുപ്പു പൂർത്തിയാക്കിയത്. ഫ്ലാറ്റ് നിവാസികൾക്കും നാട്ടുകാർക്കും മുന്നിൽ നിൽക്കുമ്പോഴും കുലുങ്ങിയില്ല. 

പൊലീസിന്റെ ചോദ്യങ്ങൾക്കു പതറാതെ ഉത്തരം നൽകി. തൃക്കാക്കര എസിപി ആർ. ശ്രീകുമാറിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം സഹിതമായിരുന്നു ഇന്നലെ രാവിലെ പതിനൊന്നോടെ തെളിവെടുപ്പ്. ഫ്ലാറ്റ് പരിസരത്തേക്ക് ആരെയും പൊലീസ് അ‌ടുപ്പിച്ചില്ല. ഫ്ലാറ്റിലെ മുറികളിലെത്തിച്ചു തെളിവെടുപ്പു നടത്തിയ ശേഷം തിരിച്ചിറങ്ങിയ സനുമോഹൻ താഴെ കാണാൻ നിന്ന ഫ്ലാറ്റ് നിവാസികൾക്കു മുന്നിൽ പുറം തിരിഞ്ഞു നിന്നു.  കൂട്ടംകൂടി നിന്നവർക്ക് അഭിമുഖമായി സനുമോഹനെ പൊലീസ് തിരിച്ചു നിർത്തി. അക്കൂട്ടത്തിൽ സനു മോഹൻ പണം കടം വാങ്ങിയ ആരൊക്കെയുണ്ടെന്നു ചോദിച്ചു. 

അവരെ സനുമോഹൻ കാണിച്ചുകൊടുത്തു.  അവിടെ നിന്നു ജീപ്പിൽ കയറ്റിയ സനു മോഹനെ ഭാര്യ രമ്യയുടെയും വൈഗയുടെയും ഫോണുകൾ വലിച്ചെറിഞ്ഞ എച്ച്എം‌ടി റോഡിനു സമീപത്തെ കാടിനു മുന്നിലാണു പിന്നീട് എത്തിച്ചത്. അവിടെ നിന്നു ചേരാനല്ലൂർ ഭാഗത്തേക്കു കൊണ്ടുപോയ ശേഷമാണ് വൈഗയെ വലിച്ചെറിഞ്ഞ മുട്ടാർപുഴയിലെ ചക്യാടം കടവിൽ എത്തിച്ചത്.  കാർ കൊണ്ടുവന്നു നിർത്തിയ സ്ഥലവും കാറിൽ നിന്നു വൈഗയെ എടുത്തു കൊണ്ടുപോയ വിധവും പുഴയിൽ മരത്തിനോടു ചേർന്നു തള്ളിയിട്ട സ്ഥലവും കാണിച്ചുകൊടുത്തു.

കങ്ങരപ്പടിയിൽ മൊബൈൽ ഫോൺ വിറ്റ കട, ഭാര്യയുടെ സ്വർണാഭരണങ്ങൾ പണയപ്പെടുത്തിയ പണമിടപാട് സ്ഥാപനം എന്നിവിടങ്ങളിലും സനു മോഹനെ എത്തിച്ചു തെളിവെടുത്തു. സനു മോഹനുമായി 4 സംസ്ഥാനങ്ങളില്‍ തെളിവെടുപ്പിനായി പൊലീസ് ഇന്ന് പുറപ്പെടും. തൃക്കാക്കര ഇൻസ്പെക്ടർ കെ.ധനപാലന്റെ നേതൃത്വത്തിലുള്ള സംഘമാണ് തമിഴ്നാട്, കർണാടക, ഗോവ, മഹാരാഷ്ട്ര എന്നിവിടങ്ങളിലേക്കു പോകുന്നത്. വൈഗയെ പുഴയില്‍ തള്ളിയ ശേഷം സനു സഞ്ചരിച്ച വഴികളിലൂടെ തന്നെയാകും തെളിവെടുപ്പ് സംഘത്തിന്റെ യാത്രയും. 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com