ADVERTISEMENT

കൊച്ചി ∙ ഇന്നേക്ക് 12–ാം നാൾ അറിയാം ആരു ജയിച്ചെന്ന്. ജനഹിതം യന്ത്രത്തിൽ ചാർത്തി ഏപ്രിൽ ആറിനു താഴിട്ടു പൂട്ടി ഉറപ്പിച്ച മുറികൾ മേയ് രണ്ടിനു തുറക്കും. വോട്ടിങ് മെഷീനുകളുടെ ബീപ് ബീപ് ശബ്ദങ്ങൾക്കിടയിൽ ഏതൊക്കെ കണക്കുകളാവും ശരിയാവുക, കുറെയൊക്കെ തെറ്റാം. പ്രതീക്ഷിതമായ എന്തൊക്കെ കാണാനും കേൾക്കാനുമിരിക്കുന്നു. കോവിഡ് കാലത്തെ വോട്ടിനു ശേഷം അതേകാലത്തെ വോട്ടെണ്ണലിന്റെ ദിവസവും ഇങ്ങടുത്തു.

ആഴത്തിൽ അപഗ്രഥിച്ചു യുഡിഎഫും എൽഡിഎഫും തയാറാക്കിയ കണക്കു ശരിയാവണമെങ്കിൽ ജില്ലയിൽ 14 സീറ്റു പോരാ. യുഡിഎഫ് ഉറപ്പായും ജയിക്കുന്ന സീറ്റ് 11. എൽഡിഎഫ് 5. രണ്ടു സീറ്റ് അധികമായി. ഉറപ്പാക്കിയ 5നു പുറമെ 2 സീറ്റ് കൂടി നേരിയ മാർജിനിൽ ജയിക്കുമെന്നാണ് എൽഡിഎഫ് വിലയിരുത്തൽ.

 14ൽ 11ൽ യുഡിഎഫ്

മുഴുവൻ സീറ്റും ജയിക്കുമെന്നു യുഡിഎഫ് അവകാശപ്പെടുന്നില്ലന്നേയുള്ളു. അതിനുള്ള സാധ്യതയുണ്ടെന്നു നേതാക്കൾ വിലയിരുത്തിയിട്ടുണ്ട്. ഒറ്റയ്ക്കൊറ്റയ്ക്കു പരിശോധിക്കുമ്പോൾ പതിനാലും ജയിക്കും. എങ്കിലും കെപിസിസി പ്രസിഡന്റിനു നൽകിയ റിപ്പോർട്ട് പ്രകാരം 11 സീറ്റിലാണു ജയം ഉറപ്പിക്കുന്നത്. 2001ൽ ഒന്നൊഴികെ എല്ലാ സീറ്റിലും ജയിച്ച ചരിത്രം യുഡിഎഫിനുണ്ട്. വൈപ്പിൻ, കളമശേരി, കോതമംഗലം, കുന്നത്തുനാട് സീറ്റുകളുടെ കാര്യത്തിൽ യുഡിഎഫിൽ അൽപം സംശയമുണ്ട്.

കളമശേരിയിൽ 6000 വോട്ടിന്റെ അധിക കണക്കാണു മണ്ഡലത്തിൽ നിന്നു ലഭിക്കുന്നത്. വൈപ്പിനിൽ 4000, കോതമംഗലത്ത് 3000 എന്നിങ്ങനെ ഭൂരിപക്ഷം ലഭിക്കാം. കുന്നത്തുനാട് ട്വന്റി20യുമായിട്ടാണു മത്സരം. ഇവിടെ സിപിഎം മൂന്നാം സ്ഥാനത്തു പോകാം. കുന്നത്തുനാട്ടിൽ ഒഴികെ മറ്റിടങ്ങളിൽ ട്വന്റി20 ശരാശരി 10,000 വോട്ടു നേടാനേ സാധ്യതയുള്ളുവെന്നു യുഡിഎഫ് വിലയിരുത്തുന്നു.

 14ൽ 7 എൽഡിഎഫ് എടുത്തു

ജില്ലയിലെ 14 സീറ്റിൽ എൽഡിഎഫ് ഏഴെണ്ണം എണ്ണിയെടുത്തു. വൈപ്പിൻ, കൊച്ചി, കോതമംഗലം, തൃപ്പൂണിത്തുറ, കളമശേരി എന്നിവയിൽ എൽഡിഎഫ് വിജയം ഉറപ്പുപറയുന്നു. വൈപ്പിൻ, കോതമംഗലം ഒഴികെ ഒരു സീറ്റിലും വലിയ ഭൂരിപക്ഷം കരുതുന്നില്ല. പെരുമ്പാവൂരിൽ 1000 വോട്ടിൽ താഴെയും കുന്നത്തുനാട് 500 വോട്ടിൽ താഴെയുമാണു ലീഡ് പ്രതീക്ഷിക്കുന്നത്.  ഉറപ്പായ വോട്ടുകൾ മാത്രം എണ്ണിയെടുത്തുള്ള കണക്കാണിതെന്നു പാർട്ടി അവകാശപ്പെടുന്നു.

കുന്നത്തുനാട്ടിൽ ജയിക്കുമെന്നു പറയുമ്പോഴും മൂന്നാം സ്ഥാനത്തേക്കു പോകാനും ഉള്ള സാധ്യതയുണ്ടെന്നും       വിലയിരുത്തുന്നു. എൽഡിഎഫും യുഡിഎഫും ട്വന്റി20യും ഒപ്പത്തിനൊപ്പം വോട്ടു നേടുന്നതുകൊണ്ടാണിത്. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർ തമ്മിൽ 2000–3000 വോട്ടു വ്യത്യാസമേ വരാനിടയുള്ളു. വിജയത്തിന്റെ കണക്കിൽ പെടുത്തിയിട്ടില്ലെങ്കിലും മൂവാറ്റുപുഴയും അങ്കമാലിയും ജയം പ്രതീക്ഷിക്കുന്ന സീറ്റുകളാണ്.

അങ്കമാലിയിൽ ജോസ് തെറ്റയിലിനു ലഭിക്കുന്ന വ്യക്തിഗത വോട്ടുകളും മൂവാറ്റുപുഴയിൽ യാക്കോബായ സഭയുടെ പിന്തുണയും നിർണായകമാകും. തൃപ്പൂണിത്തുറയിൽ ബിജെപി 2016ൽ പിടിച്ച അത്രയും വോട്ട് കണക്കാക്കിയിട്ടില്ല. തൃക്കാക്കരയിൽ ട്വന്റി20 സ്ഥാനാർഥി കാര്യമായി വോട്ടുപിടിച്ചാൽ ജയിക്കാമെന്നും പ്രതീക്ഷയുണ്ട്.

 സീറ്റ് വേണ്ട, ശക്തിയറിയിച്ചാൽ മതി

തൃപ്പൂണിത്തുറയിൽ ജയിക്കുമെന്നു പറയുന്നുണ്ടെങ്കിലും 2016ലെ വോട്ടു നിലനിർത്താനാവുമോയെന്നു ബിജെപിക്ക് ഉറപ്പില്ല. ജില്ലയിൽ ബിജെപി ഏറ്റവും സാധ്യത കൽപിക്കുന്ന മണ്ഡലമാണു തൃപ്പൂണിത്തുറ. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പാകുമ്പോഴേക്കും ജയിക്കാൻ കഴിയുന്ന തരത്തിൽ സംഘടന വളർത്തുകയാണു ഇക്കുറി ലക്ഷ്യം. ശബരിമല വിഷയം ഉന്നയിച്ചു ബിജെപി വോട്ടുകളിൽ ഭിന്നിപ്പുണ്ടാക്കാൻ യുഡിഎഫിനു കഴിഞ്ഞോ എന്ന ആശങ്കയുണ്ട്. മുന്നണി സംവിധാനം ഒട്ടും ഫലപ്രദമല്ലാത്തതുമൂലം ഘടകകക്ഷികൾ മത്സരിച്ച സീറ്റുകളിലെ അവസ്ഥയെന്തായിരിക്കുമെന്നു വ്യക്തമല്ല. 

 കന്നിയങ്കത്തിന്റെ ചൂടിൽ ട്വന്റി20

നിയമസഭയിലേക്കു ആദ്യമായി മത്സരിച്ചതിന്റെ അനുഭവത്തിലാണു ട്വന്റി20. ഇതിൽ കുന്നത്തുനാട്ടിൽ മാത്രമേ ഉറപ്പായ ജയം കണക്കാക്കുന്നുള്ളു. മറ്റിടങ്ങളിൽ നല്ലരീതിയിൽ വോട്ടുനേടുമെന്നും അവർ വിലയിരുത്തുന്നു. പഞ്ചായത്തു തിരഞ്ഞെടുപ്പിൽ ലഭിച്ച വോട്ടുകൾ അടിസ്ഥാനമായി കണക്കാക്കിയാണു കുന്നത്തുനാട്ടിലെ പ്രതീക്ഷ. മറ്റിടങ്ങളിൽ അതിനു വകുപ്പില്ല. ഒട്ടേറെ ആളുകൾ ട്വന്റി20യ്ക്കു വോട്ടുചെയ്തതായി പാർട്ടി കരുതുന്നു. വോട്ടെണ്ണിക്കഴിഞ്ഞിട്ടു പാർട്ടിയുടെ ജന പിന്തുണ എന്തെന്നറിയാൻ കാത്തിരിക്കുകയാണവർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com