ADVERTISEMENT

തൃക്കുന്നപ്പുഴ∙  തൊട്ടടുത്ത് ഒഴുകുന്ന പല്ലനയാറുപോലെ പുറമേ ശാന്തമാണ് വലിയപറമ്പിലെ കൈതക്കാട് സിനുഭവനം. ആ കുഞ്ഞുവീടിന്റെ മുറ്റത്ത് അപ്പൂപ്പന്റെ അന്ത്യവിശ്രമസ്ഥലത്തിനു തൊട്ടടുത്തു വൈഗ ഉറങ്ങുന്നുണ്ട്, ഇനി ഉണരാതെ.  വൈഗയെ കാണാൻ കൊതിച്ചു പ്രാർഥിച്ചു കഴിഞ്ഞുകൂടിയ അവളുടെ മുത്തശ്ശി വീടിനകത്ത് കണ്ണീർ തോരാതെ നീറിനീറിയിരിക്കുന്നുണ്ട്. സനുമോഹന്റെ അമ്മ സരള വൈഗയുടെ മരണവിവരം അറിഞ്ഞതുമുതൽ വീടിനു പുറത്തേക്കുപോലും ഇറങ്ങാറില്ല. അഞ്ചു വർഷത്തോളമായി മകനുമായി ബന്ധമില്ലെന്നു പറയുമ്പോഴേക്കും കണ്ണുകൾ പെയ്തു തുടങ്ങി. 

സഹോദരന്റെ ഭാര്യയാണ് സരളയുടെ കൂടെ ഇപ്പോഴുള്ളത്. രാത്രിയാകുമ്പോൾ അടുത്തവീട്ടിലെ സ്ത്രീ കൂട്ടുകിടക്കാൻവരും. സനുവിന്റെ അച്ഛന്റെ മരണശേഷം ഇവരാണു സരളയുടെ സഹായത്തിനുള്ളത്.  എന്നെങ്കിലും മകനെയും കുഞ്ഞിനെയുമൊക്കെ കാണാനും കുഞ്ഞിനെ ലാളിക്കാനുമൊക്കെ കൊതിച്ചായിരുന്നു ഇത്രനാൾ ജീവിച്ചത്.  ‘ പുണെയിലായിരുന്നപ്പോൾ അവൻ ഇടയ്ക്ക് ഇവിടെ വന്നിരുന്നു. 

എറണാകുളത്തേക്കു മാറിയതുപോലും ഞാനറിഞ്ഞില്ല. എന്തെങ്കിലും ഇതിന്റെ പിന്നിലില്ലാതെ എന്റെ മകൻ ഇങ്ങനെയൊന്നും ചെയ്യില്ല. അവന്റെ ലോകം ഭാര്യയും മകളുമായിരുന്നു. ആറു വയസ്സുള്ളപ്പോഴാണ് കുഞ്ഞിനെ ഞാ‍ൻ അവസാനമായി കാണുന്നത്. പിന്നെ കാണുന്നത് ഇപ്പോഴും.’  ഭാര്യ രമ്യയുടെ ബന്ധുവീട്ടിൽ വന്നിരുന്നെന്നും കുടുംബസമേതം ഇവിടെ താമസിച്ചു വൈഗയുമായി തിരികെപ്പോയെന്നും പറയുന്നുണ്ട്.

sanu-mohan-vaiga
സനുമോഹൻ , വൈഗ

മോളുമായി അവൻ പോയെന്നു പറയുന്നതു പല്ലനയിലുള്ള രമ്യയുടെ ചിറ്റപ്പന്റെ വീട്ടിൽ നിന്നാണ്. അവരുടെ വീട്ടിൽ നിന്നുപോയയാളിന്റെ വിവരം അവർക്ക് അറിയാതെ വരില്ലല്ലോ. മൂന്നുപേരും ചേർന്നു വന്നിട്ട്, രണ്ടുപേരായി തിരികെ പോകുന്നത് എങ്ങനെയാണ്? അവന്റെ ബന്ധുക്കളായ ഞങ്ങളാരും ഇതൊന്നും അറിഞ്ഞിട്ടില്ല. കുഞ്ഞിന്റെ മരണശേഷവും അവർ പറഞ്ഞറിഞ്ഞ കാര്യങ്ങളേ ഞങ്ങൾക്ക് അറിയൂ.’ ഭാര്യവീട്ടുകാരുമായി സനു വളരെ അടുപ്പത്തിലായിരുന്നു. രമ്യയുടെ സഹോദരിയുടെ വിവാഹത്തിലടക്കം സജീവമായിരുന്നു.

പക്ഷേ പിന്നീടെന്തു സംഭവിച്ചെന്നത് അറിയില്ലെന്നാണ് അവരും പറയുന്നത്. സനുവിന്റെ പിതാവ് മോഹനൻ നാലുവർഷം മുൻപാണു മരിച്ചത്. അതുപോലും സനുവിനെ അറിയിക്കാൻ മാർഗമില്ലായിരുന്നു. അവന്റെ മൊബൈൽ നമ്പർ പോലും അറിയില്ല, അന്നും ഇന്നും. എല്ലാവരോടും ഞാൻ ചോദിച്ചിരുന്നതാണ് അവനെക്കുറിച്ച്.   അറിയില്ലെന്നാണ് അവരൊക്കെ പറഞ്ഞത്. പക്ഷേ അവസാനം ഇതൊക്കെ കഴിഞ്ഞപ്പോൾ രമ്യയുടെ അനുജത്തിയുടെ ഭർത്താവാണ് എന്നോടുപറഞ്ഞത്, ഫ്ലാറ്റ് എടുത്തുകൊടുക്കാൻ സഹകരിച്ചത് അവരാണെന്ന്. എനിക്കും എന്റെ മൂത്തമകനും മാത്രമാണ് ഇതൊന്നും അറിയാത്തത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com