ADVERTISEMENT

മൂവാറ്റുപുഴ∙ മണ്ഡലത്തിന്റെ മനസ്സറിഞ്ഞു നേടിയ ജയത്തിനു മാറ്റേറും. അതാണു മൂവാറ്റുപുഴയിൽ മാത്യു കുഴൽനാടൻ യുഡിഎഫിനായി സ്വന്തമാക്കിയതും. സ്ഥാനാർഥിയെ ചൊല്ലിയുള്ള തർക്കങ്ങളും ഗ്രൂപ്പ് തർക്കങ്ങളും ഭിന്നതകളും ഘടക കക്ഷികളിലെ അസംതൃപ്തിയും മാത്രമല്ല ട്വന്റി20 ഉയർത്തിയ വെല്ലുവിളിയും നേരിട്ടാണു വിജയം. കാരണങ്ങൾ വ്യക്തമാകാത്ത പരാജയമാണു എൽഡിഎഫിനു നേരിടേണ്ടിവന്നത്. സ്ഥാനാർഥിത്വം ഉറപ്പിച്ച് ആദ്യഘട്ട പ്രചാരണം പോലും ആരംഭിച്ച കോൺഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കന്റെ ഒഴിവിലേക്കാണു മാത്യു കുഴൽനാടൻ മൂവാറ്റുപുഴയിൽ എത്തുന്നത്.

അപ്പോഴേക്കും എൽഡിഎഫ് സ്ഥാനാർഥി എൽദോ ഏബ്രഹാം പ്രചാരണത്തിൽ വളരെ അധികം മുന്നോട്ടു പോയി. കോൺഗ്രസിലെ ഗ്രൂപ്പുകളെയും ഘടക കക്ഷികളെയും ഒരുമിച്ചു നിർത്തി യുവജന പ്രസ്ഥാന കൂട്ടായ്മയുടെ തേരിലേറി നടത്തിയ നീക്കങ്ങളും തന്ത്രങ്ങളും മാത്യുവിന്റെ നിയമസഭയിലേക്കുള്ള കന്നി വിജയം ഉറപ്പാക്കുകയായിരുന്നു. കോൺഗ്രസിലെ ഇരു ഗ്രൂപ്പുകളെയും കൂടെനിർത്താൻ കഴിഞ്ഞതും ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നു ലഭിച്ച പിന്തുണയും മാത്യുവിന്റെ വിജയത്തിനു കൂട്ടായി.

കാർഷിക മേഖലയിലെ പ്രതിസന്ധിയും വികസന മുരടിപ്പും ചൂണ്ടിക്കാട്ടിയുള്ള പ്രചാരണം ജനമനസ്സുകളെ സ്വാധീനിച്ചു. ആരക്കുഴ, മഞ്ഞള്ളൂർ, കല്ലൂർക്കാട് പഞ്ചായത്തുകളിൽ പൈനാപ്പിൾ കാർഷിക മേഖല നേരിടുന്ന പ്രശ്നങ്ങൾ ചർച്ചയാക്കി.  സ്വന്തം തട്ടകമായ പായിപ്രയിൽ എണ്ണൂറു വോട്ടു ലീഡ് നേടിയെങ്കിലും കഴിഞ്ഞ തവണ നേടിയ 2900 വോട്ടിന്റെ ലീഡിന്റെ അടുത്തെങ്ങും സിറ്റിങ് എംഎൽഎയായ എൽഡിഎഫ് സ്ഥാനാർഥിക്ക് എത്താൻ കഴിയാതിരുന്നതോടെ സൂചനകൾ വ്യക്തമായിരുന്നു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com