ചീരയെന്നു കരുതി ഉമ്മത്തിന്റെ ഇല കറിവച്ചു; വീട്ടമ്മയ്ക്കും കൊച്ചുമകൾക്കും അപസ്മാരലക്ഷണങ്ങളും കടുത്ത പനിയും

scribus_temp_PkIkJq
ചീരയ്ക്കു സമാനമായ ഉമ്മത്തിന്റെ ഇല.
SHARE

കൊച്ചി ∙ ചീരയാണെന്നു തെറ്റിദ്ധരിച്ചു പറമ്പിലെ ഉമ്മത്തിന്റെ ഇലകൊണ്ടു കറിയുണ്ടാക്കിക്കഴിച്ച വീട്ടമ്മയ്ക്കും കൊച്ചുമകൾക്കും ഭക്ഷ്യവിഷബാധ. ഇരുവരും ഗുരുതരാവസ്ഥ മറികടന്ന് ആശുപത്രിവിട്ടു. വാഴക്കുളം സ്വദേശിനിയും പേരക്കുട്ടിയും മണിക്കൂറുകളുടെ ഇടവേളയിലാണ് അപസ്മാര സമാനലക്ഷണങ്ങളും ഛർദിയുമായി ആശുപത്രിയിൽ എത്തിയത്. കിടപ്പുരോഗിയായ അപ്പൂപ്പനും അമ്മൂമ്മയ്ക്കുമൊപ്പമായിരുന്നു പതിനാലുകാരി. ലോക്ഡൗൺ കാലമായതിനാൽ പറമ്പിലെ ചീരയെടുത്ത് വീട്ടമ്മ കറിയുണ്ടാക്കി. അതുകഴിച്ച് അൽപസമയത്തിനകം അവർ ഗുരുതരാവസ്ഥയിലായി. മകളും കുടുംബവുമെത്തിയാണ് അവരെ ആശുപത്രിയിലാക്കിയത്.

മണിക്കൂറുകൾക്കകം കുട്ടിക്കും സമാന രോഗബാധയുണ്ടായി. അയൽവാസികളാണ് ആലുവ രാജഗിരി ആശുപത്രിയിൽ എത്തിച്ചത്. അപസ്മാരലക്ഷണങ്ങളും കടുത്ത പനിയും ഉണ്ടായിരുന്നു. കൃഷ്ണമണികൾ വികസിച്ചിരുന്നു. മസ്തിഷ്കജ്വരത്തിന്റെ ലക്ഷണങ്ങളുണ്ടായിരുന്നു. കുട്ടിയുടെ മാതാപിതാക്കൾ എവിടെയെന്നും എന്തുഭക്ഷണമാണു കഴിച്ചതെന്നുമുള്ള ഡോക്ടറുടെ ചോദ്യത്തിൽ നിന്നാണ് ഉമ്മത്തിന്റെ ഇലയാണു കാരണമെന്നു കണ്ടെത്തിയത്. അതോടെ ഫലപ്രദമായ ചികിത്സ നൽകാനായി. അമ്മൂമ്മയെ ആശുപത്രിയിലേക്കു കൊണ്ടുപോയശേഷം താൻ ചോറും കറിയും എടുത്തു കഴിച്ചെന്നു കുട്ടി പറഞ്ഞു. സമാനമായ ലക്ഷണങ്ങളോടെ അമ്മൂമ്മയെ മറ്റൊരു ആശുപത്രിയിലേക്കു കൊണ്ടുപോയതായി പരിസരവാസികൾ ഡോക്ടറെ അറിയിച്ചു.

ഉടൻ ആമാശയത്തിൽനിന്നു ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളെടുത്താണു വിഷബാധ സ്ഥിരീകരിച്ചത്. രാജഗിരിയിലെ എമർജൻസി വിഭാഗം കൺസൽറ്റന്റ് ഡോ. ജൂലിയസ്, പീഡിയാട്രിക് കൺസൽട്ടന്റ് ഡോ. ബിപിൻ ജോസ് എന്നിവരാണു ചികിത്സിച്ചത്. 2 ദിവസത്തിനുശേഷമാണു കുട്ടി അപകടനില തരണം ചെയ്തത്.   കിടപ്പുരോഗിയായ അപ്പൂപ്പന് ദ്രവരൂപത്തിലുള്ള ഭക്ഷണം നൽകിയതിനാൽ ഉമ്മത്തിന്റെ ഇല അദ്ദേഹം കഴിച്ചിരുന്നില്ല.

ഉമ്മത്തിന്റെ ഇല

പച്ചച്ചീരയുടെ ഇലയോടു സാമ്യമേറെ ഉള്ളതാണ് ഡാറ്റ്യൂറ ഇനോക്സിയ എന്നു ശാസ്ത്രീയ നാമമുള്ള ഉമ്മത്തിന്റെ ഇല. തണ്ടുകൾക്ക് ഇളംവയലറ്റ് നിറം. തൈ കണ്ടാൽ ചീരയാണെന്നു തോന്നും. കന്നുകാലികൾ കഴിച്ചാലും മാരകമാകും. 2017ലും സമാനമായ കേസ് രാജഗിരിയിൽ ചികിത്സിച്ചിരുന്നു. അന്ന് കുടുംബാംഗങ്ങൾ സംശയംതോന്നി ചെടി ആശുപത്രിയിൽ എത്തിച്ചിരുന്നു. ലോക്ഡൗൺ കാലത്ത് പറമ്പിൽ നിന്നുള്ള ചെടികൾ ഇലക്കറികൾ ആക്കുമ്പോൾ ജാഗ്രത വേണമെന്നു ഡോ. ബിപിൻ ജോസ് പറഞ്ഞു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ernakulam
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA