ADVERTISEMENT

പെരുമ്പാവൂർ ∙ പകൽ മുഴുവൻ ബൈക്കിൽ ചുറ്റിത്തിരിയുന്ന അമ്മയും മകനും. രാത്രി കെട്ടിടങ്ങളുടെ മുകൾ നിലയിലെ വരാന്തകളിലോ ഒഴിഞ്ഞ മുറികളിലോ ഉറക്കം. ഭൂസ്വത്തിനു‌ടമയായിരുന്ന ഇരിങ്ങോൾ കുഴിപ്പിള്ളി (എടപ്പിള്ളിക്കുടി) പരേതനായ കെ.ജി.നീലകണ്ഠപ്പിള്ളയുടെ മകൾ തങ്കമണിയും (51) മകൻ വിനീതും (26) ആണ് 2 വർഷമായി ഇൗ ജീവിതം നയിക്കുന്നത്. വിമുക്തഭടനും വിഷവൈദ്യനും നിലത്തെഴുത്താശാനും ആയിരുന്നു നീലകണ്ഠപ്പിള്ള. നഗരസഭാ പരിധിയിലുള്ള ഇരിങ്ങോളിൽ 3.5 ഏക്കർ സ്ഥലം ഇദ്ദേഹത്തിനുണ്ടായിരുന്നു.

ഇവിടെ നെൽകൃഷിയും മറ്റു കൃഷികളുമുണ്ടായിരുന്നു. വീടും തൊഴുത്തുമൊക്കെയുള്ള പറമ്പായിരുന്നു ഇത്. 3 പെൺമക്കളിൽ ഇളയതാണ് തങ്കമണി. മൂത്ത സഹോദരിമാർ അകാലത്തിൽ മരിച്ചു.  തങ്കമണിയുടെ ഭർത്താവ് സോമശേഖരൻ നായർ അപകടത്തിലും മൂത്ത മകൻ വിബീഷ് രോഗ ബാധിതനായും മരിച്ചു.കണ്ണായ സ്ഥലം പ്രതീക്ഷിച്ച വില ലഭിക്കാതെ വിൽക്കേണ്ടി വന്നതായി ഇവർ പറയുന്നു. വിറ്റു കിട്ടിയ പണം കൊണ്ട് സ്ഥലവും വീടും വാങ്ങിയെങ്കിലും അതും വിൽക്കേണ്ടി വന്നു. അച്ഛന്റെ മരണ ശേഷം വാടക വീടുകളിലായി താമസം. വാടക കൊടുക്കാൻ നിവൃത്തിയില്ലാതായപ്പോൾ തെരുവിലായി ജീവിതം.

ആരാധനാലയങ്ങളിൽ അടക്കം ലഭിക്കുന്ന സൗജന്യ ഭക്ഷണമാണ് ഇവരുടെ ആശ്രയം. ആഹാരം കിട്ടുന്ന സ്ഥലങ്ങളിൽ എത്തിപ്പെടാനാണ് െബെക്ക്. ആരെങ്കിലും സഹായിക്കുന്നതു കൊണ്ടാണ് ഇന്ധനം അടിക്കുന്നത്. ലോക്ഡൗൺ വന്നതോടെ സമൂഹ അടുക്കളകളിൽ നിന്നു ഭക്ഷണം വാങ്ങും. പരിചയമുള്ളവർ വസ്ത്രങ്ങളും മറ്റും നൽകി സഹായിക്കും. പ്രായമായ അമ്മയെ സുരക്ഷിതമായി താമസിപ്പിച്ചിട്ടു വേണം മകനു ജോലിക്കു പോകാൻ. കടത്തിണ്ണകളിൽ ഇരുത്തി എങ്ങനെ സമാധാനമായി പോകാൻ കഴിയുമെന്നാണ് ഈ മകന്റെ ചോദ്യം. 427 മാർക്കു വാങ്ങി എസ്എസ്എൽസി പാസായ വിനീതിനു പിന്നെ പഠിക്കാനായിട്ടില്ല.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com