ADVERTISEMENT

പാലക്കാട്ടെ ഓരോ പൊലീസുകാരന്റെയും ശരീര അളവുകൾ മുട്ടിക്കുളങ്ങര കടമ്പടിപ്പുര കെ.എസ്. സുരേഷിനു മനഃപാഠമാണ്. സുരേഷ് പൊലീസുകാരനല്ല, 29 വർഷമായി കാക്കി സ്പെഷലിസ്റ്റാണ്; പൊലീസുകാരുടെ സ്വന്തം തുന്നൽക്കാരനാണ്. പൊലീസ് മാത്രമല്ല ഫയർഫോഴ്സ്, എക്സൈസ്, മോട്ടർ വാഹന വകുപ്പ്, വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും സ്റ്റുഡന്റ് പൊലീസ് കെഡറ്റുകളുടെയും യൂണിഫോം തയ്ക്കുന്നുണ്ട്. വകുപ്പും പദവിയുമനുസരിച്ചുള്ള നിറവ്യത്യാസവും തുന്നിച്ചേർക്കേണ്ട അധികാര ചിഹ്നങ്ങളും കാണാപ്പാഠം.

പാന്റ്സ് ആക്കുന്നതിനു മുൻപുള്ള പൊലീസിന്റെ കാക്കി ട്രൗസറുകളും അദ്ദേഹം തയ്ച്ചു നൽകിയിട്ടുണ്ട്. 1982ലാണു കേരള പൊലീസിനു ട്രൗസർ മാറ്റി പാന്റ്സ് ആക്കുന്നത്. മാറ്റം വരുന്നതിനു മുൻപുള്ള ഐപിഎസ്സുകാരുടേതുൾപ്പെടെ എല്ലാ പഴയ യൂണിഫോമുകളും സുരേഷ് സൂക്ഷിച്ചിട്ടുണ്ട്. പതിവായി യൂണിഫോം തുന്നുന്നയാൾ എന്ന നിലയിൽ കുടുംബവുമായി പാസിങ് ഔട്ട് പരേഡ് കാണാനും അവസരം കിട്ടാറുണ്ട്. 

കുട്ടിക്കാലത്തെ പൊലീസ് ബന്ധം

സുരേഷിന്റെ പൊലീസ് ബന്ധം തുടങ്ങുന്നതു 13ാം വയസ്സിലാണ്. അന്നു മുട്ടിക്കുളങ്ങര കെഎപി–2 ബറ്റാലിയൻ ക്യാംപ് ആരംഭിച്ചു രണ്ടു വർഷം തികഞ്ഞിട്ടേയുള്ളൂ. യൂണിഫോം തയ്ക്കുന്ന സ്പെഷലിസ്റ്റുകൾ ഇല്ലാതിരുന്നതിനാൽ പരിശീലനത്തിനെത്തിയിരുന്ന പൊലീസുകാർ തൃശൂർ വിയ്യൂരിൽ നിന്നാണു യൂണിഫോം തയ്ച്ചിരുന്നത്. 1979ൽ വീടിനടുത്തുള്ള ബന്ധു ക്യാംപിനു സമീപം തുന്നൽ കട തുടങ്ങിയതോടെ സുരേഷ് അവിടെ സഹായിയായെത്തി. ക്യാംപിൽ പൊലീസുകാരുടെ യൂണിഫോമിന് അളവെടുക്കലായിരുന്നു ജോലി. ആദ്യമൊക്കെ കാക്കി കണ്ടാൽ പേടിയായിരുന്നെന്നു സുരേഷ് ഓർക്കുന്നു. പിന്നീട് കമൻഡാന്റ് ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥരുമായി നല്ല ബന്ധമായി. ബന്ധുവിന്റെ കാലശേഷം സുരേഷ് പുതിയ കട തുടങ്ങി. ജില്ലാ പൊലീസ് മേധാവി, പൊലീസ് കമൻഡാന്റ് ഉൾപ്പെടെ ആയിരക്കണക്കിനു പൊലീസുകാർക്കു യൂണിഫോം തയ്ച്ചു നൽകി. ഇതിൽ സംസ്ഥാന പൊലീസ് മേധാവിമാരായി വിരമിച്ചവരുമുണ്ട്. 

തയ്ക്കാൻ ഇത്തിരി കടുപ്പം

സാധാരണ ഷർട്ട് തയ്ക്കുന്നതിലും കടുപ്പമാണു പൊലീസ് യൂണിഫോം തയ്ക്കാനെന്നു സുരേഷ് പറയുന്നു.    അളവിനു പുറമേ യൂണിഫോമിലെ തുണിയിലും പോക്കറ്റിലും വരെ വ്യത്യാസമുണ്ട്. ക്യാംപ്, ലോക്കൽ പൊലീസ്, ട്രാഫിക് പൊലീസ് അങ്ങനെ വിഭാഗങ്ങൾ മാറുമ്പോൾ ഷർട്ടിന്റെയും പാന്റിന്റെയും നിറത്തിലും പോക്കറ്റിലും വ്യത്യാസം വരും. പോക്കറ്റുകൾക്കു പ്രസ് ബട്ടണുകളാണ്. ഷോൾഡറിൽ റിബൺ, സ്റ്റാർ തുടങ്ങി അധികാര ചിഹ്നങ്ങൾ വയ്ക്കാനുള്ള ഷോൾഡർ ഫ്ലാപ് വരെ കൃത്യതയോടെ തയ്ക്കണം. പദവി മാറുന്നതിനനുസരിച്ചു തോളിലെ നക്ഷത്രങ്ങളുടെ എണ്ണത്തിനു മാറ്റം വരുന്നതിനാൽ ഇവയ്ക്കനുസരിച്ചു ഷോൾഡർ ഫ്ലാപ്പുകൾ തയ്ക്കണം.

ട്രൗസറായിരുന്ന കാലത്ത് ഇതിലും ബുദ്ധിമുട്ടായിരുന്നെന്നു സുരേഷിന്റെ സഹായി എ. നാരായണൻ ഓർമിക്കുന്നു. ‘കാൻവാസ് സ്ട്രിപ് ഒട്ടിച്ചു ലൈനിങ് ഒക്കെ വച്ചു തയ്ച്ചെടുക്കുന്ന ട്രൗസർ മേശയിൽ വടിപോലെ നിൽക്കുമായിരുന്നു, അല്ല നിൽക്കണമായിരുന്നു. അതൊക്കെ വച്ചു നോക്കുമ്പോൾ ഇന്നത്തെതൊന്നും ഒരു കഷ്ടപ്പാടേ അല്ല.’ 

കാക്കി സ്പെഷലിസ്റ്റുകൾ

പൊലീസ് ക്യാംപിനെ ആശ്രയിച്ചു കഴിയുന്ന ഒട്ടേറെ തയ്യൽക്കാരുണ്ട് മുട്ടിക്കുളങ്ങരയിലും കല്ലേക്കാടും. മിക്കവരും പരമ്പരാഗതമായി പൊലീസ് യൂണിഫോം തുന്നി ജീവിക്കുന്നവർ. പരിശീലനത്തിനെത്തുന്ന പൊലീസുകാർ ക്യാംപിൽ കയറും മുൻപ് ആദ്യമെത്തുന്നത് ഈ തുന്നൽ കടകളിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com