ഭീഷണി ഉയർത്തുന്ന കേബിളുകളും, പോസ്റ്റുകളും നീക്കം ചെയ്യും; മൂവാറ്റുപുഴയുടെ മുഖഛായ മാറ്റാൻ ഗാർഡൻ സിറ്റി പദ്ധതി

ഗാർഡൻ സിറ്റിയുടെ ഭാഗമായി രൂപകൽപന ചെയ്ത ചാലിക്കടവ് ബൈപാസ് പ്രവേശന കവാടം
SHARE

മൂവാറ്റുപുഴ∙ നഗര സൗന്ദര്യത്തിൽ സുൽത്താൻ ബത്തേരി മാതൃക പിന്തുടരുകയാണ് മൂവാറ്റുപുഴ. രാജ്യാന്തര വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാറിന്റെ പ്രവേശന കവാടമായ മൂവാറ്റുപുഴ നഗരത്തിന്റെ മുഖഛായ മാറ്റാൻ ഗാർഡൻ സിറ്റി പദ്ധതിയാണ് മൂവാറ്റുപുഴയിൽ നടപ്പാക്കുന്നത്. പരിസ്ഥിതി സംഘടനയായ ടീം ഫോർ റൂറൽ ഇക്കോളജിയുമായി (ട്രീ) സഹകരിച്ചാണ് നഗരസഭ പദ്ധതി നടപ്പാക്കുന്നത്. നാളെ പദ്ധതിക്ക് തുടക്കമാകുമെന്ന് നഗരസഭ ചെയർമാൻ പി.പി.എൽദോസ് പറഞ്ഞു.

പൊതുമരാമത്ത്, പൊലീസ്, ജല അതോറിറ്റി, കെഎസ്ഇബി തുടങ്ങിയ സർക്കാർ വകുപ്പുകളുടെ സഹകരണവും പദ്ധതിക്കായി ലഭ്യമാക്കിയിട്ടുണ്ട്. ആദ്യഘട്ടമെന്ന നിലയിൽ നഗരത്തിലെ മുഴുവൻ മീഡിയനുകളിലും പുൽത്തകിടികളും ചെടികളും നട്ടുപിടിപ്പിക്കും. ലോകോത്തര ശ്രദ്ധ നേടിയിട്ടുള്ള മെക്സിക്കൻ ഗ്രാസ് ആണ് ഇതിനായി ഉപയോഗിക്കുന്നത്. സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി മീഡിയനുകളുടെ അറ്റകുറ്റപ്പണികൾ നടത്തും.

തകർന്നു കിടക്കുന്ന കമ്പിവേലികൾ നീക്കം ചെയ്യും. മീഡിയനിലെ മണ്ണ് പുല്ലു വളരാൻ അനുയോജ്യമാക്കി മാറ്റും. നഗരത്തിൽ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നതും കാൽനട കാൽനടയാത്രക്കാർക്ക് ഭീഷണി ഉയർത്തുന്നതുമായ കേബിളുകൾ, പോസ്റ്റുകൾ തുടങ്ങിയവ നീക്കം ചെയ്യും. അനധികൃതമായി മീഡിയനുകളിലും വൃക്ഷങ്ങളിലും സ്ഥാപിച്ചിട്ടുള്ള മുഴുവൻ പരസ്യ ബോർഡുകളും ഒഴിവാക്കും.

പദ്ധതിയുടെ ഭാഗമായി മർച്ചന്റ് അസോസിയേഷൻ നേതൃത്വത്തിൽ മുഴുവൻ കച്ചവട സ്ഥാപനങ്ങളിലും പൂച്ചെടികൾ നട്ടുവളർത്തി മനോഹരമാക്കും. 5 വർഷത്തേക്ക് പദ്ധതിയുടെ പരിപാലനവും ട്രീ സൗജന്യമായി നിർവഹിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ernakulam
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA