പകയിൽ പൊലിഞ്ഞത്; മാനസയുടെയും രഖിലിന്റെയും മൃതദേഹങ്ങൾ കൈമാറി

ഡോ. പി.വി. മാനസയുടെ മൃതദേഹം പൊലീസ് ഇൻക്വസ്റ്റിനു ശേഷം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജിലേക്കു കൊണ്ടു പോകുന്നു.
SHARE

കോതമംഗലം∙ വെടിയേറ്റു മരിച്ച ഡോ. പി.വി. മാനസയുടെയും കൊലപാതകത്തിനു ശേഷം സ്വയം നിറയൊഴിച്ചു മരിച്ച രഖിൽ‍ പി. രഘൂത്തമന്റെയും മൃതദേഹങ്ങൾ ഇന്നലെ ഉച്ചയോടെയാണ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി എറണാകുളം ഗവ. മെഡിക്കൽ കോളജിലേക്ക് പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയത്. മൃതദേഹം സൂക്ഷിച്ചിരുന്ന കോതമംഗലം മാർ ബസേലിയോസ് ആശുപത്രി മോർച്ചറിയിലായിരുന്നു ഇൻക്വസ്റ്റ് നടപടികൾ.

രാവിലെ ഒൻപതരയോടെ ഫൊറൻസിക് വിഭാഗം ഉദ്യോഗസ്ഥ രശ്മി കൃഷ‌്ണപിള്ള, വിരലടയാള വിദഗ്ധൻ വി.എൽ. അഭിലാഷ്, പൊലീസിലെ ആയുധ വിദഗ്ധരായ വി.എസ്. മിഥുൻകുമാർ, പി.ജി. രത‌ീഷ്കുമാർ എന്നിവരടങ്ങുന്ന സംഘം ആശുപത്രിയിലെത്തി മൃതദേഹങ്ങൾ പരിശോധിച്ചു. ഇന്നലെ പുലർച്ചയോടെ തന്നെ മരണവിവരം അറിഞ്ഞു മാനസയുടെ പിതൃസഹോദരനും അമ്മാവനും കോതമംഗലത്ത് എത്തി.

രഖിലിന്റെ സഹോദരൻ രാഹുലും സുഹൃത്തുക്കളും രാവിലെ എത്തി. മൂവാറ്റുപുഴ ഡിവൈഎസ്പി മുഹമ്മദ് റിയാസ്, കോതമംഗലം ഇൻസ്പെക്ടർ വി.എസ്‌. വിപിൻ എന്നിവർ ഇൻക്വസ്റ്റ് നടപടികൾക്കു നേതൃത്വം നൽകി. ആന്റണി ജോൺ എംഎൽഎയും ആശുപത്രിയിൽ എത്തിയിരുന്നു. എറണാകുളം ഗവ.മെഡിക്കൽ കോളജിൽ മൂന്നരയോടെയാണ് പോസ്റ്റുമോർട്ടം തുടങ്ങിയത്. 6.45 നു പൂർത്തിയാക്കി. രാസപരിശോധനയ്ക്കുള്ള ശരീരകലകളുടെ സാംപിളുകൾ ശേഖരിച്ചു‌. രാത്രി എട്ടുമണിയോടെ ഇരുവരുടെയും മൃതദേഹങ്ങൾ ബന്ധുക്കൾക്കു വിട്ടുകൊടുത്തു.

പുതിയതെരുവിലെ വീട്ടിലും കണ്ണീരോണം

കണ്ണൂർ∙ 10 ദിവസം കഴിഞ്ഞാൽ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവരാനിരുന്ന കുഞ്ഞാണ്... ഓണത്തിന് എന്റെ അടുത്തുണ്ടാവുമെന്ന് ഉറപ്പു പറഞ്ഞാണ് രണ്ടാഴ്ച മുൻപ് അവൾ വീട്ടിൽ നിന്നിറങ്ങിയത്. ഒന്നര മാസത്തെ ഹൗസ് സർജൻസി വേണ്ടെന്നുവച്ചിരുന്നെങ്കിൽ എന്റെ കുഞ്ഞിനെ രക്ഷിക്കാമായിരുന്നു. മാനസയുടെ മുത്തശ്ശി പത്മിനിയുടെ തേങ്ങൽ അടങ്ങുന്നില്ല. മുത്തശ്ശിയുടെ ഒരേയൊരു കൊച്ചുമകളാണ് മാനസ. മാനസയുടെ അമ്മയുടെ രണ്ടു സഹോദരൻമാർക്കും കുട്ടികളില്ല. മാനസയും അനുജൻ അശ്വന്തും മാത്രമാണ് പുതിയതെരുവിലുള്ള അമ്മവീട്ടിലെ പേരക്കുട്ടികൾ.

അമ്മവീടുമായി മാനസയ്ക്കു വലിയ അടുപ്പമുണ്ടായിരുന്നു. അവധിക്കു നാട്ടിലെത്തിയാൽ പകുതിയിലേറെ ദിവസങ്ങൾ ചെലവഴിക്കുന്നതും അമ്മ വീട്ടിലാണ്. ഭീഷണിയുണ്ടായിരുന്ന് അറിഞ്ഞിരുന്നെങ്കിൽ മാനസയെ എറണാകുളത്തേക്കു വിടില്ലായിരുന്നെന്നും മാനസയുടെ ബന്ധുക്കൾ പറയുന്നുണ്ട്. മൂന്നാഴ്ച മുൻപ് കണ്ണൂർ എസിപി പി.പി.സദാനന്ദന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയ്ക്കു ശേഷം മാനസയുടെ മാതാപിതാക്കളോട് രഖിൽ മാപ്പു പറഞ്ഞിരുന്നതായും ബന്ധുക്കൾ പറയുന്നു. എല്ലാ ദിവസവും വീട്ടിലേക്കു വിളിച്ചിരുന്ന മാനസ പിന്നീട് ശല്യമുണ്ടായതായി മാതാപിതാക്കളോട് പറഞ്ഞിരുന്നോ എന്ന കാര്യത്തിൽ ബന്ധുക്കൾക്കും വ്യക്തതയില്ല.

നെല്ലിക്കുഴി ഓർക്കുന്നു; മാനസ എന്ന മിടുക്കിയെ

കോതമംഗലം∙ വെടിയൊച്ചകേട്ടു നടുങ്ങിയ നെല്ലിക്കുഴിക്കു ഇന്നലെ നേരം പുലർന്നിട്ടും ദാരുണ സംഭവം വിശ്വസിക്കാനായിട്ടില്ല. ബിഡിഎസ് കോഴ്സിനായി നെല്ലിക്കുഴിയിൽ വന്നതു മുതൽ 5 വർഷമായി കോളജിനു പരിസരത്തുള്ള കടക്കാർക്കും സമീപവാസികൾക്കും മാനസയെ പരിചയമുണ്ട്. പാവം കുട്ടി, മിടുക്കി കുട്ടി എന്നൊക്കെയാണ് അവർക്ക് മാനസയെക്കുറിച്ചു പറയാനുള്ളത്. ഫോൺ റീചാർജ് ചെയ്യാനും ബ്യൂട്ടി പാർലറിലും തൊട്ടടുത്ത ബിരിയാണിക്കടയിലുമെല്ലാം ഇടയ്ക്കൊക്കെ വന്ന് സൗഹൃദം പങ്കിട്ടുപോയിരുന്നു മാനസ. പേയിങ് ഗസ്റ്റായി താമസിക്കുന്ന വീടിന്റെ ഉടമസ്ഥനും ഇതേ കാര്യങ്ങൾ തന്നെയാണ് പറയാനുള്ളത്.

അപ്രതീക്ഷിത സംഭവങ്ങളുടെ ഞെട്ടലിലാണ് ഇപ്പോഴും അദ്ദേഹവും കുടുംബാംഗങ്ങളും. മാനസ താമസിച്ചിരുന്ന രണ്ടാം നിലയിലേക്കുള്ള പടവുകളും മുറികളും പൊലീസ് മുദ്രവച്ചിരിക്കുകയാണ്. ഇന്ദിരാഗാന്ധി ഡെന്റൽ കോളജിന് ഇന്നലെ അവധിയായിരുന്നു. ഗേറ്റിൽ മാനസയ്ക്ക് ആദരാഞ്ജലി അർപ്പിച്ചുള്ള ഫ്ലെക്സും കറുത്ത കൊടിയും സ്ഥാപിച്ചിരുന്നു. രഖിൽ താമസിച്ചിരുന്ന ഒറ്റമുറിയിലെ ചെറിയ കട്ടിലിൽ വസ്ത്രങ്ങൾ ചിതറിക്കിടപ്പുണ്ട്. മടക്കിയ ഏതാനും വസ്ത്രങ്ങൾ അലമാരയിൽ വച്ചിട്ടുള്ളതല്ലാതെ മുറിയിൽ മറ്റൊന്നുമില്ല. കുറച്ചു ദിവസങ്ങളായി രഖിൽ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി ഇന്നലെ ആശുപത്രിയിലെത്തിയ അനുജൻ രാഹുൽ പറഞ്ഞു.

പകയെരിയും മനസ്സോടെ മൂന്നാഴ്ച

കണ്ണൂർ∙ മൂന്നാഴ്ച മുൻപു കണ്ണൂർ എസിപി ഓഫിസിൽ വച്ചു നടന്ന ചർച്ചയ്ക്കു ശേഷം, വെള്ളിയാഴ്ച വൈകിട്ടു വരെ മാനസയുടെയും രഖിലിന്റെയും മാതാപിതാക്കൾ കരുതിയതു കുട്ടികൾ തമ്മിലുള്ള പ്രശ്നങ്ങൾ‌ അവസാനിച്ചു എന്നാണ്. എന്നാൽ ഈ മൂന്നാഴ്ചക്കാലം രഖിലിന്റെയുള്ളിൽ എരിഞ്ഞത് മാനസയോടുള്ള കടുത്ത പകയായിരുന്നു. കടുത്ത നിരാശയും രഖിലിനെ ബാധിച്ചിരുന്നു. കൊലപാതക, ആത്മഹത്യാ ചിന്തകൾ ഉടലെടുക്കുന്നതും ഇതു നടപ്പാക്കാനുള്ള ആസൂത്രണം നടത്തിയതും ഈ സമയത്തായിരുന്നു. രഖിലിന്റെ ഉള്ളിൽ പകയും നിരാശയും കൂടുന്നതായും ഉടൻതന്നെ കൗൺസലിങ് നൽകണമെന്നു വീട്ടുകാരോട് സുഹൃത്ത് ആദിത്യൻ പറഞ്ഞിരുന്നു.

എന്നാൽ, വീട്ടുകാരുടെ മുൻപിൽ നിരാശയോ വിഷമമോ ഇല്ലെന്നു കാണിക്കാനുള്ള ശ്രമമാണ് രഖിൽ നടത്തിയത്. വീട്ടിലെത്തുമ്പോൾ മാനസയുമായി അകൽച്ചയുണ്ടായതിൽ തനിക്കു വിഷമമില്ലെന്ന് അമ്മയോടു പറഞ്ഞിരുന്നു. തനിക്കു വേറെ വിവാഹം ആലോചിച്ചോളൂ എന്നും മാതാപിതാക്കളോടു പറഞ്ഞു. ഇതനുസരിച്ച് രഖിലിന്റെ മാതാപിതാക്കൾ ഓൺലൈനായി മാട്രിമോണിയൽ സൈറ്റിൽ റജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. ബിസിനസ് ആവശ്യങ്ങൾക്കായി ബെംഗളൂരുവിലും കൊച്ചിയിലുമൊക്കെ ഇടയ്ക്കിടെ പോകാറുണ്ടെന്ന് വീട്ടുകാർക്ക് അറിയാമായിരുന്നു. കണ്ണൂർ പള്ളിയാൻമൂലയിലുള്ള പിതൃസഹോദരിയുടെ വീട്ടിലും രഖിൽ താമസിക്കാറുണ്ടായിരുന്നു. അതുകൊണ്ടുതന്നെ രഖിലിന്റെ നീക്കങ്ങളിലൊന്നും മാതാപിതാക്കൾക്കു സംശയം തോന്നിയിരുന്നില്ല. അതേസമയം മാനസയുടെ മാതാപിതാക്കൾ രഖിലിന്റെ ശല്യം ഇനിയുണ്ടാവില്ലെന്ന പ്രതീക്ഷയിലായിരുന്നു.
 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ernakulam
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA