ADVERTISEMENT

കൊച്ചി ∙ റോഡുകളിൽ ബസുകൾക്കു മുൻഗണന വരുന്നു. കൊച്ചി മെട്രോപ്പൊലിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി നടപ്പാക്കുന്ന ബസ് റൂട്ട് പുനഃക്രമീകരണത്തിലെ പ്രധാന നിർദേശങ്ങളിലൊന്നു ബസുകൾക്കു റോഡിൽ പ്രത്യേക പരിഗണന നൽകുകയെന്നത്. സിഗ്നലുകളിൽ ബസുകൾ കാത്തുനിൽക്കേണ്ടിവരില്ല. അതേ ട്രാക്കിലെ മറ്റു വാഹനങ്ങൾക്ക് ഇൗ ഇളവില്ല. ആംബുലൻസിനും ഫയർഎൻജിനും മറ്റു വാഹനങ്ങൾ മാറിക്കൊടുക്കുന്നതുപോലെ ബസുകൾക്കും നിയമപ്രകാരമുള്ള മുൻഗണന ലഭിക്കും. ബസ് സ്റ്റോപ്പുകളിൽ ബസ് ബേ നിർമിക്കും.

നിലവിൽ 5 റോഡുകളാണു നിർദേശിച്ചിട്ടുള്ളതെങ്കിലും പാസഞ്ചർ സർവേയ്ക്കു ശേഷം കൂടുതൽ റോഡുകൾ ഉൾപ്പെടുത്തും.അടുത്തവർഷം മാർച്ചിൽ ഇതു സംബന്ധിച്ച റിപ്പോർട്ട് പൂർത്തിയാവും. ഓരോ റൂട്ടിലും ഓടുന്ന ബസുകൾക്കും ബസ് സ്റ്റോപ്പുകൾക്കും നമ്പർ, ബസുകളെ സംബന്ധിച്ച മുഴുവൻ വിവരവും യാത്രക്കാരനു ലഭിക്കുന്ന ആപ്പ് തുടങ്ങി ഒട്ടേറെ കാര്യങ്ങൾ റൂട്ട് പുനഃക്രമീകരണത്തിന്റെ ഭാഗമായുണ്ട്. ജിസിഡിഎ, ജിഡ പരിധിയിലുള്ള സ്ഥലങ്ങളിൽ ഇതു നടപ്പാക്കും. ബസുകൾക്കു മാത്രമായി പ്രത്യേകം ട്രാക്ക് മാറ്റിവയ്ക്കാൻ റോഡിൽ സ്ഥലമില്ലാത്തതിനാൽ റോഡിൽ ബസിനു മുൻഗണന നൽകാനേ കഴിയൂ.

കേരളത്തിനു പുറത്തു വലിയ നഗരങ്ങളിൽ ഉള്ളതുപോലെ ഓരോ റൂട്ടിനും പ്രത്യേകം നമ്പർ എന്ന രീതി കൊണ്ടുവരാനാണ് ആലോചന. ബസ് സ്റ്റോപ്പുകളും ഇതിന് അനുബന്ധമായി നമ്പറുകളിലേക്കു മാറും. ഇതോടെ ബസുകളിൽ ഇ ടിക്കറ്റിങ് എളുപ്പമാകും. സ്ഥലപ്പേരുകൾ ഉപയോഗിച്ചുള്ള ഇപ്പോഴത്തെ സംവിധാനം ആപ്പിലേക്ക് ഒതുക്കുമ്പോൾ പരിമിതികളും തെറ്റുവരാനുള്ള സാധ്യതകളുമുണ്ട്. നമ്പറിലേക്കു മാറുമ്പോൾ കാര്യങ്ങൾ എളുപ്പമാകും.

കോവിഡ് ലോക്ഡൗൺ ആയതിനാൽ പാസഞ്ചർ സർവേ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. ഒരേ റൂട്ടിൽ തന്നെ എല്ലാ ബസുകളും വട്ടംകറങ്ങുന്നതിനു പകരം ബസ് റൂട്ടുകളല്ലാത്ത, അതിനു സൗകര്യമുള്ള റോഡുകൾ കൂടി ഉൾപ്പെടുത്തി പുതിയ റൂട്ടുകൾ വരും. പുതിയ പാലങ്ങൾ പലതു വന്നെങ്കിലും അതിലൂടെ ബസ് ഓടുന്നില്ല. പാർപ്പിട കേന്ദ്രങ്ങളെല്ലാം ബസ് റൂട്ടിൽ നിന്നു കിലോമീറ്ററുകൾ അകലെയാണ്. ഇതെല്ലാം റൂട്ട് പുനഃസംഘടനയിൽ പരിഗണിക്കും. വൈപ്പിൻ ബസുകൾക്കു നഗരത്തിലേക്കു പ്രവേശനം അനുവദിക്കുന്നതും പരിഗണനയിലുണ്ട്.

ബസ് മുൻഗണനാ റൂട്ടുകൾ

കൊടുങ്ങല്ലൂർ –എരമല്ലൂർ ( 52 കിലോമീറ്റർ )
പൂത്തോട്ട– അങ്കമാലി ( സീപോർട്ട് എയർപോർട്ട് റോഡ് വഴി 48 കിലോമീറ്റർ )
തോപ്പുംപടി– എംജി റോഡ്– തമ്മനം– കാക്കനാട് ( 25 കിലോമീറ്റർ )
ആലുവ – അങ്കമാലി ( 25 കിലോമീറ്റർ )ഗോശ്രീ– മുനമ്പം ( 30 കിലോമീറ്റർ )

English Summary: Buses do not have to wait at signals; No concessions for other vehicles

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com