ADVERTISEMENT

അരൂർ ∙ മെഡിക്കൽ ഇൻഷുറൻസ് തുക തരപ്പെടുത്താമെന്നു വാഗ്ദാനം നൽകി ചികിത്സയിലുള്ള രോഗികളുടെ ബന്ധുക്കളെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ പ്രതി കോട്ടയം കിടങ്ങൂർ മംഗലത്ത് രതീഷ് (34) അറസ്റ്റിൽ. പട്ടണക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കാൻസർ രോഗിയായ വീട്ടമ്മയുടെ ബന്ധുവിൽ നിന്നു 72,000 രൂപ വാങ്ങിയെന്ന പാരാതിയെ തുടർന്നാണു പ്രതിയെ പട്ടണക്കാട് പൊലീസ് ഏറ്റുമാനൂരിൽ നിന്ന് അറസ്റ്റ് ചെയ്തത്. കോട്ടയം, ഏറ്റുമാനൂർ, കറുകച്ചാൽ, ഗാന്ധി നഗർ തുടങ്ങിയ സ്റ്റേഷനുകളിൽ സമാനമായ കേസുകൾ പ്രതിക്കെതിരെ ഉണ്ട്.

ജാമ്യത്തിലിറങ്ങിയ ശേഷമാണു വീണ്ടും തട്ടിപ്പു തുടങ്ങിയത്. ആലപ്പുഴ മെഡിക്കൽ കോളജിൽ കാർഡിയോ തൊറാസിക് സർജൻ ആണെന്നു പറഞ്ഞാണ്  തട്ടിപ്പു നടത്തിയിരുന്നത്. ചികിത്സയ്ക്കുള്ള പണം ഇൻഷുറൻസ് വഴി നൽകാമെന്നു പറഞ്ഞു മുൻകൂറായി വാങ്ങുകയായിരുന്നു പതിവ്. ഇൻഷുറൻസ് തുക പാസാകുമ്പോൾ വാങ്ങിയ പണം അക്കൗണ്ടിൽ എത്തുമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. പണം വാങ്ങി മുങ്ങുന്ന രതീഷിനെ ഫോണിൽ ബന്ധപ്പെടാൻ നോക്കിയിട്ടും കിട്ടാതായതോടെയാണു പണം നഷ്ടപ്പെട്ടവർ പൊലീസിൽ പരാതി നൽകിയത്.

അരൂർ പൊലീസ് സറ്റേഷൻ പരിധിയിൽ മാവുങ്കൽതറയിൽ ലക്ഷ്മീബായിയുടെ ചികിത്സയ്ക്കു 10 ലക്ഷം രൂപയുടെ ഇൻഷുറൻസ് തരപ്പെടുത്താമെന്നു പറഞ്ഞ് 34,000 രൂപയും മാസങ്ങൾക്കു മുൻപു  രതീഷ് വാങ്ങിയിരുന്നു. 2018ലായിരുന്നു രതീഷ് കബളിപ്പിക്കൽ തുടങ്ങിയത്. കോട്ടയം പനച്ചിക്കാട് ഗ്രാമ പഞ്ചായത്തിൽ സഹപാഠിയായ വീട്ടമ്മയിൽ നിന്നു 8 ലക്ഷം രൂപയും കോട്ടയം ഗാന്ധിനഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നഴ്സിങ് ജോലി തരപ്പെടുത്താമെന്നു പറഞ്ഞ് ഒരു വീട്ടമ്മയിൽ നിന്ന് 7 ലക്ഷം രൂപയും തട്ടിയെടുത്തു. 

കറുകച്ചാൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ  സേനയിൽ ജോലി വാങ്ങി നൽകാമെന്നു പറഞ്ഞ് യുവാവിൽ നിന്ന് 20 ലക്ഷവും മുണ്ടക്കയം സ്വദേശിയായ യുവാവിനു നഴ്സിങ് ജോലി നൽകാമെന്നു പറഞ്ഞ് 7 ലക്ഷവും കിടങ്ങൂർ സ്വദേശികളായ 2 പേരിൽ നിന്നു നഴ്സിങ് ജോലി നൽകാമെന്നു പറഞ്ഞ് 3 ലക്ഷം രൂപയും തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു. കൂടാതെ, തൃശൂർ ഒല്ലൂർ സ്റ്റേഷൻ പരിധിയിൽ 4 ലക്ഷം രൂപയുടെയും പത്തനംതിട്ട ജില്ലയിൽ 90,000 രൂപയുടെയും തട്ടിപ്പു നടത്തിയിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com