ADVERTISEMENT

നെടുമ്പാശേരി ∙ വിമാനത്താവളത്തിൽ ലഹരി മരുന്നു പിടികൂടിയ കേസിൽ ഹോട്ടലിൽ നിന്ന് അറസ്റ്റിലായ യുവതി കൊച്ചിയിലെ ലഹരി മരുന്ന് ഇടപാടുകളിലെ പ്രധാന കണ്ണിയെന്നു സംശയിക്കുന്നു. പലപ്പോഴായി ഇത്തരത്തിൽ യുവതികളെ ഉപയോഗിച്ച് ഇവർ ലഹരി മരുന്ന് കടത്തിയതായാണ് വിവരം. ഖത്തർ എയർവേയ്സ് വിമാനത്തിൽ ശനിയാഴ്ച ദോഹ വഴി എത്തിയ കോട്ഡിവോർ (ഐവറി കോസ്റ്റ്) സ്വദേശിനി കാനേ സിംപേ (21) ആണ് വിമാനത്താവളത്തിൽ പിടിയിലായത്.

ernakulam-cocaine
കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ പിടികൂടിയ കൊക്കെയ്ൻ.

ഇവരുടെ ബാഗിൽ ലഹരി മരുന്ന് കണ്ടെത്തിയതിനെ തുടർന്നുള്ള ചോദ്യം ചെയ്യലിൽ ഇവരിൽ നിന്ന് മയക്കുമരുന്ന് കൈപ്പറ്റാൻ ഹോട്ടലി‍ൽ കാത്തിരുന്ന സീവി ഒഡോത്തി ജൂലിയറ്റിനെയും(32) പിടികൂടി. ഇരുവരും ഒരേ രാജ്യത്തു നിന്നുള്ളവരാണ്.  അഞ്ചരക്കോടി രൂപ മൂല്യമുള്ള കൊക്കെയ്നാണ് കാനേ സിംപേയിൽനിന്നു പിടിച്ചെടുത്തത്. 2 പേരെയും കോടതിയിൽ ഹാജരാക്കി, 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു. ബിസിനസിനു തുണി വാങ്ങാൻ എത്തിയതെന്നായിരുന്നു കാനേ ഇമിഗ്രേഷൻ വിഭാഗത്തോട് പറഞ്ഞത്.

എന്നാൽ ഇവരുടേത് ബിസിനസ് വീസ അല്ലാതിരുന്നത് സംശയത്തിനിടയാക്കി. തുടർന്ന് ബാഗ് പരിശോധിക്കുകയായിരുന്നു. ലഹരി മരുന്ന് കണ്ടെത്തിയതോടെ ഇവരെക്കൊണ്ട് ജൂലിയറ്റിനെ വിളിച്ചു വരുത്തിയാണ് ഡിആർഐ അധികൃതർ അറസ്റ്റ് ചെയ്തത്. ജൂലിയറ്റ് 9 മാസമായി കേരളത്തിലുണ്ട്. 20 ലക്ഷം രൂപയുടെ തുണിത്തരങ്ങൾ കൊച്ചിയിൽ നിന്ന് വാങ്ങി നൽകാമെന്ന് പറഞ്ഞാണ് കാനേ സിംപേയെ ജൂലിയറ്റ് വരുത്തിയത്. ഇത്തരത്തിൽ മുൻപും ഇവർ യുവതികളെ ഉപയോഗപ്പെടുത്തി ലഹരി മരുന്ന് എത്തിച്ചിരിക്കാം എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com