ADVERTISEMENT

കൊച്ചി ∙ കോവിഡ് രണ്ടാം ലോക്ഡൗണിനു ശേഷം റിലീസുകളുടെ ഉത്സവമില്ലാതെ കേരളത്തിലെ തിയറ്ററുകൾ തുറന്നു. ആദ്യ ദിനം ഷോകളില്ലാതെ കടന്നു പോയി. പ്രദർശനം ആരംഭിക്കുന്നതു നാളെ മാത്രം. കൊച്ചി നഗരത്തിൽ ഉൾപ്പെടെ ജില്ലയിലെ ഭൂരിഭാഗം തിയറ്ററുകളിലും ജയിംസ് ബോണ്ട് ചിത്രം ‘നോ ടൈം ടു ഡൈ’ ബുധനാഴ്ച റിലീസ് ചെയ്യും. ഏതാനും തിയറ്ററുകളിൽ മറ്റൊരു ഇംഗ്ലിഷ് ചിത്രം ‘വെനം 2’ പ്രദർശനത്തിനെത്തും. 29നു മലയാള ചിത്രം ‘സ്റ്റാർ’ എത്തിയേക്കും. പൃഥ്വിരാജ് – ജോജു ജോർജ് ടീമിന്റെ സ്റ്റാർ ആകും ആദ്യ മലയാളം റിലീസ് എന്നാണു സൂചന. 

ഇന്നലെ തിയറ്ററുകളിൽ പലതിലും അവശേഷിച്ച മിനുക്കു പണികളും വൃത്തിയാക്കലുമാണു നടന്നത്. പ്രധാനപ്പെട്ട അറ്റകുറ്റപ്പണികൾ ആദ്യ ലോക്ഡൗണിനു ശേഷം തുറന്ന ജനുവരിയിൽ പൂർത്തിയാക്കിയിരുന്നു. അതുകൊണ്ടു തന്നെ കാര്യമായ അറ്റകുറ്റപ്പണികൾ ബാക്കിയുണ്ടായില്ല. എന്നാൽ, പ്രൊജക്ടറുകൾ കൂടുതൽ സമയം പ്രവർത്തിപ്പിച്ചു. വരും ദിവസങ്ങൾ 4 പ്രദർശനങ്ങൾ നടത്തേണ്ടതിനുള്ള ഒരുക്കം. കോവിഡ് ആദ്യ വ്യാപനത്തിനു ശേഷം ജനുവരിയിൽ തിയറ്ററുകൾ തുറന്നപ്പോഴും അന്യഭാഷാ ചിത്രമാണ് ആദ്യം റിലീസ് ചെയ്തത്. തമിഴ് സൂപ്പർ താരം വിജയിന്റെ മാസ്റ്റർ. 

അന്യഭാഷാ ചിത്രങ്ങളിലൂടെ ആളിളക്കമുണ്ടാകുന്ന മുറയ്ക്കു മലയാള ചിത്രങ്ങൾ പിന്നാലെയെത്തും. നവംബർ ആദ്യ വാരം മുതൽ മലയാളം ചിത്രങ്ങളുടെ റിലീസ് സജീവമാകും. ദുൽഖർ സൽമാന്റെ ‘കുറുപ്പ്’ 12 നു റിലീസ് ചെയ്യും. സുരേഷ് ഗോപിയുടെ ‘കാവൽ’ നവംബർ 25നു തിയറ്ററുകളിലെത്തും. മോഹൻലാലിന്റെ ‘ആറാട്ട്’ ജനുവരിയിലും റിലീസ് ചെയ്തേക്കും. അതേസമയം ലാലിന്റെ ‘മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം’ റിലീസ് സംബന്ധിച്ച അനിശ്ചിതത്വം നിലനിൽക്കുകയാണ്. 

പകുതി സീറ്റുകളിൽ മാത്രം കാണികളെ പ്രവേശിപ്പിച്ചു ചിത്രം റിലീസ് ചെയ്യുന്നതു സാമ്പത്തിക നഷ്ടം വരുത്തുമെന്ന ആശങ്കയിലാണു മരയ്ക്കാറിന്റെ അണിയറക്കാർ. വൻ മുതൽമുടക്കുള്ള ചിത്രമായതിനാൽ അത്തരം വെല്ലുവിളി ഏറ്റെടുക്കാനുള്ള പരിമിതിയും അവർ പങ്കുവയ്ക്കുന്നു. ഒടിടി റിലീസ് സാധ്യതയും ചർച്ചയിലുണ്ടെങ്കിലും ചിത്രം ഡിസംബറിൽ തിയറ്ററുകളിൽ എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. മമ്മൂട്ടി ചിത്രം ‘പുഴു’ ഡിസംബറിലും ‘ഭീഷ്മ പർവം’ ജനുവരിയിലും റിലീസ് ചെയ്യാനാണു സാധ്യത.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com