ADVERTISEMENT

കൊച്ചി∙ വടുതല കായലിൽ മാലിന്യവും ചെളിയും അടിഞ്ഞു രൂപപ്പെട്ട താൽക്കാലിക ബണ്ടിന്റെ കഴിയുന്നത്ര ഭാഗം ഉടൻ നീക്കംചെയ്യണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. ചെളി നീക്കാൻ വൈകിയാൽ നഗരത്തെ കാത്തിരിക്കുന്നതു വൻ ദുരന്തമാകും. നീരൊഴുക്കു സുഗമമാക്കാൻ വേണ്ട നടപടി സർക്കാരോ ജില്ലാ ഭരണകൂടമോ അടിയന്തരമായി ചെയ്യണം. മാലിന്യം അടിഞ്ഞു ബണ്ട് രൂപപ്പെട്ടതിന്റെ ഉത്തരവാദിത്തം ആർക്കാണെന്നു പിന്നീടു തീരുമാനിക്കാമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. നഗരത്തിലെ വെള്ളക്കെട്ടു പരിഹരിക്കാൻ നടപടി ആവശ്യപ്പെട്ടുള്ള ഹർജിയാണു കോടതിയിൽ.

ബണ്ട് രൂപപ്പെട്ടതു കളമശേരി മുതൽ കൊച്ചി നഗരം വരെ വെള്ളക്കെട്ടിനു കാരണമാകുന്നുവെന്ന ഇറിഗേഷൻ വകുപ്പിന്റെ റിപ്പോർട്ട് മലയാള മനോരമ പുറത്തുകൊണ്ടുവന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ വിഷയം പരിഗണിക്കുന്നത്. ഇതുവരെ നഗരത്തിൽ വെള്ളക്കെട്ട് ഉണ്ടായില്ലെങ്കിലും തുലാവർഷം തുടങ്ങുകയാണെന്നു കോടതി ഓർമിപ്പിച്ചു. ബണ്ട് രൂപപ്പെട്ടതു വല്ലാർപാടം റെയിൽ പാലം നിർമിച്ചതിന്റെ അവശിഷ്ടങ്ങൾ അടിഞ്ഞുകൂടിയതിനാലാണോ മറ്റെന്തെങ്കിലും പ്രതിഭാസമാണോ എന്നെല്ലാം തർക്കമുണ്ടെങ്കിലും ഇപ്പോൾ വേണ്ടതു പരിഹാരമാണെന്നു കോടതി പറഞ്ഞു. 

വടുതല കായലിൽ 2.15 ലക്ഷം ഘന മീറ്റർ അവശിഷ്ടങ്ങളും ചെളിയും അടിഞ്ഞുകൂടി ബണ്ട് രൂപപ്പെട്ടിട്ടുണ്ടെന്നും 780 മീറ്റർ വീതിയിലെങ്കിലും അതു നീക്കം ചെയ്താൽ നീരൊഴുക്കിനു സഹായകമാകുമെന്നും ഇറിഗേഷൻ വകുപ്പ് എക്സിക്യൂട്ടിവ് എൻജിനീയർ റിപ്പോർട്ട് നൽകിയിരുന്നു. ഏലൂർ, കളമശേരി, മുപ്പത്തടം, ആലുവ മേഖലകളിലെ വെള്ളക്കെട്ട് ഒഴിവാകാനും മത്സ്യത്തൊഴിലാളികൾക്കും ഇത് ഉപകാരപ്പെടുമെന്നും റിപ്പോർട്ടിലുണ്ട്. 

ഉത്തരവാദിത്തം ആർക്കാണെന്നു പിന്നീടു തീരുമാനിക്കുകയാണെങ്കിൽ, തൽക്കാലം നടപടി എടുക്കാമെന്നു സർക്കാർ വിശദീകരിച്ചു  2.15 ലക്ഷം ഘന മീറ്റർ ചെളി നീക്കം ചെയ്യുന്നതു ശ്രമകരമാണെന്നും പറഞ്ഞു. നിയമപരമായ ബാധ്യത ആർക്കാണെന്നു പിന്നീടു തീരുമാനിക്കാമെന്നും അതിനായി നീക്കുന്ന മാലിന്യങ്ങളുടെ അളവു രേഖപ്പെടുത്തണമെന്നും കോടതി നിർദേശിച്ചു. നവംബർ 16 നു ഹർജി വീണ്ടും പരിഗണിക്കും. 

അഫ്കോൺസും സർക്കാരും നേർക്കുനേർ

മാലിന്യം അടിഞ്ഞതിന്റെ ഉത്തരവാദിത്തം ആർക്ക് എന്നതിനെ ചൊല്ലി കോടതിയിൽ തർക്കം. അന്തിമ ബിൽ പാസാക്കുന്നതിനു മുൻപുതന്നെ മാലിന്യം നീക്കിയതായി കരാറുകാരായ അഫ്കോൺസ് കമ്പനി അറിയിച്ചു. കനാൽ ഉൾപ്പെടെ വർക്ക് സൈറ്റ് വൃ‍ത്തിയാക്കാതെ ബിൽ പാസാക്കില്ലെന്നു വ്യവസ്ഥ ഉണ്ടായിരുന്നുവെന്നും റെയിൽ നിഗം ലിമിറ്റഡ് ഇതു പരിശോധിച്ച് ഉറപ്പാക്കിയതാണെന്നും അറിയിച്ചു. 

ഇതു ശരിയല്ലെന്നാണു സർക്കാരിന്റെ വാദം. 2010 നുശേഷം അവിടെ ഒന്നും ചെയ്തിട്ടില്ല. ആ ഭാഗം വൃത്തിയാക്കി പൂർവസ്ഥിതിയിലാക്കുമെന്ന് അഫ്കോൺസ് മറ്റൊരു ഹർജിയിൽ സമ്മതിച്ചതു കോടതി രേഖപ്പെടുത്തിയിരുന്നു. നടപടി ഉണ്ടായില്ലെന്നും സർക്കാർ ആരോപിച്ചു. തർക്ക വിഷയത്തിൽ കോടതി റെയിൽ നിഗം ലിമിറ്റഡിന്റെ വിശദീകരണം തേടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com