ADVERTISEMENT

മൂവാറ്റുപുഴ∙ കിഴക്കൻ മേഖലയിൽ നിന്നു ജില്ലാ ഭരണസിരാകേന്ദ്രമായ കാക്കനാട്ടേക്കു കോവിഡ് പ്രതിസന്ധികൾക്കിടയിൽ ആരംഭിച്ച ബോണ്ട് സർവീസ് വൻ വിജയം.  മൂവാറ്റുപുഴ കെഎസ്ആർടിസി ഡിപ്പോയിൽ നിന്നു കാക്കനാട്ടേക്കു ബോണ്ട് സർവീസ് ഒക്ടോബർ ഒന്നിനാണ് ആരംഭിച്ചത്. 20 യാത്രക്കാരാണ് ആദ്യ ഘട്ടത്തിൽ ഉണ്ടായിരുന്നത്. എന്നാൽ സർവീസ് തുടങ്ങി ദിവസങ്ങൾക്കകം അത് മുപ്പതിലേക്കും നാൽപതിലേക്കുമെത്തി. നിലവിൽ 55 സ്ഥിരം യാത്രക്കാരാണു ബോണ്ട് സർവീസിൽ സഞ്ചരിക്കുന്നത്. 

ആദ്യ ഘട്ടത്തിൽ യാത്രക്കാർ ഇല്ലായിരുന്നു എങ്കിലും കൃത്യനിഷ്ഠയും ഒരു ദിവസം പോലും മുടങ്ങാതിരുന്നതും കൂടുതൽ യാത്രക്കാരെ ആകർഷിച്ചു. ബസ് മുടങ്ങാതെ ഓടിയതോടെ സ്വന്തം വാഹനങ്ങളിൽ പോയിരുന്ന യാത്രക്കാർ ഉൾപ്പെടെ ബോണ്ട് സർവീസിലേക്കു മാറി. 30 യാത്രക്കാർ എങ്കിലും സ്ഥിരമായി യാത്ര ചെയ്താൽ മാത്രമേ സർവീസ് നിലനിർത്താൻ കഴിയൂ എന്നതായിരുന്നു സാഹചര്യം. കോവിഡ് പശ്ചാത്തലത്തിൽ സ്വന്തം വാഹനങ്ങളിൽ പോകുന്നവർ ബസിനെ ആശ്രയിക്കുമോ എന്ന ആശങ്കയും ഉണ്ടായിരുന്നു.

എന്നാൽ സർവീസിന് വൻ പിന്തുണയാണു ലഭിച്ചത്. ഇതോടെ മൂവാറ്റുപുഴ ഡിപ്പോയിലെ ഏറ്റവും വരുമാനമുള്ള സർവീസായി ഇതു മാറി. സർവീസ് നല്ല നിലയിലായതോടെ തൊടുപുഴ വരെ നീട്ടണമെന്ന ആവശ്യവും ഉയർന്നു. ഇതോടെ സർവീസ് അവിടെ നിന്ന് ആരംഭിക്കാൻ തീരുമാനിച്ചു. രാവിലെ 7.45 നു മൂവാറ്റുപുഴ നിന്നു തൊടുപുഴയിലേക്കു പുറപ്പെടുന്ന ബസ് 8. 20 നാണ് അവിടെ നിന്നു ബോണ്ട് സർവീസായി യാത്ര ആരംഭിക്കുന്നത്.  8.45 നു മൂവാറ്റുപുഴയിൽ എത്തും. തുടർന്ന് 8.50 നു മൂവാറ്റുപുഴ നിന്നു പുറപ്പെടുന്ന ബസ് കോലഞ്ചേരി പുത്തൻകുരിശ്, കരിമുകൾ വഴി 9.55 നു കാക്കനാട് സിവിൽ സ്റ്റേഷനിൽ എത്തും.

വൈകിട്ട് 5 നു മടക്കയാത്ര ആരംഭിക്കുന്ന ബസ് 6.15 നു മൂവാറ്റുപുഴയിൽ എത്തും. സ്ഥിരം യാത്രക്കാർക്കു മാത്രമാണു ബസിൽ പ്രവേശനം നൽകുന്നത്. 5 ദിവസം മുതൽ ഒരു മാസം വരെ കാലാവധിയുള്ള ട്രാവൽ കാർഡുകൾ യാത്രക്കാർക്കു ലഭ്യമാണ്.  ബോണ്ട് യാത്രക്കാർക്ക് ഇവരുടെ ഇരുചക്രവാഹനങ്ങൾ സൗജന്യമായി കെഎസ്ആർടിസി ഡിപ്പോയിൽ പാർക്ക് ചെയ്യാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. ബസ് സ്റ്റോപ്പിൽ നിന്നു മാത്രമല്ല സ്ഥിരം യാത്രക്കാരുടെ വീടിനു മുൻപിൽ നിന്നു തന്നെ ആളെ ബസിൽ കയറ്റും എന്ന പ്രത്യേകതയുമുണ്ട്.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com