ADVERTISEMENT

കുണ്ടന്നൂർ ∙ മേൽപാലം തുറന്നു കൊടുത്തു 10 മാസം കഴിഞ്ഞിട്ടും അപകടവും കുരുക്കും ഒഴിയാതെ കുണ്ടന്നൂർ ജംക്‌ഷൻ‌. വൈറ്റില ഭാഗത്തു നിന്നു മരടിലേക്കുള്ള ഫ്രീ ലെഫ്റ്റിലെ പഴയ കെട്ടിടത്തിനടുത്ത് എത്തുമ്പോൾ കുരുക്കു മുറുകുന്ന അവസ്ഥയ്ക്ക് ഇത്ര നാളായിട്ടും മാറ്റമുണ്ടായിട്ടില്ല. ടൈലുകൾ ഇളകി കുണ്ടും കുഴിയും നിറഞ്ഞ ഫ്രീ ലെഫ്റ്റ് വളവിലൂടെ ബൈക്ക് ഓടിക്കണമെങ്കിൽ അഭ്യാസം അറിയണം. ബൈക്ക് യാത്രികർ തെന്നി വീഴുന്നതു പതിവ്. ദുരന്തത്തിനു കാത്തു നിൽക്കാതെ ഉടൻ ഫ്രീ ലെഫ്റ്റിലെ അപകടാവസ്ഥ ഒഴിവാക്കണമെന്ന് ഈയിടെ ഇവിടെ തെന്നിവീണു പരുക്കേറ്റ മരട് സ്വദേശികളായ പി.ഡി. മാർട്ടിൻ, ഷിബു ഇഞ്ചയ്ക്കൽ എന്നിവർ ആവശ്യപ്പെട്ടു. 

ernakulam-signal
കുണ്ടന്നൂർ ജംക്‌ഷനിൽ വൈറ്റിലയിൽ നിന്ന് മരടിലേക്കുള്ള ഫ്രീ ലെഫ്റ്റിലെ സിഗ്നൽ വിളക്ക് തെളിയാത്ത നിലയിൽ (വൃത്തത്തിൽ).

രണ്ടടി ഉയരത്തിലാണിവിടെ കാന. അപകടകരമായി നിന്ന കാനയുടെ കൂർത്ത ഭാഗം പൊട്ടിച്ചു കളഞ്ഞതിനെ തുടർന്ന്, എഴുന്നു നിൽക്കുന്ന കോൺക്രീറ്റ് കമ്പിയിൽ തട്ടി കാൽനട യാത്രികർ വീഴുന്നതും പതിവാണ്. ഈ ഭാഗത്തെ സിഗ്നൽ വിളക്കുകൾ പ്രവർത്തിച്ചുതുടങ്ങിയിട്ടില്ല. ഇരുട്ടുകുത്തിയ അടിപ്പാതയിൽ വിളക്കു സ്ഥാപിക്കും എന്നു പറഞ്ഞതും നടപ്പായില്ല. റോഡുകളുടെ സ്ഥിതി പരിതാപകരമായി തുടരുന്നു. ടൈൽ വിരിച്ചിട്ടുണ്ടെങ്കിലും നിരപ്പു വ്യത്യാസം വാഹനങ്ങളെ എടുത്തെറിയുന്നു. 

പലയിടത്തും ടൈലുകൾ പൊട്ടി വെള്ളം കെട്ടിക്കിടക്കുന്നു. റോഡിന്റെ മോശാവസ്ഥ കണ്ട് വാഹനങ്ങൾ വേഗം കുറച്ചുപോകുന്നതു ഗതാഗതക്കുരുക്കിനു കാരണമാകുന്നു. ഇളകിയ ടൈലുകൾക്കു മുകളിൽ അലക്ഷ്യമായി ടാർ നിരത്തിയതു പരാതിയെ തുടർന്നു നീക്കിയെങ്കിലും നിരപ്പു വ്യത്യാസം തുടരുന്നു. മേൽപാലം വന്നെങ്കിലും കുണ്ടന്നൂരിലെ തീരാത്ത ഗതാഗതക്കുരുക്കിനു പരിഹാരമാകാൻ 40 സെന്റ് സ്ഥലം ഏറ്റെടുക്കുന്നതിനു സംസ്ഥാന സർക്കാരിന്റെ ഭരണാനുമതിക്കായി റോഡ്സ് ആൻഡ് ബ്രിജസ് ഡവലപ്മെന്റ് കോർപറേഷൻ (ആർബിഡിസികെ) ശ്രമം ആരംഭിച്ചിട്ടുണ്ട്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com