കൊച്ചി∙ ലൈബിൻ ഇന്നു നാട്ടുകാർക്കിടയിൽ ഹീറോയാണ്. ഒരു കാൽ നഷ്ടമായിട്ടും ജീവിതം കിടക്കയിൽ ഒതുക്കാതെ മറ്റുള്ളവർക്കു വേണ്ടി രാപകൽ ഓടി നടന്ന് അധ്വാനിക്കുന്ന ഹീറോ. കാലോ കയ്യോ നഷ്ടമാകുന്ന അവസ്ഥയിൽ നിരാശയിലേക്കു താഴ്ന്നു പോകുന്ന മനസ്സുകളെ ജീവിതത്തിലേക്കു തിരികെ പിടിച്ചുകയറ്റുന്ന ഉത്തരവാദിത്തവും ഓട്ടോ ഡ്രൈവറായ കെ.ജെ. അഗസ്റ്റിൻ ലൈബിൻ ഭംഗിയായി നിർവഹിക്കുന്നു.
കണ്ണമാലി കരോടിയിൽ പരേതനായ കെ.എ.ജോസഫിന്റെയും ലീലാമ്മയുടെയും മകനായ ലൈബിൻ (39) വളരെ ചെറുപ്പത്തിലേ ജോലി ചെയ്തു കുടുംബം നോക്കിയിരുന്ന ആളാണ്. അലുമിനിയം ഫാബ്രിക്കേഷൻ ജോലിയുമായി കഴിയുമ്പോൾ 2 വർഷം മുൻപാണ് ഒരപകടത്തെ തുടർന്ന് വലതു കാൽ മുട്ടിനു താഴെ മുറിച്ചു മാറ്റേണ്ടി വന്നത്.
മാനസികമായി തളർന്ന ലൈബിനെ താങ്ങി നിർത്തിയത് ഭാര്യ ടീനയും സുഹൃത്തുക്കളുമാണ്. അമ്മയും സഹോദരനും പിന്തുണയുമായി ഒപ്പം നിന്നു. അമൃത ആശുപത്രിയിലാണ് കൃത്രിമ കാൽ വച്ചത്. ഇന്ന് ഓട്ടോ ഓടിച്ചാണ് ലൈബിൻ കുടുംബം നോക്കുന്നത്. കൂടാതെ, ബൈക്കും കാറും ഓടിക്കും, മലകൾ കയറും. ഇതുപോലെ കാലോ കയ്യോ നഷ്ടപ്പെട്ട് നിരാശരായ നിരവധി പേർക്ക് ആശ്വാസമായി ഒരു ഫോൺകോൾ അകലെ ലൈബിനുണ്ട്. ഫോൺ: 9562141025.