ADVERTISEMENT

മൂവാറ്റുപുഴ∙ അൽപം നഷ്ടം നേരിട്ടെങ്കിലും പൈനാപ്പിളിന്റെ ട്രെയിൻ യാത്ര വിജയത്തിലേക്ക്. കിസാൻ റെയിൽ പദ്ധതി പ്രയോജനപ്പെടുത്തി പൈനാപ്പിൾ ട്രെയിനിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിന്റെ ഭാഗമായുള്ള ആദ്യ ശ്രമത്തിൽ പതിനായിരത്തോളം രൂപയുടെ നഷ്ടമുണ്ടായെങ്കിലും ചില മാറ്റങ്ങളോടെ പൈനാപ്പിൾ ട്രെയിനിൽ കയറ്റി അയയ്ക്കുന്നതു തുടരാൻ തന്നെയാണ് കർഷകരുടെ തീരുമാനം.

ചെറിയ നഷ്ടം ഉണ്ടായെങ്കിലും ഉപഭോക്താക്കൾക്ക്, തോട്ടത്തിൽ നിന്നു ലഭിക്കുന്ന പുതുമയോടെ പ്രീമിയം പൈനാപ്പിൾ വേഗത്തിൽ എത്തിക്കാൻ കഴിഞ്ഞതോടെ പൈനാപ്പിളിനു നല്ല വില ഈടാക്കാൻ കഴിയുമെന്നാണ് കർഷകർ പറയുന്നത്. 250 കാർട്ടണുകളിൽ 2500 കിലോഗ്രാം പൈനാപ്പിൾ കയറ്റി അയയ്ക്കാൻ സജ്ജമാക്കിയപ്പോൾ 90000 രൂപയാണ് ചെലവായത്. 24000 രൂപ ചരക്കു കൂലിയായി വേണ്ടി വന്നു. ഡൽഹിയിൽ പൈനാപ്പിൾ അൺലോഡിങ് ചെയ്യാൻ ഒരു ബോക്സിനു 15 രൂപ വേണ്ടി വന്നു. എല്ലാം ഉൾപ്പെടെ 1.25 ലക്ഷം രൂപയോളം ര‌ൂപയായി. എന്നാൽ പൈനാപ്പിൾ വിറ്റ് തിരികെ കിട്ടിയത് 1,15000 രൂപയാണ്.

83 രൂപ വിലയുള്ള കാർട്ടണുകളിൽ നിറയ്ക്കുന്ന ചെലവ് ഇല്ലാതാക്കാൻ ആവർത്തിച്ച് ഉപയോഗിക്കാൻ കഴിയുന്ന പ്ലാസ്റ്റിക് ക്രേറ്റ് ബോക്സ് മൂലം കഴിയുമെന്നാണ് കർഷകർ കണ്ടെത്തിയിരിക്കുന്നത്. തോട്ടത്തിൽ നിന്നു പൈനാപ്പിൾ നേരിട്ടു നിറയ്ക്കാൻ കഴിയുമെന്നതിനാൽ പിന്നീടുള്ള പാക്കിങ് ചെലവും ഒഴിവാക്കാൻ കഴിയും. കൂടുതൽ പൈനാപ്പിൾ അയയ്ക്കുകയാണെങ്കിൽ റെയിൽവേ 50% ചരക്കു കൂലി കിഴിവ‌ു നൽകും. 48 മണിക്കൂറിനുള്ളിൽ തോട്ടത്തിൽ നിന്ന് ഡൽഹിയിലും മുംബൈയിലുമൊക്കെ പൈനാപ്പിൾ എത്തിക്കാൻ കഴിയുന്നതിനാൽ പ്രീമിയം ക്വാളിറ്റി ഉറപ്പാക്കാം. ഇതിലൂടെ വിലയും കൂടുതൽ ലഭിക്കുമെന്നാണ് കരുതുന്നത്.

ഹരിയാനയിലെ ഡിഐഇഎം എന്ന സ്റ്റാർട്ട് അപ് കമ്പനിയുമായി സഹകരിച്ചാണ് പൈനാപ്പിൾ ട്രെയിനിൽ കയറ്റി അയയ്ക്കുന്ന പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ലോറിയിൽ പൈനാപ്പിൾ ഡൽഹിയിൽ എത്തിക്കുന്നതിന് 1.5 ലക്ഷം രൂപയാണ് വ്യാപാരികൾക്ക് ചെലവാകുന്നത്. 5 ദിവസം കഴിഞ്ഞാണ് ഇതു ഡൽഹിയിൽ എത്തുക. പാകമാകാത്ത പൈനാപ്പിൾ കൊണ്ടുപോകുന്നതും തൂക്കം കുറഞ്ഞുപോകുന്നതും ട്രെയിനിൽ കയറ്റുമതി ചെയ്യുന്നതിലൂടെ ഒഴിവാക്കാൻ കഴിയുമെന്ന് പൈനാപ്പിൾ ഫാർമേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ജയിംസ് ജോർജ് തോട്ടുമാരിക്കൽ പറഞ്ഞു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com