ADVERTISEMENT

കൊച്ചി∙ പുറത്തു നിന്നു നോക്കിയാൽ സാധാരണ അപ്പാർട്മെന്റ്. ഡ്യുപ്ലെ അപ്പാർട്മെന്റിലെ (രണ്ടു നിലകളിലായുള്ള അപ്പാർട്മെന്റ്) രണ്ടാം നിലയിൽ സർവ സജ്ജമായ കസിനോ. ചിലവന്നൂർ ബണ്ട് റോഡിലെ ഹീര വാട്ടേഴ്സ് ഫ്ലാറ്റ് സമുച്ചയത്തിലെ റെയ്ഡിന് ഇടയിൽ അപ്രതീക്ഷിതമായാണു പൊലീസ് സംഘം ചൂതാട്ട കേന്ദ്രം കണ്ടെത്തിയത്. ഫ്ലാറ്റിന്റെ 18–ാം നിലയിൽ വാടകയ്ക്കെടുത്ത അപ്പാർട്മെന്റിലാണ് ചൂതാട്ട കേന്ദ്രം പ്രവർത്തിച്ചിരുന്നത്. ഡ്യുപ്ലെ അപ്പാർട്മെന്റിലെ താഴത്തെ നിലയിൽ കിടപ്പു മുറികളായിരുന്നു. 

ചൂതാട്ട കേന്ദ്രം നടത്തിയിരുന്നതെന്നു പൊലീസ് പറയുന്ന മാഞ്ഞാലി സ്വദേശി ടിപ്സൺ ഫ്രാൻസിസ് താമസിച്ചിരുന്നത് ഇതേ ഫ്ലാറ്റ് സമുച്ചയത്തിലെ മറ്റൊരു അപ്പാർട്മെന്റിലാണ്. ഗോവയിലും മുംബൈയിലുമെല്ലാം പ്രവർത്തിക്കുന്ന കസിനോകളിൽ പോയപ്പോഴാണ് ഇതിന്റെ സാധ്യത മനസ്സിലാക്കിയത്. കഴിഞ്ഞ വർഷം ലോക്ഡൗൺ കാലത്തു പ്രവർത്തനം തുടങ്ങി. സാമ്പത്തികമായി മുൻപന്തിയിലുള്ളവർ ആയിരുന്നു സന്ദർശകർ. അടുത്ത സുഹൃത്തുക്കൾ മാത്രമാണ് ഇവിടെ വന്നിരുന്നത് എന്നാണു ടിപ്സൺ പൊലീസിനു നൽകിയ മൊഴി. മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ടു പൊലീസ് കസ്റ്റഡിയിലുള്ള സൈജു തങ്കച്ചനെ അറിയില്ലെന്നും ഇയാൾ പറയുന്നു.

‘പോക്കർ റൂം’ എന്ന് എഴുതിയ ബോർഡുകൾ സ്ഥാപിച്ച ഹാളിലാണു ചൂതാട്ടം നടന്നിരുന്നത്. 7 പേർക്ക് ഇരുന്നു കളിക്കാവുന്ന രീതിയിലാണു മേശ സജ്ജമാക്കിയിരുന്നത്. പ്ലാസ്റ്റിക് കോയിനുകളും ചീട്ടുകളുമാണ് ഉപയോഗിച്ചിരുന്നത്. 7,000 രൂപ, 10,000 രൂപ, 20,000 രൂപ എന്ന തരത്തിലാണു കോയിനുകൾ നൽകിയിരുന്നത്. കളി കഴിഞ്ഞതിനു ശേഷം ഈ കോയിൻ പണമാക്കി മാറ്റാം. നേരിട്ടും ഗൂഗിൾ പേ, അക്കൗണ്ട് ട്രാൻസ്ഫർ രീതികളിലും പണം നൽകിയിരുന്നു.  പനങ്ങാട് ചാത്യാത്ത് ലേക്ക് സിംഫണി, തൃക്കാക്കരയിലെ ഓയോ ഹോട്ടൽ മുറി, മരട് ഏദൻ ഐസിൽ അപ്പാർട്മെന്റ് എന്നിവിടങ്ങളിലും പൊലീസ് ഇന്നലെ റെയ്ഡ് നടത്തി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com