പെരുമ്പാവൂർ ∙ കർഷകനായ വയോധികന്റെ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് കമ്പനി രൂപീകരിച്ച് ജിഎസ്ടി തട്ടിപ്പ്. 5.97 ലക്ഷം രൂപ ജിഎസ്ടി കുടിശിക അടയ്ക്കാൻ നോട്ടിസ് ലഭിച്ചപ്പോഴാണ് ഇരിങ്ങോൾ പറമ്പിക്കുടി പി.എസ്.രാജൻ (75) താൻ കബളിപ്പിക്കപ്പെട്ട വിവരം അറിയുന്നത്. ഭവാനി വുഡ് പ്രൊഡക്ട്സ് മൂവാറ്റുപുഴ എന്ന പേരിൽ കമ്പനി രൂപീകരിച്ചായിരുന്നു തട്ടിപ്പ്. ഇദ്ദേഹത്തിന്റെ ആധാർ കാർഡും പാൻ കാർഡും ഉപയോഗിച്ചാണ് സെൻട്രൽ ടാക്സ് ആൻഡ് സെൻട്രൽ എക്സൈസ് ഓഫിസിൽ ജിഎസ്ടി റജിസ്ട്രേഷൻ നടത്തിയിരിക്കുന്നത്.
തിരിച്ചറിയിൽ രേഖകളും ഫോട്ടോയും ആർക്കും നൽകിയിട്ടില്ലെന്ന് ഇദ്ദേഹം പറയുന്നു. പെരുമ്പാവൂർ ഐഡിബിഐ ബാങ്കിൽ 2015 മുതൽ അക്കൗണ്ട് ഉണ്ട്. ബാങ്ക് അധികൃതരുടെ നിർദേശ പ്രകാരം പാൻ കാർഡ് എടുത്തു. എന്നാൽ പാൻ കാർഡ് ഇതു വരെ ഉപയോഗിച്ചിട്ടില്ല. പാൻകാർഡ്, ആധാർ കാർഡ്, മൊബൈൽ നമ്പർ എന്നിവ ലിങ്ക് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കമ്പനിയുടെ റജിസ്ട്രേഡ് ഓഫിസിന്റെ വാടക കരാറിന്റെ പകർപ്പ് ജിഎസ്ടി അധികൃതർ കാണിച്ചു തന്നു. അതിലെ ഒപ്പ് തന്റേതല്ലെന്നു രാജൻ വ്യക്തമാക്കി.
റജിസ്ട്രേഷനു വേണ്ടി നൽകിയ മൊബൈൽ നമ്പറും ഇമെയിൽ ഐഡിയും തന്റേതല്ലെന്നും അദ്ദേഹം പറഞ്ഞു. തുക അടയ്ക്കാതിരുന്നാൽ റവന്യു റിക്കവറി ഉൾപ്പെടെയുള്ള നടപടികൾ നേരിടേണ്ടി വരുമെന്നു ജിഎസ്ടി ഓഫിസിൽ നിന്ന് അറിയിച്ചതോടെ ആശങ്കയിലാണ് ഈ വയോധികൻ. മുൻപു മരപ്പണി ചെയ്തിരുന്ന രാജൻ ഇപ്പോൾ വീട്ടിൽ കൃഷിയുമായി കഴിയുകയാണ്. തന്നെ തട്ടിപ്പിന് ഉപയോഗിച്ച ഭവാനി വുഡ് പ്രോഡക്ട്സ് എന്ന വ്യാജ മേൽവിലാസത്തിന്റെ ഉടമയ്ക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി, റൂറൽ എസ്പി, പെരുമ്പാവൂർ, മൂവാറ്റുപുഴ ഇൻസ്പെക്ടർമാർ എന്നിവർക്കു രാജൻ പരാതി നൽകി.