ADVERTISEMENT

കുറുപ്പംപടി ∙ കീഴില്ലം പറമ്പിപ്പീടികയിൽ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. കീഴില്ലം ഷാപ്പുംപടിയിലെ പെട്രോൾ പമ്പ് ജീവനക്കാരനും കുറുപ്പംപടിയിൽ വാടകയ്ക്കു താമസിക്കുന്ന ആളുമായ കോതമംഗലം പിണ്ടിമന ആലങ്കാരത്ത് ബിജു (32), ഇയാളുടെ സുഹൃത്ത് രായമംഗലം വൈദ്യശാലപ്പടി ചാലയ്ക്കൽ എബിൻ ബെന്നി (22) എന്നിവരാണ് പിടിയിലായത്. 

കീഴില്ലം പറമ്പിപ്പീടിക വട്ടപ്പറമ്പിൽ സാജുവിന്റെ മകൻ അൻസിലിനെയാണ് (28) ബുധനാഴ്ച രാത്രി 9.30ന് വീടിനു സമീപത്തുള്ള കനാൽ ബണ്ട് റോഡിൽ കുത്തിക്കൊലപ്പെടുത്തിയത്. ബിജു ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്നു പൊലീസ് അറിയിച്ചു. പെട്രോൾ പമ്പിലുണ്ടായ നിസ്സാര തർക്കമാണ് കൊലപാതക കാരണം. 

സംഭവ ദിവസം രാത്രി ഒൻപതിന് അൻസിൽ എബിനെ വിളിച്ചിരുന്നു. ഈ ഫോൺ കോൾ പിന്തുടർന്നാണ് പുലർച്ചെ 4ന് എബിനെ വീട്ടിൽ നിന്നു പിടികൂടിയത്. തുടർന്ന് ബിജുവിനെയും വീട്ടിൽ നിന്നു കസ്റ്റഡിയിലെടുത്തു. പ്രതികളുമായി പൊലീസ് സംഭവ സ്ഥലത്ത് തെളിവെടുപ്പു നടത്തി.

ജീവനെടുത്തത് പെട്രോൾ പമ്പിലെ തർക്കം

കുറുപ്പംപടി∙ എംസി റോഡിൽ കീഴില്ലത്തെ പെട്രോൾ പമ്പിൽ കഴിഞ്ഞ ചൊവ്വാഴ്ചയുണ്ടായ വാക്കുതർക്കമാണ് പറമ്പിപ്പീടികയിൽ യുവാവിന്റെ കൊലപാതകത്തിൽ കലാശിച്ചതെന്നു പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട അൻസിൽ പെട്രോൾ അടിച്ചതിനു ശേഷം വാഹനം പമ്പിൽ തന്നെ നിർത്തിയിട്ടതാണ് പ്രശ്നങ്ങൾക്കു തുടക്കം. ജീവനക്കാരനായ ബിജു ഇതു ചോദ്യം ചെയ്തത് വാക്കേറ്റത്തിൽ കലാശിച്ചു. മറ്റു ജീവനക്കാർ ഇടപെട്ട് ഇരുവരെയും പിന്തിരിപ്പിച്ചു. 

ബിജുവിനെ അൻസിൽ കഴുത്തിൽ പിടിച്ചു തള്ളുകയും അസഭ്യം പറയുകയും ചെയ്തെന്നു പൊലീസ് അറിയിച്ചു. ഇതാണ് ബിജുവിനെ ചൊടിപ്പിച്ചതെന്നാണ് സൂചന. വാടക വീടിന്റെ അയൽവാസിയും സുഹൃത്തുമായ എബിനുമായി ചേർന്ന് ബിജു കൊലപാതകം ആസൂത്രണം ചെയ്തു.ബുധനാഴ്ച ഇയാൾ പമ്പിൽ നിന്ന് അവധിയെടുത്തു. 

ഭൂമി കച്ചവടത്തിന്റെ ഇടനിലയും വാഹനങ്ങൾ വാങ്ങി മറിച്ചു വിൽപനയും നടത്തുന്ന അൻസിലിന്റെ മൊബൈൽ നമ്പർ സംഘടിപ്പിച്ച് എബിൻ ബുധൻ പകൽ 2 പ്രാവശ്യം വിളിച്ചു. ബിജുവിനു ബൈക്കും മൊബൈൽ ഫോണുമില്ല. ബുധൻ രാത്രി 9ന് എബിൻ ബൈക്കിൽ ബിജുവിനെ അൻസിലിന്റെ വീടിനു സമീപം എത്തിച്ച് തിരികെപ്പോയി. 

 ഫോൺ കോൾ വന്നതിനെ തുടർന്ന് 9.30ന് വീട്ടിൽ നിന്നു കനാൽ ബണ്ട് റോഡിലിറങ്ങിയ അൻസിലിനെ കാത്തിരുന്ന ബിജു കത്തിക്കൊണ്ടു കുത്തി കൊലപ്പെടുത്തുകയായിരുന്നു എന്നു പൊലീസ് പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com