ADVERTISEMENT

കൂത്താട്ടുകുളം∙ പിറവം റൂട്ടിൽ രാവിലെ 9 നും 10 നും ഇടയിലുള്ള ബസുകൾ പതിവായി ട്രിപ്പ് മുടക്കുന്നത് യാത്രക്കാരെ വലയ്ക്കുന്നു. ഉദ്യോഗസ്ഥരും വിദ്യാർഥികളും ഉൾപ്പെടെയുള്ള ഒട്ടേറെ സ്ഥിരം യാത്രക്കാരാണ് ഇതുമൂലം ക്ലേശിക്കുന്നത്. ഈ സമയത്ത് സ്വകാര്യ ബസുകൾ ഇല്ലാത്തതും യാത്രാക്ലേശം വർധിപ്പിക്കുന്നു. ബസ് സമയത്ത് എത്താതിരിക്കുമ്പോൾ ഡിപ്പോയിലേക്ക് വിളിച്ചു ചോദിക്കുന്ന യാത്രക്കാർക്ക് തെറ്റായ വിവരങ്ങൾ നൽകുന്നതായും പരാതിയുണ്ട്.

9.30നും 9.50നും കടന്നു പോകേണ്ട ബസുകളാണ് പലപ്പോഴും റദ്ദാക്കുന്നത്. ഈ ദിവസങ്ങളിൽ 9നു ശേഷം അടുത്ത ബസ് 10.40നാണ്. രാവിലെ 9.30ന് ഒലിയപ്പുറം വഴി കടന്നു പോകുന്ന ഫാസ്റ്റ് പാസഞ്ചർ ബസ് പ്രതീക്ഷിച്ച് കാത്തുനിന്ന പല ദിവസങ്ങളിലും ബസ് ഇല്ലാത്തതിനാൽ ഓട്ടോറിക്ഷ വിളിച്ചാണ് സമയത്ത് ഓഫിസിൽ എത്തിയതെന്ന് പിറവത്ത് സർക്കാർ ഓഫിസിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥ പറഞ്ഞു.

മുണ്ടക്കയത്ത് നിന്ന‌ു വരുന്ന ഈ ബസ് 9.30 കഴിഞ്ഞിട്ടും എത്താതിരുന്നപ്പോൾ ഈ ബസ് ഇന്ന് ഓടുന്നുണ്ടോ എന്ന വിവരം കെഎസ്ആർടിസി ഡിപ്പോയിൽ വിളിച്ച് തിരക്കി. ഉണ്ട് എന്നായിരുന്നു മറുപടി. ഇത് വിശ്വസിച്ച് 9.50 വരെ കാത്തിരുന്നിട്ടും ബസ് എത്തിയില്ല. 16 കിലോമീറ്റർ ദൂരെയുള്ള ഓഫിസിലേക്ക് ഓട്ടോറിക്ഷ വിളിച്ച് പോകുമ്പോൾ എല്ലാ സ്റ്റോപ്പിലും ഒട്ടേറെ യാത്രക്കാരാണ് പിറവത്തേക്കുള്ള ബസ് കാത്തുനിൽക്കുന്നതെന്നും അവർ പറഞ്ഞു.

കെഎസ്ആർടിസി ബസുകൾ ആധിപത്യം പുലർത്തിയതോടെ സ്വകാര്യ ബസുകളിൽ ഏറെയും റൂട്ടിൽ നിരത്തുകളിൽ നിന്ന് പിൻവാങ്ങിയിരുന്നു. അതിനു ശേഷം യാത്രക്കാർക്ക് ഉപകാരപ്പെടുന്ന രീതിയിൽ അല്ല പല സമയത്തും ബസുകൾ ഓടുന്നതെന്ന് പരാതിയുണ്ട്. പിറവത്തിനു പുറമേ ആരക്കുന്നം, മുളന്തുരുത്തി, ചോറ്റാനിക്കര തൃപ്പൂണിത്തുറ, എറണാകുളം എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാരും ഈ റൂട്ടിലെ ബസുകൾ ആണ് ആശ്രയിക്കുന്നത്. യാത്രക്കാരുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് ഷെഡ്യൂളുകൾ പുനഃക്രമീകരിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com