പറവൂർ ∙ മന്ത്രിയുടെ ഫെയ്സ്ബുക് പോസ്റ്റിൽ യുവാവ് കമന്റ് ഇട്ടതിനെത്തുടർന്നു നഗരത്തിൽ അപകടാവസ്ഥയിൽ നിന്നിരുന്ന ദിശാബോർഡുകൾ നീക്കം ചെയ്തു. മുനിസിപ്പൽ കവലയ്ക്കു സമീപം ടൂറിസം വകുപ്പു സ്ഥാപിച്ച ദിശാബോർഡുകൾ യാത്രക്കാരുടെ തലയിലേക്കു വീഴാവുന്ന അവസ്ഥയിലാണെന്നു ചൂണ്ടിക്കാട്ടി നന്ത്യാട്ടുകുന്നം സ്വദേശി കെ.എസ്.നിഖിലാണ് മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ ഫെയ്സ്ബുക് പേജിലെ ഒരു പോസ്റ്റിനു കീഴിൽ ഞായറാഴ്ച കമന്റ് ചെയ്തത്.
ഇതുസംബന്ധിച്ചു 2 മാസം മുൻപു നിഖിൽ ടൂറിസം വകുപ്പിനു പരാതി നൽകിയിരുന്നെങ്കിലും വകുപ്പിന്റെ പ്ലാനിങ് വിഭാഗമാണു ചെയ്യേണ്ടതെന്നായിരുന്നു മറുപടി. പ്ലാനിങ് വിഭാഗത്തിനു മെയിൽ അയച്ചിട്ടും ഫോൺ വിളിച്ചു പറഞ്ഞിട്ടും നടപടിയൊന്നുമുണ്ടായില്ലെന്നു കമന്റിൽ പരാതി ഉന്നയിച്ചിരുന്നു. മന്ത്രിയുടെ നിർദേശം ലഭിച്ചതിനെത്തുടർന്ന് ഇന്നലെ ഉദ്യോഗസ്ഥരെത്തി ബോർഡുകൾ നീക്കം ചെയ്തു. ഐടി കമ്പനി ജീവനക്കാരനാണു നിഖിൽ.