ADVERTISEMENT

കൊച്ചി∙ അടയ്ക്ക വ്യാപാരത്തിന്റെ മറവിൽ വ്യാജബില്ലുണ്ടാക്കി 100 കോടി രൂപയുടെ ചരക്കു സേവന നികുതി (ജിഎസ്ടി) തട്ടിപ്പു നടത്തിയ സംഘത്തിന് അധോലോക സഖ്യങ്ങളുടെ സ്വഭാവമാണെന്നു കോടതി ചൂണ്ടിക്കാട്ടി. കേസിലെ ഒന്നാം പ്രതി മലപ്പുറം അയിലക്കാട് കുളങ്ങരയിൽ ബനീഷ് ബാവയുടെ(43) ജാമ്യാപേക്ഷ എറണാകുളം ജില്ലാ സെഷൻസ് കോടതി തള്ളി.5 വർഷം തടവുശിക്ഷ ലഭിക്കുന്ന കുറ്റമാണു പ്രതി ചെയ്തിട്ടുള്ളത്. കേസിൽ പ്രതിക്കു ജാമ്യം നൽകാൻ നിയമം വ്യവസ്ഥ ചെയ്തിട്ടുണ്ടെന്ന പ്രതിഭാഗം വാദം ജഡ്ജി ഷിബു തോമസ് തള്ളി. പ്രതി ചെയ്ത സാമ്പത്തിക കുറ്റകൃത്യത്തിന്റെ ഗൗരവം വളരെ വലുതാണ്. പ്രതിയുടെ തട്ടിപ്പിനു രാജ്യവ്യാപകമായ ബന്ധങ്ങളുണ്ട്. ജാമ്യം ലഭിച്ചാൽ തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമിക്കുമെന്ന ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് ജി.കൃഷ്ണന്റെ വാദം അംഗീകരിച്ചാണു കോടതി ജാമ്യാപേക്ഷ തള്ളിയത്.

ഓൺ ലൈൻ ജിഎസ്ടി റജിസ്ട്രേഷൻ സംവിധാനത്തിലെ പഴുതു മുതലെടുത്ത പ്രതി എഴുത്തും വായനയും അറിയാത്തവരുടെ പേരിൽ റജിസ്ട്രേഷനെടുത്താണു അടയ്ക്ക വ്യാപാരം നടത്തിയതിനുള്ള വ്യാജ ബില്ലുണ്ടാക്കിയത്. 2200 കോടി രൂപയുടെ വിറ്റുവരവിന്റെ കണക്കുകൾ മാത്രം പരിശോധിച്ചപ്പോൾ തന്നെ നികുതി വെട്ടിപ്പിന്റെ വ്യാപ്തി 100 കോടി കടന്നു.പ്രാദേശികമായി അടയ്ക്ക ശേഖരിച്ച് ഇതിനു ജിഎസ്ടി അടക്കമുള്ള വില നൽകിയതായി വ്യാജബില്ലുണ്ടാക്കി അന്തിമ വിൽപനയിൽ ഈ തുക കിഴിവു ചെയ്തു നാമമാത്രമായ നികുതി കാണിച്ചു റിട്ടേൺ സമർപ്പിക്കുന്നതാണു തട്ടിപ്പിന്റെ രീതി. 

വൻ അടയ്ക്ക കർഷകരിൽ നിന്നാണു പ്രതി ബനീഷ് അടയ്ക്ക വാങ്ങിയതെന്നാണു ബില്ലുകൾ പരിശോധിക്കുമ്പോൾ തോന്നുക. ജിഎസ്ടി സർക്കാരിനു കൈമാറാത്ത ഇത്തരം ‘വൻകിട’ അടയ്ക്ക കർഷകരെ തേടിയെത്തിയ നികുതി ഉദ്യോഗസ്ഥർ ഞെട്ടിപ്പോയി. പലരും സ്വന്തമായി വീടുപോലുമില്ലാത്ത നിർധനർ. ഇതോടെയാണു തട്ടിപ്പിന്റെ രീതി മനസ്സിലാക്കി അന്വേഷണം ബനീഷിലെത്തിയത്.പ്രതിക്കു വ്യാജരേഖകൾ നിർമിച്ചു നൽകുന്ന അക്കൗണ്ടന്റ് ഒളിവിലാണ്. ബനീഷ് അറസ്റ്റിലായതോടെ ആക്രി, പ്ലൈവുഡ് വ്യാപാര രംഗത്തും സമാനരീതിയിൽ തട്ടിപ്പു നടത്തുന്നവർ ഒളിവിൽപോയി.

ചരക്കുസേവന നികുതി വകുപ്പ് ഇൻവെസ്റ്റിഗേഷൻ വിഭാഗം ഡപ്യൂട്ടി കമ്മിഷണർ ജോൺസൻ ചാക്കോ, തൃശൂർ ബ്രാഞ്ച് ഇന്റലിജൻസ് ഓഫിസർ സി.ജ്യോതിലക്ഷ്മി എന്നിവരുടെ നേതൃത്വത്തിലാണു പരിശോധനകൾ നടക്കുന്നത്. ഇന്റലിജൻസ് വിഭാഗം ഉദ്യോഗസ്ഥരായ ഫ്രാൻസി ജോസ്‌, പി.ഗോപകുമാർ, ഒ.എ.ഉല്ലാസ്, ഷീല ഫ്രാൻസിസ്, വി.അഞ്ജന, കെ.കെ.മെറീന, ഒ.എ.ഷക്കീല എന്നിവരാണു നികുതി വെട്ടിപ്പുകൾ കണ്ടെത്തിയത്.പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളിലെ അടയ്ക്ക വ്യാപാരത്തിൽ ഇത്രയും തട്ടിപ്പു നടക്കുമ്പോൾ അന്വേഷണം കേരളം മുഴുവൻ വ്യാപിപ്പിച്ചാൽ ശതകോടികളുടെ ജിഎസ്ടി തട്ടിപ്പു പുറത്തുവരുമെന്നു പ്രോസിക്യൂഷൻ കോടതിയിൽ ബോധിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com