ADVERTISEMENT

മൂവാറ്റുപുഴ∙ കാക്കക്കൂട്ടിൽ കയ്യിട്ടു മുട്ടകൾ എറിഞ്ഞു പൊട്ടിച്ച കുട്ടിക്കുരങ്ങിനെ കാക്കകൾ കൂട്ടമായി ആക്രമിക്കുന്നതിന്റെയും ശക്തമായ ചെറുത്തു നിൽപിന്റെയും അപൂർവ ദൃശ്യങ്ങൾക്കു ഇന്നലെ നഗരം സാക്ഷിയായി. രണ്ടു ദിവസമായി നഗരത്തിൽ കറങ്ങി നടക്കുന്ന കുരങ്ങ് നെഹ്റു പാർക്കിനു സമീപമുള്ള മരത്തിലെ കാക്കക്കൂട്ടിൽ കയ്യിട്ടു മുട്ടകൾ എടുത്ത് താഴേക്കെറിഞ്ഞു പൊട്ടിച്ചതോടെയാണു കാക്കകൾ കൂട്ടമായി കുരങ്ങിനെ ആക്രമിച്ചത്.

നഗരത്തിലാകെ കാക്കകളുടെ ശബ്ദമായിരുന്നു പിന്നെ. ആദ്യം കാക്കകളോട് എതിർത്തു നിന്ന കുരങ്ങ് കൂടുതൽ കാക്കകൾ എത്തി ആക്രമണം കടുപ്പിച്ചതോടെ മരച്ചില്ലകൾക്കുള്ളിൽ ഒളിച്ചെങ്കിലും കാക്കകൾ‌ വിട്ടില്ല. മരച്ചില്ലകൾക്കിടയിലൂടെ എത്തി കുരങ്ങിനെ കൊത്തിപ്പറിച്ചു.ശരീരമാകെ മുറിവുകളുമായി ഒടുവിൽ തോൽവി സമ്മതിച്ചു കുരങ്ങ് നഗരസഭ ടൗൺഹാളിനു സമീപമുള്ള കുട്ടികളുടെ പാർക്കിലെ മരക്കൂട്ടങ്ങൾക്കിടയിലേക്കു ചാടി രക്ഷപ്പെട്ടു. 

ഞായറാഴ്ചയാണ് കുരങ്ങ് കച്ചേരിത്താഴത്ത് പ്രത്യക്ഷപ്പെട്ടത്. ലോക്ഡൗണിൽ നഗരം ശൂന്യമായിരുന്നതിനാൽ കുരങ്ങ് നഗരത്തിലാകെ വിലസി. ഇന്നലെ ഉച്ചയോടെയാണു നെഹ്റു പാർക്കിൽ കറങ്ങി നടന്ന കുരങ്ങ് മരത്തിൽ കാക്കക്കൂട് കണ്ടപ്പോൾ കാട്ടിക്കൂട്ടിയ വികൃതിയാണു വിനയായത്. കിട്ടിയ മുട്ടയെല്ലാം താഴെ റോഡിലേക്കെറിഞ്ഞു പൊട്ടിച്ചു രസിച്ച കുരങ്ങ് കാക്കക്കൂട്ടത്തിന്റെ പൊടുന്നനെയുള്ള ആക്രമണം പ്രതീക്ഷിച്ചില്ല. കാക്കകളുടെയും കുരങ്ങിന്റെയും യുദ്ധസമാനമായ ഏറ്റുമുട്ടൽ ഒരു മണിക്കൂറോളം നഗരത്തിനു അപൂർവ കാഴ്ചയായി.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com