ADVERTISEMENT

അയ്യമ്പുഴ ∙ കഴിഞ്ഞമാസം നാട്ടിൽ വിവിധയിടങ്ങളിൽ കറങ്ങിയ കാട്ടുപോത്ത് വീണ്ടും തിരിച്ചെത്തിയോ ? കഴിഞ്ഞദിവസം പ്ലാന്റേഷൻ കോർപറേഷൻ വെറ്റിലപ്പാറ ഫാക്ടറിക്കു സമീപത്തു കാട്ടുപോത്തിനെ കണ്ടു. രണ്ടാം ബ്ലോക്കിൽ ഇൻസ്പെക്‌ഷൻ ബംഗ്ലാവിനു സമീപത്തെ റോഡിലൂടെയാണു കാട്ടുപോത്ത് ഫാക്ടറിയുടെ സമീപത്തേക്ക് എത്തിയത്. കിളിക്കാടിനു സമീപത്തു തന്നെ കാട്ടുപോത്തിനെ കണ്ടതോടെ ഇതു നാട്ടിൽ നിന്നു കാട്ടിലേക്കു കയറ്റി വിട്ട കാട്ടുപോത്ത് ആണോയെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. ഈ സമയം റോഡിലൂടെ ബൈക്ക് യാത്രക്കാർ ഇല്ലാതിരുന്നത് രക്ഷയായി. 

പ്ലാന്റേഷനിൽ തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സിനു സമീപത്തും കാട്ടുപോത്തിനെ കണ്ടു. കാട്ടുപോത്ത് അയ്യമ്പുഴ മൂക്കന്നൂർ പഞ്ചായത്തുകളുടെ വനാതിർത്തിയിലുള്ള ജനവാസ കേന്ദ്രങ്ങളിലേക്കും എത്താനുള്ള സാധ്യത ഏറെയാണ്.കാട്ടുപോത്ത് നാട്ടിൽ ഇറങ്ങിയെങ്കിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ചില്ലെന്നത് ആശ്വാസമാണ്. വേനൽ കടുത്തതോടെ വനത്തിനുള്ളിൽ വെള്ളം കിട്ടാതെ വരുന്നതിനാൽ വേനൽക്കാലത്തു വന്യമൃഗങ്ങൾ ജനവാസകേന്ദ്രങ്ങളിൽ ഇറങ്ങുന്നതു പതിവാണ്.

കഴിഞ്ഞമാസം 27നു മഞ്ഞപ്ര പഞ്ചായത്തിലാണു കാട്ടുപോത്തിനെ ആദ്യം കണ്ടത്. ഒട്ടേറെ വീടുകളുടെ സമീപത്തെ പറമ്പുകളിലൂടെ കടന്നുപോയ കാട്ടുപോത്ത് കണ്ണിമംഗലം ഭാഗത്ത് വനമേഖലയിലേക്കു കയറിപ്പോയെങ്കിലും രാത്രിയോടെ പോട്ട ഭാഗത്തു തിരിച്ചെത്തി. അടുത്ത ദിവസം പുലർച്ചയോടെ മൂക്കന്നൂർ പഞ്ചായത്തിലെ ഒലിവേലി, കുട്ടാടം പ്രദേശങ്ങളിലെ വീടുകൾക്കു സമീപമാണു കണ്ടത്. വനത്തിലേക്കു ഓടിച്ചുവിട്ട പോത്തിനെ പിന്നീട് കണ്ടതു തൃശൂർ ജില്ലയിലെ കൊരട്ടി, നാലുകെട്ട് തുടങ്ങിയ സ്ഥലങ്ങളിലാണ്. മയക്കുവെടി വച്ചെങ്കിലും ഫലമുണ്ടായില്ല. ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണു കാട്ടുപോത്തിനെ കാട്ടിലേക്കു ഓടിച്ചു കയറ്റിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com