കാർ വിറ്റശേഷം ഡ്യൂപ്ലിക്കറ്റ് താക്കോലുപയോഗിച്ച് അതേ കാർ മോഷ്ടിച്ച് മറിച്ചു വിൽക്കും; മൂന്നംഗ സംഘം പിടിയിൽ

ernakulam-car-thieves
അറസ്റ്റിലായ ശ്യാം മോഹൻ, മുഹമ്മദ് ഫാഹിൽ, ഇക്ബാൽ എന്നിവർ.
SHARE

കൊച്ചി∙ കാർ വിറ്റശേഷം ജിപിഎസിന്റെ സഹായത്തോടെ ഡ്യൂപ്ലിക്കറ്റ് താക്കോലുപയോഗിച്ച് അതേ കാർ തന്നെ മോഷ്ടിച്ച് മറിച്ചു വിൽക്കുന്ന മൂന്നംഗ സംഘം പാലാരിവട്ടം പൊലീസിന്റെ പിടിയിലായി. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശികളായ വെള്ളോടത്തിൽ വീട്ടിൽ ഇക്ബാൽ (24), വടക്കേചോളക്കകത്ത് മുഹമ്മദ് ഫാസിൽ (26), അരിയല്ലൂർ അയ്യനാർകോവിൽ ശ്യാം മോഹൻ (23) എന്നിവരാണ് അറസ്റ്റിലായത്. ഒഎൽഎക്സ് ആപ്ലിക്കേഷൻ വഴി പരസ്യം നൽകിയായിരുന്നു പ്രതികളുടെ തട്ടിപ്പ്. കാർ വിൽക്കാനുണ്ടെന്ന് ഇവർ നൽകിയ പരസ്യം അനുസരിച്ച് കഴിഞ്ഞ 8ന് തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ഇവരിൽ നിന്ന് കാർ വാങ്ങിയിരുന്നു.

ernakulam-car
പ്രതികൾ മോഷ്ടിച്ച കാർ

കാലിക്കറ്റ് സർവകലാശാല പരിസരത്തു വച്ച് 1,40,000 രൂപ കൈമാറിയ ശേഷം കാറുമായി യാത്ര തിരിച്ചു. എന്നാൽ, മറ്റൊരു വാഹനത്തിൽ കാറിനെ പിന്തുടർന്ന പ്രതികൾ പാലാരിവട്ടം ബൈപാസിലെ റസ്റ്ററന്റിൽ കാർ നിർത്തിയിട്ടിരിക്കുന്നത് ജിപിഎസ് വഴി കണ്ടെത്തി ഡ്യൂപ്ലിക്കറ്റ് താക്കോൽ ഉപയോഗിച്ച് കാർ മോഷ്ടിക്കുകയായിരുന്നു. പ്രതികൾ പാലക്കാട് സ്വദേശിയിൽ നിന്നു വാങ്ങിയ കാറിൽ ജിപിഎസ് ഘടിപ്പിച്ച ശേഷം അതു മുഖ്യപ്രതി ഇക്ബാലിന്റെ മൊബൈൽ ഫോണുമായി ബന്ധിപ്പിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്. കാറിന്റെ യഥാർഥ താക്കോലിന്റെ പകർപ്പും നിർമിച്ചിരുന്നു.

മോഷണത്തിനുശേഷം വയനാട്, ബെംഗളൂരു എന്നിവിടങ്ങളിൽ ഒളിവിൽക്കഴിയുമ്പോഴാണ് പൊലീസ് പിടികൂടുന്നത്. കാർ മോഷണം പോയതായി നെടുമങ്ങാട് സ്വദേശി നൽകിയ പരാതിയിൽ പാലാരിവട്ടം പൊലീസ് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് വിൽപന നടത്തിയവർ തന്നെയാണ് മോഷണവും നടത്തിയതെന്ന് തിരിച്ചറിഞ്ഞത്. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം ആഡംബര ജീവിതത്തിനാണ് പ്രതികൾ ചെലവഴിച്ചതെന്നു ഡിസിപി വി.യു. കുര്യാക്കോസ് പറഞ്ഞു.

ഇതേ വാഹനം പള്ളുരുത്തി സ്വദേശിക്ക് കഴിഞ്ഞമാസം വിറ്റ ശേഷം ഈ മാസം ആദ്യം ഇവർ മോഷ്ടിക്കുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. കാർ വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്ത് വളപട്ടണം സ്വദേശിയിൽ നിന്ന് 6 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതികളാണ് ഇക്ബാലും മുഹമ്മദ് ഫാസിലും. ഈ കേസിൽ ഒളിവിൽ കഴിയുമ്പോഴാണ് നെടുമങ്ങാട് സ്വദേശിയെയും പള്ളുരുത്തി സ്വദേശിയെയും തട്ടിപ്പിനിരയാക്കിയത്.

കൂടാതെ ഇതേ കാർ വാങ്ങിയ വകയിൽ മുഴുവൻ പണവും നൽകാത്തതിനെതിരെ യഥാർഥ ഉടമ പാലക്കാട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കോഴിക്കോട് ചേറായൂർ സ്റ്റേഷനിലും ഇവർക്കെതിരെ കേസുണ്ട്. പാലാരിവട്ടം ഇൻസ്പെക്ടർ എസ്. സനൽ, എസ്ഐമാരായ ടി.എം. ജോഷി, ടി.എസ്. രതീഷ്, എൻ.ടി. ജയകുമാർ, എഎസ്ഐമാരായ കെ.കെ. സോമൻ, എ.ടി. അനിൽകുമാർ, സിപിഒമാരായ മാഹിൻ അബൂബക്കർ, എ.എസ്. അരുൺ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA