ADVERTISEMENT

കൊച്ചി ∙ കോടഞ്ചേരിൽ പ്രണയ വിവാഹിതയായ ജോയ്സ്നയുടെ പിതാവ് മകളെ ഹാജരാക്കണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയിൽ നൽകിയ ഹേബിയസ് കോർപസ് ഹർജിയിലെ തുടർനടപടികൾ ഹൈക്കോടതി അവസാനിപ്പിച്ചു. തന്നെ ആരും തടവിലാക്കിയിട്ടില്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണു പോയതെന്നും ഭർത്താവ് ഷെജിനൊപ്പം പോകാനാണ് താൽപര്യമെന്നും ജോയ്സ്ന അറിയിച്ചതിനെ തുടർന്നാണു ജസ്റ്റിസ് വി.ജി.അരുൺ, ജസ്റ്റിസ് സി.എസ്.സുധ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നടപടികൾ അവസാനിപ്പിച്ചത്.

പിതാവ് ജോസഫ് നൽകിയ ഹർജിയെ തുടർന്ന് ജോയ്സ്നയെ ഹാജരാക്കാൻ ഹൈക്കോടതി പൊലീസിനു നിർദേശം നൽകിയിരുന്നു. ഇന്നലെ രാവിലെ കോടതിയിൽ ഹാജരായ ജോയ്‌സ്‌നയുമായി ഡിവിഷൻ ബെഞ്ചിലെ ജഡ്‌ജിമാർ സംസാരിച്ചു. മാതാപിതാക്കളുമായി സംസാരിക്കണോയെന്ന കോടതിയുടെ ചോദ്യത്തിന് ഇപ്പോൾ താൽപര്യമില്ലെന്നും പിന്നീടു സംസാരിക്കാമെന്നും മറുപടി നൽകി. ആരും തടവിലാക്കിയിട്ടില്ലെന്നും ഷെജിനൊപ്പം പോകാൻ അനുവദിക്കണമെന്നും പറഞ്ഞു. തുടർന്നു മൗലികാവകാശം സംരക്ഷിക്കേണ്ടതുണ്ടെന്ന‌ു ചൂണ്ടിക്കാട്ടി ഷെജിനൊപ്പം പോകാൻ കോടതി അനുവദിച്ചു. 

സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം റജിസ്റ്റർ ചെയ്യാൻ നൽകിയ അപേക്ഷയുടെ പകർപ്പ് ഷെജിൻ ഹാജരാക്കിയിരുന്നു.ജോയ്‌സ്‌ന താമരശ്ശേരി കോടതിയിൽ ഹാജരായി സ്വന്തം ഇഷ്ടത്തിനാണ് ഷെജിനൊപ്പം പോയതെന്ന് അറിയിച്ചെന്ന‌ു സർക്കാർ അഭിഭാഷകൻ അറിയിച്ചു. ദുഃസ്വാധീനത്തെ തുടർന്നാണ് ജോയ്‌സ്‌ന ഇങ്ങനെ പറയുന്നതെന്നും വിദേശത്തേക്ക് മകൾ പോകുന്നതു തടയണമെന്നും ഈ ഘട്ടത്തിൽ പിതാവിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. രക്ഷിതാവിന്റെ സാഹചര്യം കോടതിക്ക് മനസ്സിലാകുമെങ്കിലും ഇടപെടാൻ പരിമിതിയുണ്ടെന്ന‌് ഡിവിഷൻ ബെഞ്ച് വാക്കാൽ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com