ADVERTISEMENT

കൊച്ചി ∙ ബിസിനസ് സ്ഥാപനത്തിന്റെ പേരിൽ പണം കൈപ്പറ്റി വഞ്ചിച്ചുവെന്ന് ആരോപിച്ചുള്ള പരാതിയിൽ നടൻ ധർമജൻ ബോൾഗാട്ടി ഉൾപ്പെടെ 11 പേർക്കെതിരെ പൊലീസ് കേസെടുത്തു. ‘ധർമൂസ് ഫിഷ് ഹബ്’ എന്ന സ്ഥാപനത്തിന്റെ പേരിൽ 43 ലക്ഷം രൂപയിലേറെ പണം കൈപ്പറ്റിയ ശേഷം വഞ്ചിച്ചുവെന്ന് ആരോപിച്ചു മൂവാറ്റുപുഴ സ്വദേശി ആസിഫ് പുതുക്കാട്ടിൽ അലിയാർ നൽകിയ പരാതിയിലാണ് എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തത്.

ധർമജനു പുറമേ മുളവുകാട് സ്വദേശികളായ പി.വി. കിഷോർ കുമാർ, താജ് കടേപ്പറമ്പിൽ, ലിജേഷ്, ഷിജിൽ, ജോസ്, ഗ്രാൻഡി, ഫിജോൾ, ജയൻ, നിബിൻ, ഫെബിൻ എന്നിവർക്കെതിരെയാണു കേസ്. കോതമംഗലത്ത് ധർമൂസ് ഫിഷ് ഹബ് ഫ്രാഞ്ചൈസിക്കു വേണ്ടി പലപ്പോഴായി 43,30,587 രൂപ ബാങ്ക് വഴി കൈമാറിയെന്നു പരാതിയിൽ പറയുന്നു. 2019 നവംബറിൽ കോതമംഗലത്ത് സ്ഥാപനം ആരംഭിക്കുകയും മത്സ്യം ലഭ്യമാക്കുകയും ചെയ്തു.

2020 മാർച്ചിൽ മത്സ്യം നൽകുന്നതു നിർത്തി. ഇതു മൂലം പരാതിക്കാരന് 43 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണു കേസ്. എന്നാൽ, സ്ഥാപനത്തിന്റെ പേരിൽ താൻ പണം കൈപ്പറ്റിയിട്ടില്ലെന്നു ധർമജൻ ബോൾഗാട്ടി പറഞ്ഞു. സ്ഥാപനത്തിന്റെ ബ്രാൻഡ് അംബാസഡർ മാത്രമാണു താൻ. സ്ഥാപനത്തിൽ നിന്നു തനിക്കു ഒരു രൂപ പോലും ലഭിച്ചിട്ടില്ല. തന്നെ വ്യക്തിഹത്യ ചെയ്യാനുള്ള ശ്രമമാണിത്. നിയമ നടപടി സ്വീകരിക്കുമെന്നും ധർമജൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com