ADVERTISEMENT

കാക്കനാട്∙ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ പോളിങ് ഡ്യൂട്ടി നിയമനം നൽകുമ്പോൾ മണ്ഡലത്തിൽ സ്ഥിര താമസമുള്ള ജീവനക്കാരെ ഒഴിവാക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിച്ചു. തപാൽ വോട്ട് ഒഴിവാക്കാൻ കൂടി ലക്ഷ്യമിട്ടാണ് ഈ നടപടി. പോളിങ് ഡ്യൂട്ടിക്ക് 1,300 ജീവനക്കാർ മതിയാകുമെങ്കിലും ജില്ലയിലെ മുഴുവൻ ഓഫിസുകളിലെയും ജീവനക്കാരുടെ പട്ടിക ശേഖരിക്കാനാണ് തീരുമാനം. നിശ്ചിത ഓഫിസുകളിലെ ജീവനക്കാരെ തിരഞ്ഞെടുത്തു നിയമിക്കരുതെന്നാണ് ചട്ടം.

ജീവനക്കാരുടെ പട്ടിക ലഭ്യമാക്കി കംപ്യൂട്ടർ സഹായത്തോടെ റാൻഡമൈസേഷൻ നടത്തിയാകും 1,300 പേരെ തിരഞ്ഞെടുക്കുക. കേന്ദ്ര ഇൻഫർമാറ്റിക് വിഭാഗത്തിന്റെ സഹായത്തോടെ ഇ– ഡ്രോപ് സോഫ്റ്റ് വെയർ ഉപയോഗിച്ചാകും നിയമന ഉത്തരവ് തയാറാക്കുക. സംസ്ഥാന സർക്കാർ ജീവനക്കാരെയാണ് പോളിങ് ഡ്യൂട്ടിക്ക് നിയോഗിക്കുന്നത്. വോട്ടെണ്ണൽ ജോലികൾക്ക് കേന്ദ്ര സർക്കാർ, പൊതു മേഖല സ്ഥാപനങ്ങളിലെ ജീവനക്കാരെയും നിയമിക്കും. ജീവനക്കാരുടെ പട്ടിക ആവശ്യപ്പെട്ട് ഇന്നും നാളെയുമായി ജില്ലയിലെ എല്ലാ ഓഫിസ് മേധാവികൾക്കും കത്തു നൽകും. തൃക്കാക്കര നിയോജക മണ്ഡലത്തിൽ സ്ഥിര താമസമാക്കിയവരുടെ പേരു പ്രത്യേകം നൽകാനും നിർദേശിച്ചിട്ടുണ്ട്.

അതിരൂപതയുമായി ബന്ധമില്ല

കൊച്ചി ∙ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർഥി ഡോ. ജോ ജോസഫ് എറണാകുളം – അങ്കമാലി അതിരൂപതയുടെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന വ്യക്തി മാത്രമാണെന്നും അതിരൂപതയുമായി ബന്ധമില്ലെന്നും അൽമായ മുന്നേറ്റം അതിരൂപതാ സമിതി. സഭയുടെ സ്ഥാനാർഥി എന്നു പറയുന്നതിനേക്കാൾ നല്ലതു കർദിനാളിന്റെ സ്ഥാനാർഥി എന്നു പറയുന്നതാണെന്നു കൺവീനർ ബിനു ജോണും വക്താവ് റിജു കാഞ്ഞൂക്കാരനും പറഞ്ഞു. ഏതെങ്കിലും രാഷ്ടീയ കക്ഷിയുടെ പക്ഷം ചേരുന്നില്ലെന്നും തിരഞ്ഞെടുപ്പു പ്രകടന പത്രികയുടെ അടിസ്ഥാനത്തിൽ ഓരോരുത്തരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും എറണാകുളം - അങ്കമാലി അതിരൂപത സംരക്ഷണ സമിതി പിആർഒ ഫാ.ജോസ് വൈലിക്കോടത്ത് പറഞ്ഞു.

ഡപ്യൂട്ടി കലക്ടറെ മാറ്റിയതിനെതിരെ യുഡിഎഫ് 

കാക്കനാട്∙ തിരഞ്ഞെടുപ്പ് വിഭാഗം ഡപ്യൂട്ടി കലക്ടറെ സ്ഥലം മാറ്റിയതിനെതിരെ യുഡിഎഫ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർക്ക് പരാതി നൽകി. പകരം നിയമിച്ച ഡപ്യൂട്ടി കലക്ടർ 2011ൽ വോട്ടർ പട്ടികയിൽ ക്രമക്കേട് കാട്ടിയതിനു നടപടി നേരിട്ട വ്യക്തിയാണെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. ഭരണാനുകൂല സർവിസ് സംഘടന നേതാവായ ഇവർ നീതി യുക്തമായ തിരഞ്ഞെടുപ്പിനു തടസ്സമാണ്. സ്ഥലം മാറ്റം റദ്ദാക്കുകയോ നിഷ്പക്ഷനായ ഉദ്യോഗസ്ഥനെ നിയമിക്കുകയോ വേണമെന്നാണ് യുഡിഎഫിന്റെ ആവശ്യം.

തൃക്കാക്കര: കേരള കോൺഗ്രസ് നേതൃസംഗമം

കൊച്ചി ∙ തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കായി സംഘടിപ്പിച്ച കേരള കോൺഗ്രസ് ജില്ലാ നേതൃസംഗമം വർക്കിങ് പ്രസിഡന്റ് പി.സി.തോമസ് ഉദ്ഘാടനം ചെയ്തു.  ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം അധ്യക്ഷത വഹിച്ചു. ഫ്രാൻസിസ് ജോർജ്, സേവി കുരിശുവീട്ടിൽ, ജോസ് വള്ളമറ്റം, പായിപ്ര കൃഷ്ണൻ, വിൻസന്റ് ജോസഫ്, ജിസൺ ജോർജ്, ഷൈസൺ മാങ്ങഴ, ഡോ.ദിനേശ് കർത്ത, സാബു മറ്റക്കുഴി, ബോബി കുറുപ്പത്ത് എന്നിവർ പ്രസംഗിച്ചു.

സുകുമാരൻ നായർ പിതൃതുല്യൻ: ഉമ

ചങ്ങനാശേരി ∙ തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർഥി ഉമ തോമസ് എൻഎസ്എസ് ആസ്ഥാനത്തെത്തി ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി. മകൻ വിവേക് തോമസ്, കെപിസിസി വൈസ് പ്രസിഡന്റ് വി.പി.സജീന്ദ്രൻ എന്നിവർക്കൊപ്പം ഇന്നലെ രാവിലെ പത്തരയോടെയാണ് ഉമ എത്തിയത്. ജി.സുകുമാരൻ നായരെ കണ്ട് അനുഗ്രഹം വാങ്ങാനാണ് എത്തിയതെന്ന് ഉമ പറഞ്ഞു.

‘എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ പിതൃതുല്യനാണ്. പി.ടി.തോമസിന് എൻഎസ്എസുമായി നല്ല ആത്മബന്ധം ഉണ്ടായിരുന്നു. ജനറൽ സെക്രട്ടറിയുടെ അനുഗ്രഹം വാങ്ങുക എന്നത് ആദ്യമേ തന്നെ നിശ്ചയിച്ചിരുന്ന കാര്യമാണ്’ – ഉമ പറഞ്ഞു. എൻഎസ്എസ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗം ഹരികുമാർ കോയിക്കൽ, കരയോഗം റജിസ്ട്രാർ പി.എൻ.സുരേഷ് എന്നിവരും പങ്കെടുത്തു.

സഭ ഇടപെട്ടില്ല: ഇ.പി.ജയരാജൻ

പാലക്കാട് ∙ തൃക്കാക്കരയിലെ ഇടത് സ്ഥാനാർഥി നിർണയത്തിൽ സഭാ നേതൃത്വം ഇടപെട്ടിട്ടില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. പാലക്കാട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎം നേതൃത്വം ഏറെ ചർച്ചകൾക്കു ശേഷമാണു സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. തൃക്കാക്കരയിൽ ഇടത് സ്ഥാനാർഥി വിജയിക്കുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള വിമർശനം. സഭയെ അനാവശ്യ വിവാദങ്ങളിലേക്ക് തള്ളിയിടരുത്. പരാജയഭീതി കൊണ്ടാണു യുഡിഎഫ് ഇത്തരം പ്രചാരണം നടത്തുന്നതെന്നും ഇ.പി ജയരാജൻ പാലക്കാട് പറഞ്ഞു.

സിൽവർലൈനിലെ ജനവിധിയായി തൃക്കാക്കരയെ അംഗീകരിക്കുമോ : മുരളീധരൻ 

കോഴിക്കോട്∙ തൃക്കാക്കരയിലെ ഫലം സിൽവർലൈൻ പദ്ധതിക്കെതിരായ ജനവിധിയായി മുഖ്യമന്ത്രി അംഗീകരിക്കുമോയെന്നു  കേന്ദ്ര മന്ത്രി വി.മുരളീധരൻ.  സ്ഥാനാർഥി നിർണയത്തിനു ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയിൽ തന്നെ സിപിഎം സ്ഥാനാർഥിയുടെ മതപരമായ പശ്ചാത്തലം കൊട്ടിഘോഷിച്ചു. ഇടത്തും വലത്തും മതപ്രതിനിധികളെ ഇരുത്തി സ്ഥാനാർഥി പത്രസമ്മേളനം നടത്തിയത് തിരഞ്ഞെടുപ്പു ചട്ടലംഘനമാണോയെന്ന് നിയമപരമായി പരിശോധിക്കും.

യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവൻഷൻ 9 ന്

കൊച്ചി ∙ യുഡിഎഫ് തൃക്കാക്കര നിയോജകമണ്ഡലം തിരഞ്ഞെടുപ്പു കൺവൻഷൻ 9നു വൈകിട്ടു 4നു പാലാരിവട്ടം  മെഡിക്കൽ സെന്റർ ആശുപത്രിക്ക് എതിർവശം നടത്തും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി, കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫ് തുടങ്ങിയവർ പ്രസംഗിക്കും. സ്ഥാനാർഥി നിർണയത്തിലെ വേഗവും കൃത്യതയും തിരഞ്ഞെടുപ്പ് പ്രവർത്തനത്തിലും പാലിക്കുന്നുണ്ടെന്നു യുഡിഎഫ് ജില്ലാ ചെയർമാൻ ഡൊമിനിക് പ്രസന്റേഷനും കൺവീനർ ഷിബു തെക്കുംപുറവും പറഞ്ഞു. ബൂത്ത് കൺവൻഷനുകൾ ആരംഭിച്ചു. 16 മുതൽ കുടുംബയോഗങ്ങൾ സംഘടിപ്പിക്കും. 17 മുതൽ 21 വരെ സ്ഥാനാർഥി പര്യടനം നടത്തും.

ഗിരീഷ് ശർമ നിരീക്ഷകൻ

കാക്കനാട്∙ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ കേന്ദ്ര നിരീക്ഷകനായി മധ്യപ്രദേശ് കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥൻ ഗിരീഷ് ശർമയെ നിയമിച്ചു. അടുത്തയാഴ്ച ആദ്യം ഇദ്ദേഹം മണ്ഡലത്തിലെത്തും.

രാഷ്ട്രീയ പാർട്ടി യോഗം ഇന്ന് 

കാക്കനാട്∙ തൃക്കാക്കര ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ഇന്നു മൂന്നിന് കലക്ടറേറ്റിലെ പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടറേറ്റ് സമ്മേളന ഹാളിൽ ചേരുമെന്ന് വരണാധികാരി വിധു എ.മേനോൻ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com