ADVERTISEMENT

കൊച്ചി ∙  മഹാരാജാസ് കോളജ് എന്ന വൈകാരികതയിലും  ഗുരുശിഷ്യ ബന്ധത്തിന്റെ സ്നേഹോഷ്മളതയിലും കണ്ണു നനഞ്ഞ ദിവസമായിരുന്നു ഇന്നലെ ഉമ തോമസിന്. തൃക്കാക്കര പിടിക്കാനുള്ള പോരാട്ടച്ചൂടിനിടെയാണു യുഡിഎഫ് സ്ഥാനാർഥി ഉമ പ്രഫ.എം.കെ.സാനുവിനെയും ഡോ.എം.ലീലാവതിയെയും സന്ദർശിച്ച് അനുഗ്രഹം തേടിയത്. പി.ടി.തോമസിന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളും മഹാരാജാസിന്റെ മറ്റൊരു പെരുമയുമായ നടൻ മമ്മൂട്ടിയെയും ഉമ സന്ദർശിച്ചു. ലീലാവതി ടീച്ചറെ സന്ദർശിച്ചാണ് ഇന്നലെ പ്രചാരണത്തിനു തുടക്കമിട്ടത്.

‘‘നീ വോട്ടു ചോദിച്ചു വന്നില്ലെങ്കിലും എന്റെ എല്ലാ അനുഗ്രഹങ്ങളുമുണ്ട്, ജയിച്ചു വരും’’ – ടീച്ചറുടെ ആശംസ. കഴിഞ്ഞ 2 തിരഞ്ഞെടുപ്പുകളിലും പി.ടി.തോമസിനു കെട്ടിവയ്ക്കാൻ പണം നൽകിയ പതിവ് ഉമയുടെ കാര്യത്തിലും ടീച്ചർ തെറ്റിച്ചില്ല. സംസാരത്തിനിടെ വിതുമ്പിപ്പോയ ഉമയെ ചേർത്തു നിർത്തി കണ്ണുകൾ തുടച്ച ടീച്ചറുടെ കാൽ തൊട്ടു വന്ദിച്ച് അനുഗ്രഹം തേടിയ ശേഷമാണ് അവർ മടങ്ങിയത്. എം.കെ. സാനു ഉമയെ സ്വീകരിച്ചതും മഹാരാജാസ് ബന്ധം ഓർത്തെടുത്താണ്. ‘‘പി.ടിയും ഉമയും എന്റെ ശിഷ്യരാണ്. എന്റെ എല്ലാ അനുഗ്രഹങ്ങളുമുണ്ട്’’. അദ്ദേഹം പറഞ്ഞു.

ന‍ടൻ മമ്മൂട്ടിയെ വസതിയിൽ സന്ദർശിച്ചപ്പോഴും ഉമയ്ക്കു ലഭിച്ചതു ഊഷ്മളമായ ആതിഥ്യം. ഹൈബി ഈഡൻ എംപി, നടൻ രമേഷ് പിഷാരടി എന്നിവരും കൂടിക്കാഴ്ചയിൽ പങ്കാളികളായി. സൗഹൃദം പുതുക്കി പിരിയുമ്പോൾ ഉമയോടു മമ്മൂട്ടി പറഞ്ഞു: ‘‘ഓൾ ദ് ബെസ്റ്റ്.’’ ഉച്ചയ്ക്കു ശേഷം മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ സന്ദർശിച്ച ഉമ വൈകിട്ടു സിറോ മലബാർ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസ് സന്ദർശിച്ചു. കർദിനാൾ മാർ ജോർജ് ആലഞ്ചേരി സ്ഥലത്തുണ്ടായിരുന്നില്ല. വൈദികരുടെ ആശീർവാദം തേടിയശേഷം മടക്കം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com