ADVERTISEMENT

കൊച്ചി∙ ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട നിർണായക തെളിവുകളുണ്ടായിരുന്ന നടൻ ദിലീപിന്റെ ഫോൺ മുൻ ഭാര്യ മഞ്ജു വാരിയർ ആലുവാപ്പുഴയിലേക്കു വലിച്ചെറിഞ്ഞതായി സാക്ഷിമൊഴി. മൊഴികളുടെ വസ്തുത ബോധ്യപ്പെടാൻ അന്വേഷണ സംഘം മഞ്ജുവിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും. ഫോൺ പുഴയിലെറിഞ്ഞ സംഭവം സ്ഥിരീകരിക്കാൻ മഞ്ജു വാരിയരും തയാറായാൽ അതു കേസന്വേഷണത്തിൽ വഴിത്തിരിവാകും.

പീഡിപ്പിക്കപ്പെട്ട നടിയോടു ദിലീപിനുള്ള പകയ്ക്കുള്ള കാരണം തെളിയിക്കുന്ന ദൃശ്യങ്ങളും സന്ദേശങ്ങളും ഈ ഫോണിലുണ്ടായിരുന്നതായും ഇവ കണ്ട മഞ്ജു വാരിയർ അപ്പോൾ തോന്നിയ ദേഷ്യത്തിൽ ഫോൺ വീടിനു സമീപത്തെ പുഴയിലേക്ക് എറിഞ്ഞെന്നുമാണു സാക്ഷിമൊഴി. ഫോണിൽ കണ്ട കാര്യങ്ങളുടെ വസ്തുത ബോധ്യപ്പെടാൻ സിനിമാരംഗത്തെ പലരെയും മഞ്ജു നേരിൽ കണ്ടു സംസാരിച്ചതായും അക്രമിക്കപ്പെട്ട നടി മാത്രമാണു സഹകരിച്ചതെന്നും സാക്ഷിമൊഴിയിലുണ്ട്. 

ഇതോടെയാണു ദിലീപിന് അക്രമിക്കപ്പെട്ട നടിയോടു കടുത്ത വൈരാഗ്യം തോന്നിയതെന്നാണു അന്വേഷണ സംഘത്തിന്റെ നിഗമനം. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാൻ മഞ്ജു വാരിയർ നടി കാവ്യ മാധവന്റെ അടുത്ത ബന്ധുവിനെ ഫോണിൽ വിളിച്ചു സംസാരിച്ചതിന്റെ തെളിവുകളും അന്വേഷണസംഘത്തിനു ലഭിച്ചു. മഞ്ജു വിളിച്ചു സംസാരിച്ച കാര്യം കാവ്യയുടെ ബന്ധുവും ഇതുവരെ നിഷേധിച്ചിട്ടില്ല. 

കേസുമായി ബന്ധപ്പെട്ടു നടി കാവ്യ മാധവന്റെ ബാങ്ക് ലോക്കർ കഴി‍ഞ്ഞ ദിവസം അന്വേഷണ സംഘം തുറന്നു പരിശോധിച്ചെങ്കിലും ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ  വെളിപ്പെടുത്തിയിട്ടില്ല. ഈ ബാങ്ക് ലോക്കർ കാലിയായിരുന്നെന്നാണു വിവരം. ബാങ്കിലെ രേഖകൾ പ്രകാരം ഒരിക്കൽ മാത്രമാണു കാവ്യ മാധവൻ ബാങ്കിലെത്തി ലോക്കർ തുറന്നിട്ടുള്ളത്. നടിയെ പീ‍ഡിപ്പിച്ച സംഭവം കഴിഞ്ഞ് ഒന്നരമാസത്തിനു ശേഷമാണു ലോക്കർ തുറന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com