ADVERTISEMENT

കൊച്ചി ∙ ഇടച്ചിറയിൽ സ്വീകരണത്തിനിടെ റോഡിനു മറുവശത്തു കടയിൽ ചായയെടുക്കുന്ന സിദ്ദീഖിനെ കണ്ട് തൃക്കാക്കരയിലെ ഇടതുമുന്നണി സ്ഥാനാർഥി ഡോ. ജോ ജോസഫ് അങ്ങോട്ടു നടന്നു. 2012ൽ ബൈപാസ് സർജറിക്കു വിധേയനായ രോഗിക്കുമുന്നിൽ സർജറിയിൽ പങ്കാളിയായ ഡോക്ടർ. രണ്ടുപേരും തമ്മിലുള്ള അടുപ്പത്തിനു 10 വർഷത്തെ പഴക്കം . ഇൗ വഴി പോകുമ്പോൾ ചായ കുടിക്കാനിറങ്ങാമെന്നു അന്നേ വാക്കുകൊടുത്തതാണ്. ചൂടോടെ ചായ കുടിക്കാൻ പറ്റിയ സമയമെന്നു ഡോക്ടർ പറഞ്ഞപ്പോൾ സിദ്ദീഖിനു സന്തോഷം. ആരോഗ്യകാര്യങ്ങൾ അന്വേഷിച്ച്, മകളോട് വാപ്പയെ ശ്രദ്ധിക്കണമെന്ന ഉപദേശവും നൽകിയാണു ഡോക്ടർ മടങ്ങിയത്.

തിരഞ്ഞെടുപ്പു പ്രചാരണം ഇത്തരം ചില കൂടിക്കാഴ്ചകൾക്കു കൂടി ഡോ. ജോ ജോസഫിന് അവസരം ഒരുക്കുകയാണ്. ഇവർ നൽകുന്ന പിന്തുണയും ആശംസയും മറക്കാനാവില്ലെന്ന് അദ്ദേഹം പറയുന്നു. രാവിലെ ആറരയ്ക്കുതന്നെ കാക്കനാട് നവോദയയിൽ നിന്നു പര്യടനം തുടങ്ങിയ ജോ ജോസഫ് കുഴിക്കാല, വല്യാട്ടുമുകൾ, മനയ്ക്കക്കടവ്, വായനശാല, ഇടച്ചിറ, കുസുമഗിരി, അത്താണി, കാക്കനാട്, നിലംപതിഞ്ഞമുകൾ, ചിറ്റേത്തുകര എന്നിവിടങ്ങളിൽ ഉച്ചവരെ പര്യടനം നടത്തി. സിറോ മലബാർ സഭയുടെയും സിഎംഐ സഭയുടെയും ആസ്ഥാനത്തു സന്ദർശനം നടത്തി. 

ചിറ്റേത്തുകര ജുമാ മസ്ജിദ് ഖത്തീബ് മുഹമ്മദ് ബിലാൽ അഹ്‌സരിയോടും മറ്റുളളവരോടും തെരഞ്ഞെടുപ്പു വിശേഷങ്ങൾ പങ്കുവെച്ചു പിന്തുണ അഭ്യർഥിച്ച ശേഷമാണു സ്ഥാനാർഥി മടങ്ങിയത്. കടവന്ത്ര, വൈറ്റില, പാലാരിവട്ടം എന്നിവിടങ്ങളിലായിരുന്നു ഉച്ചയ്ക്കു ശേഷമുള്ള പര്യടനം. എംഎൽഎമാരായ എച്ച്.സലാം, കെ.പി. കുഞ്ഞഹമ്മദ് തുടങ്ങിയവരും പര്യടനത്തിൽ സ്ഥാനാർഥിക്കൊപ്പം ഉണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com