ADVERTISEMENT

വൈപ്പിൻ∙ മീൻ വറുതിക്കിടെ അപ്രതീക്ഷിതമായി എത്തിയ മഴ മത്സ്യബന്ധന ബോട്ടുകൾക്ക് പ്രതീക്ഷ പകരുന്നു. മഴ ശക്തമായി കടലിൽ തണുപ്പ് വ്യാപിക്കുന്നതോടെ തിരിയാൻ പോലുള്ള ‌മത്സ്യങ്ങൾ കൂടുതലായി ലഭിക്കുമെന്നാണ് ബോട്ടുകാരുടെ  പ്രതീക്ഷ. കരയിലേക്കു മടങ്ങാനുള്ള ഒരുക്കത്തിലായിരുന്ന പല ബോട്ടുകളും  ഇതുമൂലം  കടലിൽത്തന്നെ തുടരാനുള്ള  തീരുമാനത്തിലാണ്. മഴ ഉണ്ടെന്നല്ലാതെ  കാറ്റും കോളും ശക്തമല്ലെന്നതും ബോട്ടുകൾക്ക്  അനുകൂല ഘടകമായിട്ടുണ്ട്. അതേസമയം ഇത്തരം ബോട്ടുകൾക്കു ചരക്ക് ലഭിക്കുന്നതിന്റെ തോത് അറിഞ്ഞതിനു  ശേഷം മാത്രം കടലിൽ ഇറങ്ങിയാൽ മതിയെന്ന തീരുമാനത്തിലാണ്  ഇപ്പോൾ കരയിലുള്ള  ബോട്ടുകൾ. 

ഡീസൽ വില വർധനയെത്തുടർന്ന്  മത്സ്യബന്ധനച്ചെലവ് കൂടിയതാണ് ഈ സീസണിൽ ബോട്ടുകൾക്കു തിരിച്ചടിയായ ത്.ഇതു മൂലം കടലിൽ നിന്നു വിട്ടു നിൽക്കേണ്ടി വരുന്നത് ബോട്ടുകളുടെ നഷ്ടം ഇരട്ടിയാക്കുന്ന  സാഹചര്യവുമുണ്ട്.   കടൽ മത്സ്യബന്ധന മേഖലയ്ക്ക് ഇളവുകൾ നൽകണമെന്ന ബോട്ടുടമകളുടെ ദീർഘകാലമായുള്ള  ആവശ്യം  ഇപ്പോഴും അംഗീകരിക്കപ്പെട്ടിട്ടില്ല. അതേസമയം  അയൽ സംസ്ഥാനങ്ങളിൽ  ഡീസലിനു മുതൽ വലയ്ക്കു വരെ സബ്സിഡി ലഭിക്കുന്നുണ്ട്. ഇതു മൂലം അവിടുത്തെ ബോട്ടുടമകൾക്ക് കേരളത്തിലേതു പോലുള്ള  നഷ്ടം നേരിടേണ്ടി വരികയോ കരയിൽ കെട്ടിയിടേണ്ടി വരികയോ ചെയ്യുന്നില്ല.

കൂടുതൽ ദിവസം കടലിലിറങ്ങി അവർ കൂടുതൽ  വരുമാനമുണ്ടാക്കുകയാണെന്ന് ഈ രംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നു. കേരളത്തിൽ മീൻ ക്ഷാമമുള്ളപ്പോഴും അയൽ സംസ്ഥാനത്തെ തീരങ്ങളിൽ നിന്ന്   ഇൻസുലേറ്റഡ് ലോറികളിൽ  ഇവിടേക്ക് മീൻ എത്തുന്നത് ഇത്തരത്തിലാണ്. ദീർഘനാളായി  തുടരുന്ന പ്രതിസന്ധി  ഫിഷിങ് ബോട്ട് രംഗത്തേയും അനുബന്ധ മേഖലകളിലേയും തൊഴിലാളികളെയും   ആശങ്കയിലാക്കിയിട്ടുണ്ട്. ആഴ്ചകൾക്കുള്ളിൽ ട്രോളിങ് നിരോധനം തുടങ്ങുന്നതോടെ ഒന്നര മാസത്തോളം  ബോട്ടുകൾ തീരത്ത് പരിപൂർണ വിശ്രമത്തിലാവും. നിരോധനം കഴിഞ്ഞ് കടലിലിറങ്ങുമ്പോൾ ബോട്ടുകൾക്ക് വൻകൊയ്ത്ത് ലഭിക്കുന്ന പതിവിലും  കഴിഞ്ഞ ഏതാനും വർഷങ്ങളായി മാറ്റമുണ്ടായിട്ടുണ്ട്. നേരത്തെ വിവിധ തരം ചെമ്മീനുകളും കിളിമീനുമെല്ലാം ആ സമയത്ത്  കൂടുതലായി  ലഭിച്ചിരുന്നുവെങ്കിൽ ഇപ്പോൾ കാര്യങ്ങൾ നേരെ മറിച്ചാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com