അരൂർ ∙ കടലിൽ മീനിന്റെ ലഭ്യത കുറഞ്ഞതോടെ തീരവാസികളുടെ ജീവിതം ദുരിതത്തിലേക്ക്. ആറുമാസത്തിലധികമായി തൊഴിലാളികൾക്ക് പണിയില്ലാതായിട്ട്. അടിക്കടിയുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനവും വർധിച്ച ചൂടുമാണ് ഇതിനു കാരണമെന്നാണ് തൊഴിലാളികൾ പറയുന്നത്. മീൻ ഇല്ലാതായതിനൊപ്പം ഇന്ധനവില വർധിച്ചത് തൊഴിലാളികൾക്ക് ഇരുട്ടടിയായി. ഇതോടെ പകുതിയിലേറെ വള്ളങ്ങളും മത്സ്യബന്ധനം നിർത്തിവച്ചിരിക്കുകയാണ്.
മുൻപ് ഏപ്രിൽ, മേയ് മാസങ്ങളിൽ ചെമ്മീൻ, മത്തി, അയല എന്നിവ സുലഭമായി ലഭിച്ചിരുന്നു. എന്നാൽ കാലങ്ങളായി ഇതിൽ ഗണ്യമായ കുറവാണ്. ചെമ്മീനും മത്തിയും ലഭിച്ചിട്ട് നാളുകളായെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. കടൽച്ചുഴിയും നിരോധിത വലകൾ ഉപയോഗിച്ചുള്ള മത്സ്യ ബന്ധനവുമാണ് മത്സ്യസമ്പത്ത് ഗണ്യമായി കുറയാനുള്ള മറ്റൊരു കാരണം. നാമമാത്രമായി ലഭിക്കുന്ന അയല വിപണനം നടത്തിയാൽ ചെലവിനു പോലും തികയാത്ത സ്ഥിതിയുണ്ട്.
നാലുപേർ വരെ മത്സ്യബന്ധനം നടത്തുന്ന ചെറുവള്ളങ്ങൾ മാത്രമാണ് കടലിൽ പോകുന്നത്. ഇവർക്കാകട്ടെ രണ്ടു നേരവും കൂടി 30 ലീറ്റർ മണ്ണെണ്ണ വേണം. ഒഴുക്കു വലകളുമായി എട്ടുപേർ പോകുന്ന ഗില്ലറ്റ് വള്ളങ്ങൾക്ക് 25 ലീറ്റർ മണ്ണെണ്ണ ഒരുനേരം വേണം. രാവിലെയും വൈകിട്ടും കടലിൽപോകുന്ന ഈ വള്ളങ്ങൾക്ക് ദിവസം 50 ലീറ്റർ മണ്ണെണ്ണ വേണ്ടിവരുന്നു. 20 പേരുമായി പോകുന്ന ഡിസ്കോ വള്ളങ്ങൾക്ക് ദിവസം 100 ലീറ്റർ മണ്ണെണ്ണയും 35 പേരുമായി പോകുന്ന വീഞ്ച് വള്ളങ്ങൾക്ക് 300 ലീറ്റർ മണ്ണെണ്ണയും വേണം.
മണ്ണെണ്ണ വാങ്ങാനുള്ള കാശു പോലും അയല വിറ്റാൽ കിട്ടാതായതോടെ വലിയ വള്ളങ്ങളെല്ലാം കരയ്ക്കടിപ്പിച്ചു. പലരും കടം വാങ്ങിയും സ്വർണം പണയപ്പെടുത്തിയും മണ്ണെണ്ണ വാങ്ങി കടലിൽപ്പോയിട്ട് വെറും കൈയോടെ മടങ്ങേണ്ടി വരുന്നത് പതിവാണ്. ചെല്ലാനം മുതൽ തൈക്കൽ വരെ ചെറുതും വലുതുമായ 500 വള്ളങ്ങളാണ് മത്സ്യബന്ധനത്തിനു പോകുന്നത്. തീരത്തെ പട്ടിണി മാറ്റാൻ അടിയന്തര സാമ്പത്തികസഹായം നൽകാൻ സർക്കാർ തയാറാകണമെന്ന് വിവിധ മത്സ്യത്തൊഴിലാളി സംഘടനകൾ ആവശ്യപ്പെട്ടു.