ADVERTISEMENT

കൊച്ചി∙ കനത്ത മഴയെ തുടർന്നു ജില്ലയിൽ വ്യാപക നാശനഷ്ടം. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. പലയിടങ്ങളിലും മര‌ം വീണു ഗതാഗതം തടസ്സപ്പെട്ടു. ഇടറോഡുകളിലെല്ലാം വെള്ളം കയറി. പലയിടങ്ങളിലും കിണർ ഇടിഞ്ഞു താഴ്ന്നു. നഗരത്തിൽ കലൂർ, പനമ്പിള്ളിനഗർ, കെഎസ്ആർടിസി, സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരം എന്നിവിടങ്ങളെല്ലാം വെള്ളത്തിനടിയിലായി. കടവന്ത്ര കേന്ദ്രീയ വിദ്യാലയത്തിൽ ആരംഭിച്ച ക്യാംപിൽ 18 കുടുംബങ്ങളിലായി 37 പേരെ പാർപ്പിച്ചു. എറണാകുളം വില്ലേജ് പരിധിയിൽ ജഡ്ജസ് അവന്യ‌ു അംബേദ്കർ കോളനി, ജേണലിസ്റ്റ് കോളനി എന്നിവിടങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ പമ്പിങ് നടത്തി.

ernakulam-canal-water
നിറഞ്ഞു കവിഞ്ഞ ദുരിതം: എറണാകുളം സൗത്ത് പി ആൻഡ് ടി കോളനിയിലെ വീടുകൾക്കു പിന്നിലൂടെ ഒഴുകുന്ന തേവര – പേരണ്ടൂർ കനാൽ‍ കനത്ത മഴയിൽ നിറഞ്ഞു കവിഞ്ഞതോടെ പോളമൂടി കിടക്കുന്ന കനാലിലെ മലിനജലം ജനാലകളിലൂടെ വീടുകൾക്കുള്ളിലേക്കു കയറി. രാത്രി വൈകി വീടിനുള്ളിൽ വെള്ളം നിറഞ്ഞപ്പോഴാണു പലരും അപകടാവസ്ഥ അറിഞ്ഞതുതന്നെ. ചിത്രം: ടോണി ഡൊമിനിക് ∙മനോരമ

മുളന്തുരുത്തി വില്ലേജിൽ അമ്പേലിമല ഭാഗത്ത് വീടിനു സമീപത്തേക്ക് മതിൽ ഇടിഞ്ഞു വീണു. കടുങ്ങല്ലൂർ പഞ്ചായത്തിലെ ഉളിയന്നൂരിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ആലുവയിൽ നിന്നുമുള്ള അഗ്‌നിശമന സേനയുടെ നേതൃത്വത്തിൽ മരം മുറിച്ചു മാറ്റി. പറവൂർ താലൂക്ക് - ആലങ്ങാട് വില്ലേജിൽ കുന്നേൽ - കൊടുവഴങ്ങ റോഡ് കനത്ത മഴയിൽ ഇടിഞ്ഞു. പറവൂർ താലൂക്കിലെ ഏലൂർ വടക്കുംഭാഗം ആശ്രയ ഭവൻ, കുഴികണ്ടം ഭാഗത്തെ 8 വീടുകളിലും ഡിപ്പോ പരിസരത്തും വെള്ളം കയറി. ഏലൂർ ഫെറി ഭാഗത്തു 12 വീടുകളിൽ വെള്ളം കയറി. ഏലൂർ കിഴക്കുംഭാഗം ചിറാക്കുഴി ഭാഗത്തും വെള്ളക്കെട്ടായിരുന്നു. പറവൂർ താലൂക്ക് ഏലൂർ വില്ലേജിൽ പുലർച്ചെ വേലിയേറ്റവും മഴയും കാരണം ഒന്നര മീറ്റർ ഉയരത്തിൽ വെള്ളം ഉയർന്നു. 

ഏലൂർ ഫെറി മഞ്ഞുമ്മൽ ഭാഗങ്ങളിലെ വീടുകളിൽ വെള്ളം കയറി. ഏലൂർ ഡിപ്പോ റോഡ് വെള്ളത്തിനടിയിലായി. മഞ്ഞുമ്മലിൽ 110 നമ്പർ റേഷൻ കടയിൽ വെള്ളം കയറി അരി, ഗോതമ്പ് എന്നിവ വെള്ളത്തിലായി. മഞ്ഞുമ്മൽ ശങ്കർ ഫാർമസിക്കടുത്ത് കിണർ ഇടിഞ്ഞുതാഴ്ന്നു.പറവൂർ താലൂക്ക് കുന്നുകര പഞ്ചായത്തിൽ പൂമംഗലത്ത് സുബാ സൈഗന്റെ വീടിനു സമീപമുള്ള തിട്ടയിൽ നിന്നും മണ്ണ് ഇടിഞ്ഞു വീണു. വീടിനു നാശനഷ്ടങ്ങളില്ല. എളങ്കുന്നപ്പുഴയിൽ മരം റോഡിലേക്ക് മറിഞ്ഞ് ഗതാഗത തടസ്സമുണ്ടായി. അഗ്‌നിശമന സേനയെത്തി മരം മുറിച്ചുമാറ്റി. എടത്തല പഞ്ചായത്തിൽ തേവർ പറമ്പിൽ ഷംസുവിന്റെ വീട്ടിലെ കാർപോർച്ചിലുണ്ടായിരുന്ന കാറിനു മുകളിലേക്ക് 6 അടി ഉയരത്തിലുള്ള മതിൽ വീണു. അഗ്നിശമന സേനയെത്തി മതിൽ നീക്കം ചെയ്ത് കാർ പുറത്തെടുത്തു. പാടത്തിക്കര പിണർമുണ്ട ഇൻഫോപാർക്ക് റോഡിൽ പിണർ മുണ്ട മുസ്‌ലിം പള്ളിക്ക് സമീപം റോഡ് ഇടിഞ്ഞു. 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com