ലീവെടുത്തു, അമ്മയ്ക്കായി ഒത്തുപിടിക്കാൻ മക്കളും മരുമകളും

ernakulam-uma-with-children
തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർഥി ഉമ തോമസ് മക്കളായ വിവേകിനും വിഷ്ണുവിനുമൊപ്പം ഉച്ചഭക്ഷണത്തിനിടെ.
SHARE

ഉമ തോമസ് തൃക്കാക്കരയിൽ യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന് ഉറപ്പായതോടെ മകൻ ഡോ. വിഷ്ണുവും മരുമകൾ ഡോ. ബിന്ദുവും ലീവെടുത്തു. ഇനി പ്രചാരണം കഴിഞ്ഞേ തിരിച്ചു ജോലിക്കുള്ളൂ. പി.ടി. തോമസിന്റെ വിയോഗത്തിനു ശേഷം ജനുവരി അവസാനത്തോടെയാണ് ആസ്റ്റർ മെഡ്സിറ്റിയിൽ അക്കൗണ്ട്സ് വിഭാഗത്തിലെ ജോലിയിൽ ഉമ തിരിച്ചുകയറിയത്. അതിനു മുൻപേ, ദന്ത ഡോക്ടറായ മരുമകൾ ബിന്ദു ആലുവയിലെ ക്ലിനിക്കൽ ജോലിക്കു പോയി ത്തുടങ്ങി. തൊടുപുഴ അൽ അസ്ഹർ മെഡിക്കൽ കോളജിലെ ഡോക്ടറായ വിഷ്ണുവും തൃശൂർ ലോ കോളജിൽ എൽഎൽബി വിദ്യാർഥിയായ ഇളയ മകൻ വിവേകും രാവിലെ ഇറങ്ങിയാൽ പിന്നീടു വീട്ടിൽ ഒത്തുകൂടുന്നത് രാത്രിയിലാണ്.

ഉമ സ്ഥാനാർഥിയായതോടെ എല്ലാവരും ഇപ്പോൾ വീട്ടിലുണ്ട് . എൽഎൽബി പരീക്ഷയുടെ ഇടവേളയിൽ അമ്മയ്ക്കു വേണ്ടി വോട്ടുപിടിക്കാൻ വിവേകും ഓടിനടക്കുകയാണ്. ‘‘30 വർഷത്തിലധികമായി തൃക്കാക്കര മണ്ഡലത്തിൽ ഉള്ളവരാണു ഞങ്ങൾ. പഠിച്ചതും വളർന്നതും ഈ നാട്ടിൽ. സുഹൃത്തുക്കളും ബന്ധുക്കളുമായി ഒട്ടേറെ പരിചയക്കാരുണ്ട്. അപ്പയുടെ അടുപ്പക്കാർ വേറെ. അവരെയെല്ലാം നേരിൽക്കണ്ടു വോട്ടു ചോദിക്കണം. അതിനാണ് ഈ ലീവ്’’. വിഷ്ണു പറഞ്ഞു. ‘‘അപ്പ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സമയത്തു പ്രചാരണത്തിനായാലും വീട്ടിലെ കാര്യങ്ങൾക്കായാലും അമ്മ മുൻപിലുണ്ടാകും.

എന്നാൽ ഇപ്പോൾ അമ്മയുടെ റോൾ ഞങ്ങൾ മക്കൾ ഏറ്റെടുത്തിരിക്കുകയാണ്’’. വിവേക് പറഞ്ഞു. ‘‘അമ്മ പ്രചാരണത്തിരക്കിൽ ആയതോടെ വീട്ടിലെ കാര്യങ്ങളിൽ ഞങ്ങൾക്കായി ഉത്തരവാദിത്തം. നേരത്തെ ഒന്നും അറിയേണ്ടതില്ലായിരുന്നു, എല്ലായിടത്തും അമ്മയുടെ കയ്യെത്തും. ഇപ്പോൾ പ്രചാരണത്തിന് ഇറങ്ങും മുൻപ് അത്യാവശ്യമായി ചെയ്യേണ്ട കാര്യങ്ങൾ എന്തെങ്കിലുമുണ്ടെങ്കിൽ അമ്മ പറഞ്ഞ് ഏൽപ്പിച്ചാണു പോകുന്നത്. അതെല്ലാം  ഉത്തരവാദിത്തത്തോടെ ചെയ്യണം. അമ്മ സ്ഥാനാർഥിയായപ്പോൾ ഉണ്ടായ മാറ്റത്തെക്കുറിച്ച് മരുമകൾ ബിന്ദു. 

പ്രചാരണത്തിരക്കിനിടയിൽ ഉമയെ ഏറ്റവും മിസ് ചെയ്യുന്നതു വീട്ടിലെ ചെടികളാണ്. പാലാരിവട്ടം വൈലാശേരി റോഡിലെ വീട്ടിലെ ഗാർഡൻ സെറ്റ് ചെയ്തതും ഉമ തന്നെ. കിട്ടുന്ന ഇത്തിരി സമയത്തിനിടയിലും ഉമ ഈ ചെടികൾക്കിടയിലേക്ക് ഓടിപ്പോകുമെന്നു വിഷ്ണുവും വിവേകും പറയുന്നു (പി.ടിയുടെ വിയോഗശേഷം ഉമ ആഹാരം കഴിക്കുമ്പൊഴൊക്കെ ഒരു പാത്രത്തിൽ പി.ടിക്കും ആഹാരം വിളമ്പി വയ്ക്കുമെന്നത് അധികമാരുമാറിയാത്ത രഹസ്യം). രാഷ്ട്രീയം ഉമയ്ക്കു പുതിയ അനുഭവമല്ല. കെഎസ്‌യുവിൽ പ്രവർത്തിച്ച പരിചയവും കോൺഗ്രസ് നേതാക്കളോടുള്ള അടുപ്പമെല്ലാം പെട്ടെന്നു പ്രചാരണ രംഗത്തു ലയിച്ചു ചേരാൻ ഉമയെ സഹായിച്ചിട്ടുണ്ടെന്നാണു മക്കളുടെ വിലയിരുത്തൽ.

പി.ടിയുടെ പ്രചാരണ പരിപാടികളിൽ സ്ഥിരമായി ഉമയുടെ പാട്ടുമുണ്ടാകുമായിരുന്നു. കലയെ അത്രമേൽ സ്നേഹിക്കുന്ന പി.ടിയും ഉമയും മക്കളെയും കലാകാരൻമാരാക്കി. വിഷ്ണു 9 വർഷം ശാസ്ത്രീയ സംഗീതം പഠിച്ചിട്ടുണ്ട്. ചെറുപ്പത്തിൽ നൃത്തവും പഠിച്ചു. സ്കേറ്റിങ്ങിൽ സംസ്ഥാന ചാംപ്യനുമാണ്. വിഷ്ണുവിനേക്കാൾ എട്ടു വയസ്സു താഴെയുള്ള വിവേക് സ്കൂൾ തലത്തിൽ സ്കേറ്റിങ് മത്സരങ്ങളിൽ ദേശീയ ചാംപ്യനായിരുന്നു. മൃദംഗം ശാസ്ത്രീയമായി പഠിച്ചിട്ടുള്ള വിവേകിന് ഇപ്പോൾ ഗിത്താറിലാണു കമ്പം. 

മരുമകളും കലാപാരമ്പര്യത്തിൽ പിന്നിലല്ല. 9 വർഷം ശാസ്ത്രീയനൃത്തം പഠിച്ച ബിന്ദു സംഗീതവും അഭ്യസിച്ചിട്ടുണ്ട്. വിഷ്ണുവിന്റെയും ബിന്ദുവിന്റെയും പെണ്ണുകാണൽ ചടങ്ങിന് ആമുഖമായതു ചായയല്ല, പാട്ടായിരുന്നു. ഇരുവരും പാട്ടുപാടി പരസ്പരം ഹൃദയം തുറന്നു. പി.ടിക്കു മണ്ഡലത്തിൽ പൂർത്തിയാക്കാൻ കഴിയാതെ പോയ കാര്യങ്ങൾ ചെയ്തുതീർക്കേണ്ടതു തന്റെ കടമയാണെന്നാണ് ഉമയുടെ നിലപാട്. ആ സ്വപ്ന സാക്ഷാത്കാരത്തിനായി ഉമയോടൊപ്പം മക്കളുമുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാൻ അതു പറഞ്ഞതും ധ്യാൻ ചേട്ടൻ ഫ്ലാറ്റ് |  Ritunjay Sreejith | Sreejith Ravi | Prakashan Parakkkatte

MORE VIDEOS
FROM ONMANORAMA