ADVERTISEMENT

വൈപ്പിൻ∙കനത്ത മഴയും കടൽക്ഷോഭവും നിമിത്തം  തീരദേശത്ത് ജനജീവിതം ദുസ്സഹമായി. എടവനക്കാട് പഴങ്ങാട് ആഞ്ഞടിച്ച തിരമാലകളെ തുടർന്ന്  വീടുകളുടെ ഉള്ളിൽ വരെ വെള്ളമെത്തി. തീരദേശ റോഡിലും വെളളം നിറഞ്ഞു.  ദിവസങ്ങളായി  മഴയും കാറ്റുമുണ്ടെങ്കിലും  വൈപ്പിൻ തീരത്ത് കടൽ പൊതുവേ ശാന്തമായിരുന്നു. ഇന്നലെ ഉച്ചയോടെ  ഇതു മാറി. കടലിലെ  ജലനിരപ്പ് ഉയർന്ന തോതിലായതിനാൽ  കടൽ ഇളകിത്തുടങ്ങിയപ്പോൾ തന്നെ  കരയിലേക്ക് വൻതോതിൽ വെള്ളമെത്തി. 

എടവനക്കാട് പഴങ്ങാട് കടപ്പുറത്ത് ജനവാസ മേഖലയിലേക്ക് ഇരച്ചെത്തുന്ന കടൽവെള്ളം.

തിരമാലകൾ ശക്തിപ്രാപിച്ചതോടെ തീരദേശ റോഡ് നിറഞ്ഞു കവിഞ്ഞെത്തിയ വെള്ളം  വീടുകളുടെ അകത്തെത്തി. പഴങ്ങാട് തീരത്ത് ബൈജു കിഴക്കകത്ത്, സനൽ കാവുങ്കൽ, സുധീർ കാവുങ്കൽ, സലീഷ് ഓളിപ്പറമ്പിൽ, ജിനീഷ് വില്ലാർവട്ടത്ത് എന്നിവരുടെ  ‌വീടുകളിലാണ് വെള്ളം കയറിയത്.  ഇതു തുടർന്നാൽ ജനങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടിവരും. വൈപ്പിനിൽ  കടൽ ഭിത്തി ഏറ്റവും ദുർബലമായ തീരമാണ് പഴങ്ങാട്. ഇതു സംബന്ധിച്ച് കഴി‍ഞ്ഞ ദിവസം മലയാള മനോരമ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

പലയിടത്തും ഭിത്തി ഇടിഞ്ഞ് കൽക്കൂമ്പാരമായി  മാറി. കടൽഭിത്തിയുടെ അടിയിലെ വിടവുകളിലൂടെയും കരയിലേക്ക്  വെള്ളമെത്തുന്നു.  അതേസമയം മഴയെത്തുടർന്ന്  ഉൾപ്രദേശങ്ങളിലെ വെള്ളക്കെട്ട്  മാറ്റമില്ലാതെ തുടരുന്നു. കാനകൾ ഇല്ലാത്തതു മൂലം സംസ്ഥാനപാതയ്ക്കു  സമീപത്തും പലയിടത്തും വീടുകൾ വെള്ളത്തിൽ മുങ്ങുന്നു. എടവനക്കാട് സെന്റ്  അംബ്രോസ് പള്ളിയുടെ കിഴക്കു ഭാഗത്ത് 20ഓളം വീടുകൾ വെള്ളക്കെട്ടിന്റെ പിടിയിലാണ്. റോഡിന്റെ വടക്കുഭാഗത്തു നിന്നുള്ള  വെള്ളം ഒഴുകിയെത്തി കെട്ടി നിൽക്കുന്നതാണ് പ്രതിസന്ധിക്കു കാരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com