ADVERTISEMENT

കാക്കനാട്∙ മന്ത്രിമാരും മൂന്നു മുന്നണികളുടെയും തലയെടുപ്പുള്ള നേതാക്കളും നിറഞ്ഞതോടെ മഴയ്ക്കും തണുപ്പിക്കാനാകാത്ത വിധം തിളച്ചുമറിയുകയാണ് തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പു പ്രചാരണ രംഗം. മണ്ഡലത്തിനകത്തും സമീപ പ്രദേശങ്ങളിലുമുള്ള റെസ്റ്റ് ഹൗസുകളിലും ഹോട്ടലുകളിലും മുറികൾ കിട്ടാനില്ലാത്ത അവസ്ഥ. വിവിധ ജില്ലകളിൽ നിന്നെത്തിയ നേതാക്കൾക്കായി മുന്നണികളും വ്യക്തികളും ബുക്ക് ചെയ്തിട്ടിരിക്കുകയാണ് മുറികളെല്ലാം. ഹോട്ടലിൽ താമസിക്കാൻ താൽപര്യമില്ലാത്ത നേതാക്കൾക്കായി ഫ്ലാറ്റുകളും വീടുകളും വാടകയ്ക്കെടുത്തിട്ടുണ്ട്. ദൂരെ നിന്നുള്ള നേതാക്കൾക്കൊപ്പം അവിടത്തുകാരായ ഒട്ടേറെ പ്രാദേശിക നേതാക്കളും പ്രവർത്തകരും തൃക്കാക്കരയിലെത്തിയിട്ടുണ്ട്. ഇതര ജില്ലകളിൽ നിന്നെത്തുന്ന പ്രവർത്തകർ മുന്നണികളുടെ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസിൽ റിപ്പോർട്ട് ചെയ്യാനാണ് നിർദേശം.

അവിടെ നിന്നാണ് ഇവർക്കുള്ള ബൂത്തുകൾ നിശ്ചയിച്ചു നൽകുന്നത്. ഇവർക്കും താമസിക്കാനും ഭക്ഷണത്തിനും സൗകര്യം നൽകുന്നുണ്ട്. എൽഡിഎഫ് സ്ഥാനാർഥിക്കു വേണ്ടി നാലു ദിവസത്തെ പ്രചാരണത്തിനു ശേഷം തലസ്ഥാനത്തേക്കു പോയ മുഖ്യമന്ത്രി പിണറായി വിജയൻ ഉടൻ മണ്ഡലത്തിൽ തിരിച്ചെത്തും. ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള യുഡിഎഫ് നേതാക്കൾ മണ്ഡലത്തിൽ പര്യടനം തുടരുന്നു. കേന്ദ്രമന്ത്രി വി.മുരളീധരൻ എൻഡിഎയ്ക്കു വേണ്ടി രംഗത്തുണ്ട്. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, രമേശ് ചെന്നിത്തല, ശശി തരൂർ, വി.എം.സുധീരൻ, എം.എം.ഹസൻ, കൊടിക്കുന്നിൽ സുരേഷ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സി.ജോസഫ്, ടി.സിദ്ദീഖ്, എം.കെ.രാഘവൻ, ഡീൻ കുര്യാക്കോസ്, പി.സി.വിഷ്ണുനാഥ്, ഷാഫി പറമ്പിൽ തുടങ്ങിയവർ രംഗത്തുണ്ട്.

എൻ.ഷംസുദ്ദീന്റെ നേതൃത്വത്തിൽ 7 എംഎൽഎമാർ ഉൾപ്പെട്ട മുസ‍‍്‍ലിംലീഗ് സംഘവും എൻ.കെ.പ്രേമചന്ദ്രൻ എംപിയുടെ നേതൃത്വത്തിലുള്ള ആർഎസ്പി സംഘവും മറ്റു സഖ്യകക്ഷി നേതാക്കളും യുഡിഎഫിനായി മണ്ഡലത്തിൽ സജീവമാണ്. എൽഡിഎഫിനു വേണ്ടി എ.വിജയരാഘവൻ, എം.എ.ബേബി, ഇ.പി.ജയരാജൻ, തോമസ് ഐസക്, എം.എം.മണി, എ.എൻ.ഷംസീർ, കെ.ടി.ജലീൽ, മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസ്, എം.വി.ഗോവിന്ദൻ, അഹമ്മദ് ദേവർകേവിൽ, കെ.രാജൻ, റോഷി അഗസ്റ്റിൻ, വീണാ ജോർജ്, ചിഞ്ചുറാണി, വി.അബ്ദുൽ റഹ്മാൻ, ജി.ആർ.അനിൽ തുടങ്ങിയവർ രംഗത്തുണ്ട്. എൻഡിഎ സ്ഥാനാർഥിക്കു വോട്ടു തേടി കെ.സുരേന്ദ്രൻ, കുമ്മനം രാജശേഖരൻ, പി.കെ.കൃഷ്ണദാസ്, എം.ടി.രമേശ് ഉൾപ്പെടെയുള്ള നേതാക്കളും സജീവം.

മന്ത്രിസഭാ യോഗം ഓൺലൈനിൽ

കാക്കനാട്∙ തൃക്കാക്കരയിൽ ഉപതിരഞ്ഞെടുപ്പ് പ്രചാരണ രംഗത്തുള്ള മന്ത്രിമാർ കലക്ടറേറ്റിലെ വിഡിയോ കോൺഫറൻസ് ഹാളിലിരുന്നാണ് ഇന്നലത്തെ മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തത്. ഔദ്യോഗിക വാഹനം ഒഴിവാക്കിയാണ് മന്ത്രിമാരുടെ തിരഞ്ഞെടുപ്പു പര്യടനം. അത്യാവശ്യ സമയത്തു മാത്രം പൊലീസ് അകമ്പടിയുണ്ട്. പ്രവർത്തകരുടെ വീടുകളിലാണ് ഇടവേളകളിലെ വിശ്രമവും ഭക്ഷണവും. കുടുംബയോഗങ്ങളും സ്ഥാപനങ്ങളിലും വീടുകളിലും സന്ദർശനവുമാണ് മന്ത്രിമാരുടെ പ്രധാന പരിപാടികൾ.

ഫ്ലാറ്റുകളിൽ വോട്ട് തേടി ഉമ്മൻചാണ്ടി

കാക്കനാട്∙ പ്രാദേശിക കുടുംബ യോഗങ്ങൾക്കു പുറമേ ഫ്ലാറ്റുകളിലാണ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വോട്ടു തേടൽ. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഫ്ലാറ്റുകളുള്ള മണ്ഡലമെന്ന സവിശേഷത തൃക്കാക്കരയ്ക്കുണ്ട്. ഫ്ലാറ്റുകളിലെ വോട്ടർമാരിൽ കൂടുതലും പുറമേ നിന്നു വന്നു താമസിക്കുന്നവരാണ്. പുറത്തു നിന്നുള്ള നേതാക്കളുടെ സാന്നിധ്യം ഇവിടെ പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തൽ. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഫ്ലാറ്റുകൾ സന്ദർശിക്കുന്നുണ്ട്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com