റോഡിൽ മുട്ടറ്റം വെള്ളം പൊങ്ങി; ബസിന്റെതടക്കം എൻജിൻ വെള്ളം കയറി നിലച്ചു, യാത്ര ചെയ്യാനാകാത്ത സ്ഥിതി

ernakulam-martinpuram-church
കനത്ത മഴയിൽ മരട് മാർട്ടിൻപുരം പള്ളിയും പരിസരവും വെള്ളക്കെട്ടിലായപ്പോൾ
SHARE

തൃപ്പൂണിത്തുറ ∙ ശക്തമായ മഴയിൽ നഗരത്തിന്റെ പല പ്രദേശങ്ങളിലും വെള്ളക്കെട്ടു രൂക്ഷമായി. വടക്കേക്കോട്ട മുതൽ എൻഎസ്എസ് സ്കൂൾ പരിസരം വരെ റോഡിൽ മുട്ടറ്റം വെള്ളം പൊങ്ങി. വലിയ ബസിന്റെതടക്കം എൻജിൻ വെള്ളം കയറി നിലച്ചു. ഒട്ടേറെ കാറുകളും ഇരുചക്ര വാഹനങ്ങളും വെള്ളം കയറിയതിനാൽ തകരാർ സംഭവിച്ചിട്ടുണ്ട്. വെള്ളക്കെട്ട് ഇവിടെ രൂക്ഷമായതോടെ അമ്പിളി നഗർ റോഡിലൂടെയാണ് വാഹനങ്ങൾ പലതും തിരിച്ചു വിട്ടത്. ഇട റോഡുകളിൽ വാഹനഗതാഗതം പൂർണമായും സ്തംഭിച്ചു.

ernakulam-bus
ഇന്നലെ രാവിലെയുണ്ടായ ശക്തമായ മഴയിൽ തൃപ്പൂണിത്തുറ വടക്കേക്കോട്ട – എൻഎസ്എസ് സ്കൂൾ ഭാഗത്തെ റോഡിലുണ്ടായ വെള്ളക്കെട്ടിൽ കുടുങ്ങിപ്പോയ ബസ്.

പള്ളിപ്പറമ്പ്കാവ് – കോൺവന്റ് റോഡിൽ വെള്ളം പൊങ്ങിയതോടെ ഇതിലൂടെ യാത്ര ചെയ്യാനാകാത്ത സ്ഥിതിയായിരുന്നു. കാനകൾ കവിഞ്ഞു മാലിന്യങ്ങൾ റോഡിലൂടെ ഒഴുകി നടന്ന അവസ്ഥ. പുതുശേരി റോഡ്, വടക്കേക്കോട്ട, കോട്ടയ്ക്കകം, തെക്കുംഭാഗം തുടങ്ങിയ പ്രദേശങ്ങളിലെല്ലാം വെള്ളം പൊങ്ങി. കണ്ണൻകുളങ്ങര പാണ്ടിപ്പറമ്പ് റോ‍‍ഡിനു സമീപമുള്ള ഇടറോഡിൽ വെള്ളക്കെട്ടു രൂക്ഷമായിരുന്നു. ഇവിടെയുണ്ടായിരുന്ന തോട് നികത്തിയതാണു വെള്ളക്കെട്ടു ഉണ്ടാകാൻ കാരണം. എരൂരിലെ താഴ്ന്ന പ്രദേശങ്ങളും വെള്ളക്കെട്ടിലാണ്. മെട്രോ സ്റ്റേഷൻ നിർമാണം നടക്കുന്ന തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനു സമീപമുള്ള വീടുകളിലും വെള്ളം കയറി.

വെള്ളക്കെട്ടിൽ മരട്

മരട് ∙ തോരാമഴയിൽ മരടിലെ എല്ലാ ഡിവിഷനുകളിലെയും താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിലായി. ഒട്ടേറെ വീടുകളിൽ വെള്ളം കയറി. ആരെയും മാറ്റി പാർപ്പിക്കേണ്ട സാഹചര്യം ഉണ്ടായില്ലെന്ന് വില്ലേജ് അധികൃതർ പറഞ്ഞു. അതേസമയം, തന്റെ വീട് മുട്ടറ്റം വെള്ളത്തിലായ വിവരം അറിയിച്ചിട്ടും നഗരസഭാധികൃതർ തിരിഞ്ഞു നോക്കിയില്ലെന്ന് നെട്ടൂർ നോർത്ത് ഇളംതുരുത്തിൽ ബിനു ജോയി പരാതിപ്പെട്ടു. 2 പെൺകുട്ടികളും ഭാര്യയുമടങ്ങുന്നതാണു കുടുംബം. മഴക്കാല പൂർവ ശുചീകരണം പല ഡിവിഷനുകളിലും തുടങ്ങാത്തതാണു പതിവില്ലാത്ത ഇടങ്ങളിൽ പോലും വെള്ളക്കെട്ട് രൂക്ഷമാക്കിയത്.

നെട്ടൂർ പ്രിയദർശിനി ഹാളിൽ ചടങ്ങുപോലെ യോഗം വിളിച്ചതല്ലാതെ തോടുകൾ വൃത്തിയാക്കാനോ മറ്റു പ്രവർത്തികൾ നടത്താനോ നഗരസഭ ഒരുക്കം നടത്തില്ലെന്ന് എൽഡിഎഫ് ആരോപിച്ചു. മരടിനെ വെള്ളക്കെട്ടിൽ നിന്നു രക്ഷിക്കുന്നതിനാവശ്യമായ നടപടി അടിയന്തരമായി സ്വീകരിക്കണമെന്ന് എൽഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് സി.ആർ.ഷാനവാസ് ആവശ്യപ്പെട്ടു. മഴക്കാല പൂർവ ശുചീകരണം നല്ലരീതിയിൽ നടന്നുവരികയാണെന്ന് നഗരസഭാധ്യക്ഷൻ ആന്റണി ആശാൻപറമ്പിൽ പറഞ്ഞു. പ്രതികൂല കാലാവസ്ഥ ശുചീകരണത്തെ ബാധിച്ചിട്ടുണ്ട്. രാവിലെ തന്നെ കാനകളിലെ മാലിന്യങ്ങൾ നീക്കം ചെയ്തതോടെ വെള്ളക്കെട്ടിനു താൽക്കാലിക പരിഹാരം കാണാൻ കഴിഞ്ഞെന്നും നഗരസഭാധ്യക്ഷൻ പറഞ്ഞു.

അയിനിത്തോട്

മരടിലെ പെയ്ത്തു വെള്ളം മുഴുവൻ സ്വീകരിക്കുന്ന അയിനിത്തോടിന്റെ ഇരുകരകളും പതിവു പോലെ നിറഞ്ഞു കവി‍ഞ്ഞു. തോട് കടന്നു പോകുന്ന 10,11,12 ഡിവിഷനുകളിൽ മുഴുവനായും മറ്റിടങ്ങളിൽ ഭാഗികമായും വെള്ളം കയറി. അയിനി– പേട്ട, മാധ്യമം, ബിടിസി, ജയന്തി തുടങ്ങി എല്ലാ റോഡുകളും ഇടവഴികളും വെള്ളത്തിലായി. തോടിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കലും കലുങ്കുകൾ പുതുക്കി പണിയലും 10 വർഷം കഴിഞ്ഞിട്ടും പൂർത്തിയായിട്ടില്ല. 

മരടിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ ജില്ല ദുരന്ത നിവാരണ സമിതി വർഷങ്ങൾക്കു മുൻപ് നൽകിയ നിർദേശങ്ങൾ ഇതുവരെ നടപ്പാക്കിയിട്ടില്ല. ഹൈവെയിലെ കലുങ്ക് ഉയർത്തി പണിയുന്നതും ബണ്ട് റോഡിലെ സ്ലൂസ് വലുതാക്കുന്നതും തോടിലെ കേബിളുകളും പൈപ്പുകളും നീക്കം ചെയ്യാൻ പോലുമായില്ലെന്ന് അയിനിത്തോട് സംരക്ഷണ സമിതി ഭാരവാഹി എം.ജെ.പീറ്റർ പറഞ്ഞു.

മരട് മാർക്കറ്റ്

ലക്ഷങ്ങൾ മുടക്കി ശുചീകരണം നടത്തിയ മരട് മൊത്ത വ്യാപാര വിപണിയും പതിവുപോലെ വെള്ളക്കെട്ടിലായി. മാർക്കറ്റിലെ കടകളിൽ എത്തിയത് മുട്ടോളം ചെളിവെള്ളത്തിൽ നീന്തിയാണ്.  മാർക്കറ്റിലെ വെള്ളക്കെട്ടിനു കാരണമായ അശാസ്ത്രീയ കാന നിർമാണത്തെ പറ്റി നേരത്തേ പരാതി ഉള്ളതാണ്. മാലിന്യങ്ങൾ, പ്ലാസ്റ്റിക്, ചാക്ക്, വാഴക്കുലയുടെ തണ്ട് തുടങ്ങിയ കാനയിൽ അടിഞ്ഞു കൂടിയ നിലയിലാണ്. കാനയിൽ മാലിന്യം തള്ളരുതെന്ന് അധികൃതർ  നിർദേശിക്കാറുണ്ടെങ്കിലും വ്യാപാരികൾ ശ്രദ്ധിക്കുന്നില്ലെന്ന് മാർക്കറ്റ് അതോറിറ്റി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എ.ആർ.പ്രസാദ് പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

താരമൂല്യം കൊണ്ടുമാത്രം സിനിമ ഹിറ്റാവില്ല ! Pritviraj Sukumaran | Kaduva Movie

MORE VIDEOS
FROM ONMANORAMA