ADVERTISEMENT

പ്രിയമുള്ളവരേ... നിങ്ങളുടെ അനുഗ്രഹം വാങ്ങാൻ... തൃക്കാക്കരയിൽ വികസനത്തിന്റെ പുതുരക്തം നിറയ്ക്കാൻ... അനൗൺസ്മെന്റ് വാഹനത്തിൽ നിന്നു മുപ്പത്തടം സ്വദേശി രജീഷ് അൽപം നീട്ടിത്തന്നെ ഇടതു സ്ഥാനാർഥി ഡോ. ജോ ജോസഫിന്റെ വരവ് അറിയിക്കുമ്പോൾ വി.എസ്.അച്യുതാനന്ദൻ ഇൗ വഴി പ്രസംഗിച്ചുകൊണ്ടു വരികയാണോ എന്നു തോന്നും.

തൊട്ടു പിന്നാലെ തുറന്ന ജീപ്പിൽ സ്ഥാനാർഥി വരുന്നു. ഇടുങ്ങിയ വഴികളിൽ, സ്ഥാനാർഥിയുടെ വേഗം ജീപ്പിനില്ല. തിരക്കിൽ ജീപ്പ് ബ്രേക്കിടുമ്പോൾ ജോ ജോസഫ് പുറത്തിറങ്ങും. ഗേറ്റിൽ കാത്തുനിൽക്കുന്ന പ്രായമായവർക്കും കുട്ടികൾക്കും ഓരോ ചുവന്ന പൂക്കൾ സമ്മാനം. ഒരു പൂ അങ്ങോട്ടു തരുമ്പോൾ ഒരു വോട്ട് ഇങ്ങോട്ട് എന്ന മട്ടിൽ. പൂ മേടിക്കാൻ കുട്ടികൾ പര്യടന വാഹനത്തിന്റെ കൂടെക്കൂടുന്നു. ആരെയും ജോ നിരാശനാക്കുന്നില്ല. 

 മഴപ്രചാരണം

ഒരു ബ്ലാക് ആൻഡ് വൈറ്റ് ദിവസ പ്രചാരണമായിരുന്നു ഇന്നലെ. ആശുപത്രിയിൽ ലീവെടുക്കുന്നതിൽ പിശുക്കനായ ജോ ജോസഫ് ‌പൊതു പ്രചാരണത്തിനു ‘ഹാഫ് ഡേ’ ലീവ് എടുത്തു. സ്വയം എടുത്തതല്ല, പെരുമഴ. വഴി എല്ലാം മുങ്ങിക്കിടക്കുമ്പോൾ എങ്ങനെ പ്രചാരണം എന്നതിനാൽ പാർട്ടി നൽകിയതാണു ലീവ്. ആ ലീവ് പോലും വോട്ടർമാരെ നേരിൽ കണ്ടു മുതലാക്കി. ഉച്ചയ്ക്കു ശേഷം പൊതുപ്രചാരണം പുനരാരംഭിക്കുമ്പോൾ വെയിൽ തെളിഞ്ഞു. മാമംഗലം തറേപ്പറമ്പിൽ വൈകിട്ടു നാലിനു പ്രചാരണം പുനരാരംഭിക്കുകയാണ്.

എം.എം. മണിയുടെ കൈവശം മൈക്ക്. ശിവദാസൻ എംപി, എംഎൽഎമാരായ പി.എച്ച്. കുഞ്ഞമ്പു, കാനത്തിൽ ജമീല, ആന്റണി ജോൺ, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സി.എം. ദിനേശ്മണി എന്നിവർ വേദിയിലും സദസിൽ നൂറോളം  ശ്രോതാക്കളും. മറ്റു മണ്ഡലങ്ങൾ നോക്കാനാണു വോട്ടർമാരോടു മണിയാശാൻ പറയുന്നത്. ഇവിടെ പറ്റില്ലെങ്കിൽ ഇടുക്കിയിൽ വന്നു നോക്ക്. കിഫ്ബി പദ്ധതികൾ വരുത്തിയ മാറ്റം കാണാം. തൃക്കാക്കരയിൽ ഒന്നും സംഭവിച്ചിട്ടില്ല. കോൺഗ്രസുകാരുടെ സാധാരണ പണിയാണ് ഇതെന്നാണ് ആശാന്റെ പക്ഷം. പുതുപ്പള്ളി മണ്ഡലത്തിന്റെ ഉദാഹരണം അദ്ദേഹം എടുത്തിട്ടു.

ആനയുടെ പുറം പോലെയാണ് അവിടെ റോഡ്. പാലായിൽ അങ്ങനെയല്ല. കെ.എം.മാണിയുടെ പാർട്ടി ഇടതുപക്ഷത്ത് ആയതുകൊണ്ടല്ല അതെന്ന് മണിയാശാൻ ആണയിടുന്നു. ഏതു സർക്കാരാണെങ്കിലും കെ.എം. മാണി കുറേ കാര്യങ്ങൾ ചെയ്തു. തൃക്കാക്കര പുതുപ്പള്ളിയാക്കണോ പാലാ ആക്കണോ എന്നാണു ചോദ്യം. തൃക്കാക്കരയുടെ പിന്നാക്കാവസ്ഥ മാറ്റാൻ ഇനിയുള്ള 4 വർഷത്തേക്ക് ഇടതു സ്ഥാനാർഥിയെ ജയിപ്പിച്ചാൽ മതിയെന്നു പറഞ്ഞുവയ്ക്കുമ്പോഴേക്കും സ്ഥാനാർഥിയെത്തി.

 നിറംചുവപ്പ്

ചുവന്ന പൂക്കൾ, ചുവന്ന മുത്തുക്കുടകൾ, ബലൂണുകൾ.....പഴക്കുലയ്ക്കു മാത്രം നിറം മഞ്ഞ. ചുവപ്പാണ് ഇടതിന്റെ നിറം. അതിനാൽ ചുവപ്പു കഴിഞ്ഞിട്ടേ ഇടതു സ്ഥാനാർഥിയുടെ സ്വീകരണത്തിൽ മറ്റു നിറങ്ങൾക്ക് ഇടമുള്ളു. മഴ പേടിച്ചിട്ടാവണം, സ്ഥാനാർഥി എത്തുമ്പോൾ പൊട്ടിക്കാനുള്ള മാലപ്പടക്കത്തിനു പ്ലാസ്റ്റിക് കവർ. സ്ഥാനാർഥി സ്വീകരണമേറ്റുവാങ്ങുമ്പോൾ പടക്കം പൊട്ടുന്നില്ല. വഴിയിൽ പാർക്ക് ചെയ്ത വാഹനമാണു തടസ്സം. സ്ഥാനാർഥി പോകും മുൻപുതന്നെ മാലപ്പടക്കത്തിനു തീ കൊളുത്തി. 

 ഊർജം നിറച്ച്

‘ഓരോ നിമിഷവും ആവേശം. പൊതു പര്യടനം ഇതു നാലാം ദിവസമാണ്. ഇന്നാണു തെളിഞ്ഞ കാലാവസ്ഥ. തൃക്കാക്കരയിൽ   മാറ്റം കാണുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇവിടെ വീശാതെ പോയ ഇടതു കാറ്റിന്റെ വരവറിയുന്നു’. സ്വീകരണത്തിനു  ഹ്രസ്വമാണു ജോ ജോസഫിന്റെ മറുപടി. വികസനത്തിനും ക്ഷേമത്തിനും മതനിരപേക്ഷതയ്ക്കും അദ്ദേഹം വോട്ടു ചോദിക്കുന്നു. സ്ഥാനാർഥിയുടെ വഴി തെളിക്കാൻ പ്രാദേശിക നേതാക്കളും പ്രവർത്തകരും ഉത്സാഹത്തോടെ മുന്നിലും പിന്നിലുമായുണ്ട്.

‘ഉറപ്പാണ് 100, ഉറപ്പാണ് തൃക്കാക്കര’ മുദ്രാവാക്യം പ്രചാരണ വാഹനത്തിലും പ്ലക്കാർഡുകളിലുമുണ്ട്. തെയ്യവും ബാൻഡും ചെണ്ടമേളവും മുദ്രാവാക്യങ്ങളും വെടിക്കെട്ടും ആഘോഷമാക്കുന്ന സ്വീകരണങ്ങൾ ഒന്നിനു പുറമേ ഒന്നായി. ഓരോ യോഗവും കഴിയുമ്പോഴേക്കും കൂടുതൽ ഉൗർജം നേടിയ പ്രതീതി. പൂക്കളും പഴങ്ങളും പച്ചക്കറികളും വാഹനത്തിൽ നിറയുന്നു. അതെല്ലാം പ്രചാരണ ദിവസത്തിനൊടുവിൽ പാവപ്പെട്ടവരുടെ വീടുകളിലേക്കു പാർട്ടി പ്രവർത്തകർ നൽകും.

 പര്യടനം

തൃക്കാക്കര നഗരസഭയിലെ ശുചീകരണ തൊഴിലാളികളുടെ സ്വീകരണം ഏറ്റുവാങ്ങിയാണു രാവിലെ പ്രചാരണം തുടങ്ങിയത്. വൈറ്റില അമ്പേലിപ്പാടം, റെയിൽ നഗർ എന്നിവിടങ്ങളിൽ വെള്ളം കയറിയ പ്രദേശങ്ങൾ സന്ദർശിച്ചു. കുഞ്ഞൻ ബാവാ റോഡ്, പാരഡൈസ് റോഡ്, പൊന്നുരുന്നി നോർത്ത്, ശ്രീനാരായണേശ്വരം ക്ഷേത്രം, കാച്ചപ്പിള്ളി റോഡ്, സെന്റ് പാട്രിക് ചർച്ച്, ജനത ജംക്‌ഷൻ, ബണ്ട് റോഡ്, മേജർ റോഡ്, പാടിവട്ടം കൊടുപറമ്പ്, നേതാജി റോഡ് ജംക്‌ഷൻ, ബാങ്കർ ജംക്‌ഷൻ, പാടിവട്ടം സ്കൂൾ ജംക്‌ഷൻ, തളിപ്പറമ്പ് ജംക്‌ഷൻ, വട്ടംതിട്ട, തൈയ്ക്കാവ് ജംക്‌ഷൻ, ആദപ്പിള്ളി ജംക്‌ഷൻ, ശ്രീകല റോഡ്, ആലിൻചുവട് എന്നിവിടങ്ങളിലായിരുന്നു പ്രചാരണം. ഇടതു മുന്നണി ജില്ലാ കൺവീനർ ജോർജ് ഇടപ്പരത്തി ഉദ്ഘാടനം ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com