ADVERTISEMENT

മുളന്തുരുത്തി∙ വേഴപ്പറമ്പു കോലഞ്ചേരി കടവു പ്രദേശത്തെ വെള്ളപ്പൊക്ക ഭീഷണി പരിഹരിക്കാൻ പഞ്ചായത്തിന്റെ നേതൃത്വത്തിൽ തോട് വൃത്തിയാക്കൽ  തുടങ്ങി. പായലും മാലിന്യവും തോട് കയ്യേറ്റവും നിമിത്തം  കോലഞ്ചേരി കടവ് തോട്ടിലെ (ചെങ്ങോലപ്പാടം തോട്) ഒഴുക്കു നിലച്ചു വീടുകളിൽ കഴിഞ്ഞ ദിവസം വെള്ളം കയറി. വിഷയം മനോരമ റിപ്പോർട്ട് ചെയ്തതോടെയാണു അടിയന്തരമായി തോടു വൃത്തിയാക്കാൻ പഞ്ചായത്ത് ഭരണസമിതി നടപടിയെടുത്തത്.ചെങ്ങോലപ്പാടം  പാടശേഖരം മുതൽ കോലഞ്ചേരിക്കടവു വരെ മഴക്കാലത്തിനു മുൻപു തോടു വൃത്തിയാക്കാൻ പഞ്ചായത്ത് തുക വകയിരുത്തിയിരുന്നു. എന്നാൽ ടെൻഡർ എടുത്ത കരാറുകാരൻ ജോലി തുടങ്ങിയില്ല. ഇതോടെയാണു പഞ്ചായത്ത് പ്രസിഡന്റ് ഇടപെട്ടത്.  

ഇന്നലെ രാവിലെ മുതൽ പ്രസിഡന്റിന്റെയും പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ബിനി ഷാജിയുടെയും മേൽനോട്ടത്തിലാണു തോടു വൃത്തിയാക്കൽ ജോലി  തുടങ്ങിയത്.  തോട് കോണത്തു പുഴയുമായി ചേരുന്ന കോലഞ്ചേരി കടവ് ഭാഗത്താണു വൃത്തിയാക്കൽ തുടങ്ങിയത്. 3 ലക്ഷം രൂപയാണു തോടു വൃത്തിയാക്കാൻ പഞ്ചായത്ത് വകയിരുത്തിയിട്ടുള്ളത്. 6 ദിവസം കൊണ്ടു തോടു പൂർണമായും വൃത്തിയാക്കുമെന്നു പ്രസിഡന്റ് പറഞ്ഞു. തോടിന്റെ സമീപത്തെ വീടുകളിലേക്കു വെള്ളം കയറുന്നതു തടയാൻ സംരക്ഷണ ഭിത്തി കെട്ടാൻ പദ്ധതി തയാറാക്കാൻ ഇറിഗേഷൻ വകുപ്പിനോടു പഞ്ചായത്ത് ആവശ്യപ്പെട്ടിട്ടുണ്ട്.

തലവേദനയായി പാലം

തോടിനു കുറുകെ സ്വകാര്യ വ്യക്തി നിർമിച്ച പാലം പഞ്ചായത്തിനു തലവേദനയായി. ഇറിഗേഷൻ വകുപ്പിന്റെ അനുമതിയുണ്ടെന്ന മറവിലാണു കോലഞ്ചേരി കടവിൽ സ്വകാര്യ വ്യക്തി അനധികൃതമായി പുതിയ പാലം നിർമിച്ചത്. എന്നാൽ പഴയ പാലം പൊളിച്ചു മാറ്റാതെ അതിനു മുകളിൽ പുതിയ പാലം പണിതത് തോട്ടിലെ ഒഴുക്കിനെ  ബാധിക്കുമെന്നാണു പരാതി. ഉയരം കൂട്ടാതെ പാലം നിർമിച്ചതിനാൽ ഇതിനടിയിൽ പായലും മാലിന്യവും തങ്ങി നിൽക്കുന്നുണ്ട്. 

പാടത്തിലൂടെയുള്ള റോഡ് പഞ്ചായത്തിന്റെ അനുമതി കൂടാതെ ഉയരം കൂട്ടാനുള്ള ജോലികളും ആരംഭിച്ചിരുന്നു. ചെറുതോടുകളുടെ ഒഴുക്ക് തടസ്സപ്പെടുത്തിയുള്ള നിർമാണം നിർത്തിവയ്ക്കാൻ നിർദേശം നൽകിയിട്ടുണ്ട്. തോടുകളിലെ നീരൊഴുക്ക് തടസ്സപ്പെട്ടതും വീടുകളിൽ വെള്ളം കയറാൻ കാരണമായി. സംഭവത്തിൽ ഇറിഗേഷൻ വകുപ്പിനോടു റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com