ആശാ ഭവനിലെ പാവങ്ങളുടെ 4.36 ലക്ഷം സർക്കാർ ‘അടിച്ചുമാറ്റി’; മാനേജിങ് കമ്മിറ്റി പോലും അറിഞ്ഞില്ല

indian-currency
SHARE

കാക്കനാട്∙ സാമൂഹികനീതി വകുപ്പിന്റെ ആശാ ഭവനിലെ മാനസിക വെല്ലുവിളി നേരിടുന്ന അന്തേവാസികൾ ജോലി ചെയ്തുണ്ടാക്കിയ പണം ആരുമറിയാതെ സർക്കാർ ഖജനാവിലേക്ക് മുതൽക്കൂട്ടി. അന്തേവാസികളുടെ ചികിത്സയ്ക്കും വ്യക്തിപരമായ ആവശ്യങ്ങൾക്കും വിനിയോഗിക്കാൻ നീക്കിവച്ച 4.36 ലക്ഷം രൂപയാണ് മാനേജിങ് കമ്മിറ്റി പോലും അറിയാതെ സർക്കാർ എടുത്തത്. 

ഇതിൽ 1.97 ലക്ഷം രൂപ ഹോർട്ടികോർപ്പിന്റെ സവാളയുടെ തൊലി കളയുന്ന ജോലി ചെയ്ത് അന്തേവാസികൾ സമാഹരിച്ചതാണ്. ശേഷിക്കുന്ന തുക അന്തേവാസികളുടെ ക്ഷേമത്തിനായി സംഭാവന ലഭിച്ചതും. മാനസിക രോഗം ഭേദപ്പെട്ടിട്ടും ബന്ധുക്കൾ ഏറ്റെടുക്കാത്ത 50 പുരുഷൻമാരാണ് ആശാഭവനിലുള്ളത്. 18 മുതൽ 90 വയസു വരെ പ്രായമുള്ളവർ ഇവിടെയുണ്ട്. 

ഒരു കിലോഗ്രാം സവാള തൊലി കളഞ്ഞു വൃത്തിയാക്കി കൊടുത്താൽ ഒരു രൂപ കൂലി ലഭിക്കും. വർഷങ്ങളോളം ഈ തൊഴിൽ ചെയ്തു സമ്പാദിച്ച തുകയാണ് സർക്കാർ കയ്യിലാക്കിയത്. ആശാ ഭവൻ മാനേജ്മെന്റ് കമ്മിറ്റിയുടെ പേരിൽ കാക്കനാട് എസ്ബിഐ ബ്രാഞ്ചിലാണ് ആദ്യം തുക നിക്ഷേപിച്ചിരുന്നത്. സർക്കാർ നിർദേശ പ്രകാരം പിന്നീടു തുക ട്രഷറിയിലേക്കു മാറ്റി. 

മാനേജ്മെന്റ് കമ്മിറ്റി യോഗത്തിൽ കണക്ക് അവതരിപ്പിക്കാൻ കഴിഞ്ഞ ദിവസം പരിശോധിച്ചപ്പോഴാണ് അക്കൗണ്ട് ശൂന്യമാണെന്നു മനസ്സിലായത്. ട്രഷറിയിൽ അന്വേഷിച്ചപ്പോൾ പണം സർക്കാരിനു കൈമാറിയെന്ന മറുപടിയാണ് ലഭിച്ചത്. ഒരു വർഷമായി ഇടപാടുകൾ നടക്കാത്ത അക്കൗണ്ട് എന്ന കാരണത്താൽ സർക്കാർ ഉത്തരവുപ്രകാരം പണം കൈമാറുകയായിരുന്നു എന്നാണ് ട്രഷറി ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം. 

അന്തേവാസികൾ ജോലി ചെയ്തുണ്ടാക്കിയ പണമാണെന്നും സർക്കാർ ഫണ്ടല്ലെന്നും തിരികെ വേണമെന്നും ആവശ്യപ്പെട്ടപ്പോൾ ധനവകുപ്പിനെ സമീപിക്കാനായിരുന്നു മറുപടി. പണം നഷ്ടപ്പെട്ട വിവരത്തിനു മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ കൂടിയായ കലക്ടർക്ക് ആശാഭവൻ അധികൃതർ കത്തു നൽകി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫെമിനിസവും കമ്യൂണിസവും പറയുന്നത് സ്നേഹത്തെക്കുറിച്ച് | Shine Nigam | Ullasam Movie

MORE VIDEOS
FROM ONMANORAMA