ADVERTISEMENT

ചെറുപ്പംകൊണ്ടും ചെറുപ്പക്കാരെക്കൊണ്ടും യുവത്വം നിറഞ്ഞതാണ് തൃക്കാക്കര മണ്ഡലം. കേരളത്തിൽ ‘ടെക്കികളുടെ’ തലസ്ഥാനങ്ങളിലൊന്ന്. കോവിഡിനു മുൻപ് 450ൽ അധികം ഐടി സ്ഥാപനങ്ങളിലായി അരക്ഷത്തിലേറെപ്പേർ ജോലി ചെയ്തിരുന്നു ഇൻഫോ പാർക്കിൽ. വർക് ഫ്രം ഹോം വിട്ട് ‘ഹൈബ്രിഡ് മോഡിലേക്ക്’ മാറിത്തുടങ്ങിയതോടെ വീട്ടിലും ഓഫിസിലുമായി ‘വർക് മോഡി’ലാണ് ഏറെപ്പേരും. മണ്ഡലത്തിനും ഐടി മേഖലയ്ക്കും ആ മേഖലയിൽ ജോലി ചെയ്യുന്നവർക്കും വേണ്ടത് എന്തെല്ലാം?

ഐടി മേഖലയെ ‘പവർ ബാങ്ക്’ ആയി കാണുന്ന അധികൃതരോട് ചോദിക്കാനും പറയാനും ഏറെയുണ്ട് ആ മേഖലയ്ക്ക്. ഇൻഫോപാർക്കിൽ ഐടി പ്രഫഷനലുകളായ എൽദോ ചിറക്കച്ചാലിൽ, വിജീഷ് ഭുവനചന്ദ്രൻ, ആതിര ബിന്ദു, സ്റ്റാർട്ടപ് സംരംഭകനായ ആദിൽ അസീസ്, മോഡലും മുൻ ഐടി പ്രഫഷനലുമായ അനഘ ബാബു എന്നിവരാണ് മനോരമയ്ക്കായി ‘തൃക്കാക്കര സംവാദത്തിന്’ കാക്കനാട് മാവേലിപുരം ലേ ഹയാത് കഫേയിൽ ഒന്നിച്ചത്.

‘കൊച്ചി പഴയ കൊച്ചിയാണോ’

എൽദോ ചിറക്കച്ചാലിൽ ചർച്ചയ്ക്കു തുടക്കമിട്ടു. കൊച്ചി പഴയ കൊച്ചിയല്ലെങ്കിലും കാക്കനാട്ടെ ഐടി ഹബുകളിലേക്കു വന്നാൽ പഴയ കൊച്ചിതന്നെ. അത് ഇതുവരെ മാറിയിട്ടില്ല. വർഷങ്ങൾക്കു മുൻപേ കേട്ടു തുടങ്ങിയതാണ് കൊച്ചിയുടെ മുഖം മാറുമെന്ന്. ബെംഗളൂരുവിലും ഹൈദരാബാദിലുമൊക്കെ പോയി ജോലി ചെയ്തു തിരികെ കൊച്ചിയിലേക്കു വരുന്നവർ കാണുന്നത് പഴയ കൊച്ചിതന്നെ. ഇവിടെ അനൗൺസ് ചെയ്യുന്ന പദ്ധതികൾ പൂർത്തിയാകുന്നത് ഏതോ കാലത്താണ്.

പല പദ്ധതികളും പ്രഖ്യാപിക്കുന്നത് ആർക്കോ വേണ്ടി. അതു കൃത്യമായി ആവശ്യമുള്ളതാണോ, എന്നു പൂർത്തിയാകും തുടങ്ങിയ കാര്യങ്ങളിൽ കൃത്യമായ മോണിറ്ററിങ് ഉണ്ടെന്നു തോന്നിയിട്ടില്ല. സ്മാർട് സിറ്റി പദ്ധതിയിൽ ഐടി വ്യവസായങ്ങൾ മാത്രമല്ല. അവിടെ ആശുപത്രികളും എന്റർടെയ്ൻമെന്റ് സോണുകളും സ്കൂളുകളും ഉൾപ്പെടെ വരേണ്ട പ്രോജക്ടാണ്. വന്നത് കുറേ കെട്ടിടങ്ങൾ മാത്രം. അവിടെ എത്ര ഇന്റർനാഷനൽ കമ്പനികൾ വന്നു? എനിക്കൊക്കെ പ്രായം കുറേ ആകുമ്പോഴെങ്കിലും ഇതൊക്കെ നടന്നുകണ്ടാൽ മതി.

‘മെട്രോ സിറ്റി’

ഇടയ്ക്ക് ആതിര ബിന്ദു ഇടപെട്ടു. ഐടി പ്രഫഷനലുകൾ ഏറെപ്പെരുണ്ടെങ്കിലും ഒഴിവുദിവസങ്ങളിലും മറ്റും എന്റർടെയ്ൻമെന്റിന് അധികം വഴികളില്ല. മറ്റു സംസ്ഥാനങ്ങളിലെ ഐടി ഹബുകളെ നോക്കുമ്പോൾ ഇതു കൃത്യമായി മനസ്സിലാകും. ഉദാഹരണത്തിന് പബുകളുടെ കാര്യം. അവിടെ പബുകൾ മദ്യപിക്കുന്നവർക്കു മാത്രമുള്ള സ്ഥലമല്ല. ബെംഗളൂരുവിലൊക്കെ ഫാമിലിയായി പബിൽ വരുന്നവരുണ്ട്. നല്ല ഫുഡ്ഡീസിനൊക്കെ പറ്റിയ കാര്യങ്ങൾ അവിടെയുണ്ട്. സേഫ്റ്റിയുമുണ്ട്. അത് ഇവിടെയും ഒരുക്കണം.

മറ്റൊന്നാണ് വലിയ നികുതി. പലപ്പോഴും വലിയ ടാക്സ് അടയ്ക്കുന്നുണ്ട്. അതിനുള്ള സൗകര്യങ്ങൾ തിരികെ കിട്ടുന്നതായി ഞങ്ങൾക്കു തോന്നാറില്ല. ടാക്സ് സ്ലാബ് കുറച്ചുതരാൻ ഗവൺമെന്റ് ഇടപെടണം. ‘ഇത്രയൊക്കെയായിട്ടും കൊച്ചി മെട്രോയാ..’ എന്ന കമന്റോടെ വിജീഷ് ഭുവനചന്ദ്രൻ ആക്ടീവായി. അടിസ്ഥാന സൗകര്യവികസനകാര്യത്തിൽ കൊച്ചി ഏറെ പിന്നിലാണ്. മറ്റൊരു കാര്യം ഇവിടെ താമസസൗകര്യമാണ്. ഹൈബ്രിഡ് മോ‍ഡിലേക്ക് മാറിയതോടെ സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് താമസം പ്രശ്നമാണ്. ആഴ്ചയിൽ ഏതാനും ദിവസങ്ങൾ മാത്രം ജോലിക്കു വരേണ്ടിവരും. 

അതിനു താമസസൗകര്യത്തിനു മാത്രമായി വലിയ തുക ചെലവഴിക്കേണ്ടിവരും. അതിന് ഗവൺമെന്റ് ഒരു കൃത്യമായ മാനദണ്ഡം ഏർപ്പെടുത്തണം. വലിയ തുക ചെലവിടാൻ കഴിയുന്നവരല്ല പലരും. അത്രയും ചെലവിട്ടാൽതന്നെ ക്വാളിറ്റിയുള്ള സ്ഥലവും ഭക്ഷണവും കിട്ടാനും പാടാണ്. ചിലയിടങ്ങളിൽ മാത്രമാണ് അത്തരം സൗകര്യങ്ങൾ ഒരുമിച്ചു കിട്ടുന്നത്. പിജി സൗകര്യം ഒരുക്കുന്നവർക്ക് ഉൾപ്പെടെ ലൈസൻസ് ഏർപ്പെടുത്തണം.

പാഴാക്കരുത് ടാലന്റ്

അൽപം ചിന്തിച്ചിരുന്ന ആദിൽ അസീസ് പോയിന്റുകൾ എണ്ണിപ്പറഞ്ഞു തുടങ്ങി. നമ്മളാരും ചിന്തിക്കാത്ത ഒരു വിഭാഗമുണ്ട്. അത് ജോലിയിൽനിന്ന് വിരമിക്കുന്നവരും റിട്ടയർ ആയവരുമാണ്. ഐടി മേഖലയിൽ മാത്രമല്ല. മറ്റു തൊഴിൽ മേഖലകളിൽനിന്നു വിരമിക്കുന്നവരും തൃക്കാക്കരയും കാക്കനാടുമെല്ലാം ഒരു റസിഡൻഷ്യൽ ഏരിയ ആയി കാണുന്നുണ്ട്. പല വിദേശ രാജ്യങ്ങളിലും അത്തരം ആളുകൾക്കായി ടൗൺഷിപ്പുകളുണ്ട്. പലരുടെയും മക്കൾ ജോലിയായി നാടുവിട്ട് നിൽക്കുന്നവരാകും. 

അവർക്കായി ഗവൺമെന്റ് പിന്തുണയോടെ ഒരു സപ്പോർട്ടിവ് സംവിധാനം വേണം. അതിനെ ഓൾ ഏജ് ഹോം എന്നൊന്നും വിളിക്കരുത്. പല മേഖലകളിൽനിന്നും റിട്ടയർ ചെയ്തു വരുന്നവർക്ക് ആ മേഖലയിലെ വലിയ പ്രവൃത്തിപരിചയമുണ്ട്. അത് ഐടിയോ, ഗവൺമെന്റ് – പ്രൈവറ്റ് മേഖലയോ എന്തുമാകാം. അത് സമൂഹത്തിന് ഉപയോഗപ്പെടുത്താനും ശ്രമം വേണം.  തൃക്കാക്കര മണ്ഡലത്തിൽ അതിനുള്ള സാധ്യതയുണ്ട്. ഇങ്ങനെ ചിന്തിക്കാൻ മറ്റൊരു കാര്യംകൂടിയുണ്ട്.

ഇവിടെ ഐടി മേഖലയുടെ ബൂം തുടങ്ങിയിട്ട് 20–25 വർഷമായി. അന്നത്തെ തുടക്കക്കാർ പലരും അടുത്ത 10 വർഷത്തിനിടെ റിട്ടയർ ചെയ്യും. മറ്റ് ഐടി കമ്പനികൾ അവരെ സ്വീകരിക്കാനും സാധ്യതയില്ല. ഞങ്ങൾ എല്ലാം അടങ്ങുന്ന ഐടി പോപ്പുലേഷന്റെ പ്രഫഷനൽ അറിവ് മറ്റെന്തെല്ലാം രീതിയിൽ പ്രയോജപ്പെടുത്താം എന്ന് ഇപ്പോഴേ ചിന്തിക്കണം. സർക്കാർ ഇതൊരു പദ്ധതിയായി എടുക്കണം. പിന്നെയും എൽദോ ചർച്ച ഏറ്റുപിടിച്ചു. ഐടി മേഖലയിലുള്ള ഈ പ്രശ്നം ചൂണ്ടിക്കാട്ടി പി.ടി.തോമസ് വഴി ഒരു റിക്വസ്റ്റ് നൽകിയിരുന്നു.

ഐടിയിൽ ജോലി ചെയ്യുന്ന എല്ലാവരും ലക്ഷങ്ങൾ ശമ്പളം വാങ്ങുന്നവരല്ല. ബിപിഒയിലും മറ്റും ജോലി ചെയ്യുന്നവരുണ്ട്. ജോലി സ്ഥിരത പ്രശ്നമാണ്. അന്ന് ഒരു ക്ഷേമനിധി ഐടി മേഖലയ്ക്കായി ആവശ്യപ്പെട്ടിരുന്നു. അതിൽ തുടർനടപടി വേണം. പിന്നെ, നല്ല കമ്പനികളെ ഇവിടേക്ക് ആകർഷിക്കാർ കഴിയണം. അല്ലെങ്കിൽ ടാലന്റഡ് ആയിട്ടുള്ളവർ നാടു വിടും. ആ ട്രെൻഡ് കുറച്ചു നാളായിട്ടുണ്ട്. നാലുപേരും സംസാരിച്ചു തുടങ്ങിയപ്പോഴാണ് അനഘ ബാബുവിന്റെ വരവ്: എനിക്കു പറയാനുള്ളത് വേസ്റ്റ് മാനേജ്മെന്റിനെക്കുറിച്ചാണ്.

മാലിന്യപ്രശ്നം തദ്ദേശസ്ഥാപനങ്ങളുടെ ചുമതലയാണെങ്കിലും ഗവൺമെന്റ് അതിന് കൃത്യമായ സംവിധാനം ഏർപ്പെടുത്തണം. മറ്റൊന്നാണ് ട്രാൻസ്പോർട്ടേഷൻ. സ്മാർട് സിറ്റി കേന്ദ്രമാക്കി കെഎസ്ആർടിസി ഉൾപ്പെടെ കൃത്യമായ, നിലവാരമുള്ള യാത്രാസംവിധാനം വേണം. മഴ കനത്തിട്ടും ചർച്ച ചൂടു പിടിച്ചു. ക്രിയാത്മക നിർദേശങ്ങൾ ഒഴുകിക്കൊണ്ടേ ഇരുന്നു. ഇതെല്ലാം കൃത്യമായി സ്ഥാനാർഥികളുടെയും അധികൃതരുടെയും ശ്രദ്ധയിൽ പെടുത്തണമെന്ന ആവശ്യവും 5 അംഗ സംഘം മുന്നോട്ടുവച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com