കാലവർഷക്കുളിരിൽ വീട്ടുകാർ സുഖനിദ്രയിലാകുന്നതു തക്കം; കുത്തിത്തുറക്കാനെത്തി കള്ളന്മാർ

ernakulam-thief
SHARE

കാക്കനാട്∙ കാലവർഷക്കുളിരിൽ വീട്ടുകാർ സുഖനിദ്രയിലാകുന്ന തക്കം നോക്കി മോഷണം നടത്തുന്ന കള്ളന്മാർ 'പണി' തുടങ്ങി. ആളില്ലാത്ത വീടുകളും മഴയുടെ മറവിൽ ഇവർ കുത്തിത്തുറക്കുന്നു. തൃക്കാക്കരയിൽ ഒരു വീട് കുത്തിത്തുറന്നു സ്വർണവും നിലവിളക്കുകളും ലാപ്ടോപ്പും മൊബൈൽ ഫോണും കവർന്നു. മറ്റു മൂന്നു വീടുകൾ കുത്തിത്തുറക്കാൻ ശ്രമിച്ചതിന്റെ ലക്ഷണങ്ങളും പൊലീസ് കണ്ടെത്തി.  

തൃക്കാക്കര സൗഭാഗ്യ നഗറിൽ സുജിത് കുമാറിന്റെ വീട്ടിൽ നിന്നാണ് ഏഴു പവന്റെ രണ്ട് മാലകളും 6 നിലവിളക്കുകളും ഒരു മൊബൈൽ ഫോണും കവർന്നത്. വീടിന്റെ മുൻ ഭാഗത്തെ വാതിൽ പൊളിക്കാനുള്ള ശ്രമം വിജയിക്കാതായപ്പോൾ സൈഡിലെ മറ്റൊരു വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാക്കൾ അകത്തു കടന്നത്. അലമാരയുടെ താക്കോൽ അവിടെ തന്നെ ഉണ്ടായിരുന്നതിനാൽ എളുപ്പത്തിൽ തുറക്കാൻ കഴിഞ്ഞു. വീട്ടുകാർ സ്ഥലത്തില്ലാതിരുന്ന സമയത്തായിരുന്നു മോഷണം.

സമീപത്തെ ഏതാനും വീടുകളിൽ മോഷണശ്രമം നടന്നതറിഞ്ഞു സ്ഥലത്തെത്തിയ പൊലീസ് സംശയം തോന്നി പരിസരത്തെ വീടുകളിൽ പരിശോധന നടത്തിയപ്പോഴാണ് സുജിത് കുമാറിന്റെ വീട്ടിലെ മോഷണക്കാര്യം അറിയുന്നത്. വീടിന്റെ വാതിൽ പൊളിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്നു വീട്ടുകാരെ പൊലീസ് വിളിച്ചു വരുത്തുകയായിരുന്നു. പരിശോധനയിൽ സ്വർണവും നിലവിളക്കുകളും ലാപ്ടോപ്പും ഉൾപ്പെടെ മോഷ്ടാക്കൾ കൊണ്ടുപോയതായി വ്യക്തമായി.സമീപത്തെ ഡോക്ടറുടെയും റിട്ട. അക്കൗണ്ടന്റ് ജനറൽ ഓഫിസ് ഉദ്യോഗസ്ഥയുടെയും വീടുകളും കുത്തിത്തുറക്കാൻ ശ്രമിച്ചതായി കണ്ടെത്തിയിട്ടുണ്ട്. പുലർച്ചെ ഒന്നരയോടെ റിട്ട. ഉദ്യോഗസ്ഥയുടെ വീടിന്റെ വാതിലിൽ ശക്തമായ ഇടിക്കുന്ന ശബ്ദം കേട്ട് തൊട്ടടുത്തു താമസിക്കുന്ന സഹോദരൻ ഉണർന്നിരുന്നു.

പരിസരത്തെ ലൈറ്റുകൾ തെളിച്ചതിനാൽ മോഷ്ടാക്കൾ ശ്രമം ഉപേക്ഷിച്ചു കടന്നു.പിറ്റേന്ന് നോക്കിയപ്പോഴാണ് ഇവിടങ്ങളിൽ വാതിൽ തകർക്കാൻ ശ്രമിച്ചതിന്റെ ലക്ഷണങ്ങൾ കണ്ടത്. ഇതേ തുടർന്നു പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. കാലവർഷത്തിൽ എല്ലാ കാര്യത്തിലും കരുതൽ എടുക്കും പോലെ മോഷണത്തിനെതിരെയും മുൻകരുതൽ വേണമെന്ന് പൊലീസ്. മഴയുള്ള സമയത്ത് വീടുകളിൽ ഉണ്ടാകുന്ന അനിഷ്ടസംഭവങ്ങൾ തൊട്ടടുത്ത വീട്ടുകാർ പോലും അറിഞ്ഞെന്നു വരില്ല. 

വാതിലോ ജനലുകളോ കുത്തിത്തുറക്കാൻ ശ്രമിച്ചാൽ വീട്ടിലുള്ളവർ കേട്ടെന്നും വരില്ല. ഇത്തരം കാര്യങ്ങളിലാണു ജാഗ്രത പുലർത്തേണ്ടത്. വീട് അടച്ചുപൂട്ടി പോകുന്നവർ അക്കാര്യം പൊലീസ് സ്റ്റേഷനിൽ അറിയിക്കണം. ഈ ഭാഗങ്ങളിൽ പോലീസിന്റെ രാത്രികാല പട്രോളിങ്ങിന് ഇത് പ്രയോജനപ്പെടും. വീട്ടുകാർ സ്ഥലത്തില്ലാത്തപ്പോൾ രാത്രി തെളിഞ്ഞു കിടക്കുന്ന ലൈറ്റ് രാവിലെ അണക്കാൻ അയൽക്കാരെ ചുമതലപ്പെടുത്തണം. പകൽ വീടിന്റെ മുൻഭാഗത്തു ലൈറ്റ് തെളിച്ചിടരുത്. റസിഡന്റ്സ് അസോസിയേഷനുകൾ സ്വന്തം നിലയിൽ നിരീക്ഷണം ഏർപ്പെടുത്തുന്നതും നല്ലതാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA