വില്ലേജ് ഓഫിസിനു മുകളിൽ കയറി വീട്ടമ്മയുടെ ആത്മഹത്യ ഭീഷണി; 13 ദിവസം നീണ്ട സമരം തീർപ്പാക്കി, ഒരു മണിക്കൂറിൽ

ernakulam-protest
കടവൂർ വില്ലേജ് ഓഫിസിനു മുന്നിൽ പട്ടയ സമരക്കാർ ഉപരോധ സമരം സംഘടിച്ചപ്പോൾ
SHARE

മൂവാറ്റുപുഴ∙ വില്ലേജ് ഓഫിസിനു മുകളിൽ കയറി വീട്ടമ്മ ഉൾപ്പെടെ ആത്മഹത്യ ഭീഷണി ഉയർത്തിയതോടെ 13 ദിവസം നീണ്ട കടവൂർ പട്ടയ സമരം ഒരു മണിക്കൂറിനുള്ളിൽ ഉദ്യോഗസ്ഥർ ഒത്തുതീർപ്പാക്കി. കടവൂർ വില്ലേജിൽ പട്ടയം ലഭിക്കാത്ത കുടുംബങ്ങളിൽ നിന്നുള്ളവരാണ് ഇന്നലെ വില്ലേജ് ഓഫിസിന്റെ മുകളിൽ കയറി ആത്മഹത്യാ ഭീഷണി ഉയർത്തിയത്. ആർഡിഒയും റവന്യു ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്ത് എത്തി പട്ടയ പ്രശ്നം പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ചു. 6 മാസത്തിനുള്ളിൽ പട്ടയ വിതരണം നടത്തുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പു നൽകിയതോടെയാണു സമരം അവസാനിച്ചത്.

മാവുംതൊട്ടിയിൽ ഉള്ള അറുപതോളം കുടുംബങ്ങൾക്ക് പട്ടയം നൽകാൻ സർക്കാർ ഉത്തരവിട്ടിട്ടും ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കാതെ വന്നതോടെയാണു കുടുംബങ്ങൾ കടവൂർ വില്ലേജ് ഓഫിസിനു മുന്നിൽ സമരം ആരംഭിച്ചത്. സമരത്തിന്റെ ആദ്യ ദിവസം തന്നെ റവന്യു ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി നടപടികൾ സ്വീകരിക്കാമെന്ന് ഉറപ്പു നൽകിയെങ്കിലും നടപടികളൊന്നും ഉണ്ടായില്ല. ഇതോടെ സമരം അനിശ്ചിതമായി നീണ്ടു. സമരത്തിന്റെ പതിമൂന്നാം ദിവസമായ ഇന്നലെ സമരസമിതി ശക്തമായ നടപടികളിലേക്കു നീങ്ങുകയായിരുന്നു.  സമരസമിതി വില്ലേജ് ഓഫിസ് ഉപരോധിക്കുന്നതിനിടെ സമരത്തിൽ പങ്കെടുക്കാൻ എത്തിയ വീട്ടമ്മ ഉൾപ്പെടെ ചിലർ ഓഫിസിന്റെ മേൽക്കൂരയ്ക്കു മുകളിൽ കയറി ആത്മഹത്യ ഭീഷണി ഉയർത്തുകയായിരുന്നു.

പൊലീസ് വിവരം അറിയിച്ചതിനെ തുടർന്ന് ആർഡിഒ പി.എൻ.അനിയുടെ നേതൃത്വത്തിൽ റവന്യു ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി. ആർഡിഒ, തഹസിൽദാർ റേയ്ച്ചൽ കെ.വർഗീസ്, പൈങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് സീമ സിബി, വൈസ് പ്രസിഡന്റ് നിസാർ മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിൽ സമര സമിതി പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ 6 മാസത്തിനുള്ളിൽ പട്ടയം വിതരണം ചെയ്യുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പു നൽകി.വനംവകുപ്പുമായി ബന്ധപ്പെട്ട ചില രേഖകളിൽ വ്യക്തത വരുത്താനാണ് പട്ടയ വിതരണ വൈകുന്നതെന്നു ഉദ്യോഗസ്ഥർ പറഞ്ഞു. ഇക്കാര്യം കലക്ടറെ അറിയിക്കുകയും വനംവകുപ്പിൽ നിന്ന് അനുവാദം ലഭിക്കുന്നതിനു വേണ്ട രേഖകൾ ഉടനെ സമർപ്പിക്കുകയും ചെയ്യുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാൻ അതു പറഞ്ഞതും ധ്യാൻ ചേട്ടൻ ഫ്ലാറ്റ് |  Ritunjay Sreejith | Sreejith Ravi | Prakashan Parakkkatte

MORE VIDEOS
FROM ONMANORAMA