ഉമ ദോശപ്രിയ, ജോ ചോറ് പ്രിയൻ, എഎൻആറിന് ചായക്കമ്പം; സ്ഥാനാർഥികളുടെ ഇഷ്ടഭക്ഷണങ്ങളിലൂടെ...

ernakulam-thrikkakkara-election-candidates
SHARE

സച്ചിന് ഇഷ്ടം വട പാവ്! ട്രോളേണ്ട. അദ്ദേഹത്തിന്റെ ഇഷ്ടഭക്ഷണങ്ങളിലൊന്നാണ് അത്. ഇനി നേരെ തൃക്കാക്കരയിലേക്കു പോകാം. അവിടത്തെ 3 മുന്നണി സ്ഥാനാർഥികൾക്കും ഇഷ്ട ഭക്ഷണങ്ങളുണ്ട്, നമ്മൾ എല്ലാവരെയും പോലെ. അതെന്തെല്ലാം? ഈ തിരഞ്ഞെടുപ്പു കാലത്തെ അവരുടെ ഭക്ഷണക്രമീകരണങ്ങൾ എങ്ങനെ? തിരഞ്ഞെടുപ്പു ചൂടിൽനിന്നു മാറി കുറച്ചു ഭക്ഷണകാര്യങ്ങളിലേക്ക്... 

∙ മൃദുവായ ദോശയുടെ കടുകട്ടി ഫാനാണ് യുഡിഎഫ് സ്ഥാനാർഥി ഉമ തോമസ്. വീട്ടിലെ മെനുവിലും സ്ഥിരം താരം പലതരം ദോശയാണ്. ജോലിക്കു പോയിരുന്ന സമയത്തു ദോശയാകും മിക്കവാറും പ്രഭാത ഭക്ഷണം. ഉച്ചഭക്ഷണത്തിനും അതുതന്നെ കൊണ്ടുപോകും. വെജിറ്റേറിയൻ ഭക്ഷണം ശീലിച്ച ഉമയും നോൺ വെജ് ഭക്ഷണം മെനുവിലുള്ള പി.ടി. തോമസും ഒന്നിച്ചതോടെ പി.ടിയും വെജ് ‘ഭക്ഷണ വക്താവാ’യിരുന്നു.

ഇടയ്ക്ക് പി.ടിക്കും മക്കൾക്കും നോൺ വെജ് ഭക്ഷണം വേണ്ടിവരും. അതു പാചകം ചെയ്യാറില്ലെങ്കിലും അവർക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ ഭക്ഷണം ഒരുക്കാൻ ഒപ്പം നിൽക്കുമായിരുന്നു. ഒന്നിച്ചിരുന്നു കഴിക്കും. വിവിധതരം ദോശ പോലെതന്നെ പ്രിയമാണു കാന്താരി പനീർ പോലുള്ള വിഭവങ്ങളും. വീട്ടിൽ ‘ഇടുക്കി ടച്ച്’ ഉള്ളതുകൊണ്ട് കാച്ചിലും ചേമ്പുമെല്ലാം പലപ്പോഴായി ‘വിരുന്നു’വരുമായിരുന്നു’. മറ്റൊരു ഭക്ഷണ ഇഷ്ടമായിരുന്നു ഫലൂഡ. 

∙ എൽഡിഎഫ് സ്ഥാനാർഥി ഡോ. ജോ ജോസഫ് ഹൃദ്രോഗ വിദഗ്ധനാണ്. അപ്പോൾ ഡയറ്റ് കടുകട്ടിയാകുമോ ? തെറ്റി. നാടൻ ഭക്ഷണങ്ങൾ സ്ഥിരം മെനുവിലുള്ള ഡോക്ടറുടെ ഇഷ്ടഭക്ഷണം ചോറാണ്. ഒപ്പം അവിയൽ പോലുള്ള കറികളും. മൂന്നുനേരം വേണമെങ്കിലും ചോറ് കഴിക്കാൻ തയാർ. ആശുപത്രിയിൽ ശസ്ത്രക്രിയകളോ മറ്റു തിരക്കുകളോ ഉണ്ടെങ്കിൽ പ്രഭാതഭക്ഷണം ഒഴിവാക്കി അവിടെയും മെനുവിൽ ചോറ് ഇടം പിടിക്കും.

കേരളം വിട്ടുള്ള യാത്രകളിൽ അതത് ഇടങ്ങളിലെ ഭക്ഷണം കഴിക്കുകയാണു താൽപര്യം. ഭക്ഷണകാര്യത്തിൽ ഡോ. ജോയ്ക്ക് കടുംപിടിത്തങ്ങളേ ഇല്ലെന്നു പറയുന്നു ഭാര്യ ഡോ. ദയ പാസ്കൽ. പ്രഭാതഭക്ഷണശേഷം പലപ്പോഴും രാത്രിയാകും അടുത്ത ഭക്ഷണം. സ്ഥാനാർഥിയായ ശേഷം പ്രവർത്തകരോടൊപ്പം ഉച്ചഭക്ഷണം കഴിക്കുന്നു, മാറ്റം അതാണ്. പതിവു ശീലം കടുപ്പത്തിലുള്ള ചായയാണ്. നല്ലപോലെ പാലും മധുരവും ചായപ്പൊടിയും ചേർത്തു കുറുകിയത്. ഉത്തരേന്ത്യൻ പഠനകാലത്തു കടന്നുകൂടിയതു പോലുള്ള ശീലം.

∙ ആഹാരകാര്യത്തിൽ മിതവാദിയാണ് എൻ‍‍ഡിഎ സ്ഥാനാർഥി എ.എൻ. രാധാകൃഷ്ണൻ. ഭക്ഷണത്തിൽ വലിയ ചിട്ടകളില്ല. ഉള്ളതു പലപ്പോഴും കൃത്യമായി പാലിക്കാൻ കഴിയാറുമില്ല. വീട്ടിലുള്ളപ്പോൾ രാവിലെ ഏലയ്ക്ക ചേർത്ത ഒരു കട്ടൻ ചായ വേണം. പത്രവായനയോടൊപ്പം പതിവു പാൽച്ചായ. പ്രഭാത ഭക്ഷണങ്ങളിൽ ഇഷ്ടം പൊട്ടുപരത്തി എന്ന വിഭവമാണ്. 

കടലപ്പരിപ്പ് അല്ലെങ്കിൽ പീസ് പരിപ്പ് പച്ചരി ചേർത്ത് അരച്ചെടുത്ത മാവുകൊണ്ട് ഉണ്ടാക്കുന്നതാണു പൊട്ടുപരത്തി. മാവിൽ ചെറുഉള്ളി, മുളക്, മഞ്ഞൾപ്പൊടി, ഉപ്പ്, കുരുമുളക് എന്നിവ ചേർക്കുന്നതുകൊണ്ട് മറ്റു കറി ആവശ്യമില്ല. വേണമെങ്കിൽ മുളകു ചമ്മന്തി ചേർക്കാം. മറ്റൊരു ‘ഇഷ്ടക്കാരൻ’ വാട്ടക്കപ്പയും കടലയും ചേർത്തുള്ള പുഴുക്കാണ്. ഒപ്പം പപ്പടവും. പിന്നെ ഇഷ്ടം ചക്ക കൊണ്ടുള്ള വിഭവങ്ങളാണ്. ഉച്ചഭക്ഷണത്തിന് ചിലപ്പോൾ അധികം ഉണ്ടാകുന്നത് ചെറു മീനുകൾ കൊണ്ടുള്ള വിഭവങ്ങളാണ്. രാത്രി വൈകിയാണു വീട്ടിലെത്തുന്നതെങ്കിൽ കൂവ പാലിൽ കാച്ചിയെടുത്ത ലഘുഭക്ഷണം മാത്രം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA