ആലുവ∙ മെട്രോ നടപ്പാതയിൽ നിന്നു മുന്തിയ ഇനം പൂച്ചെടികളും അലങ്കാര ചെടികളും മോഷണം പോകുന്നു. ആലുവ മെട്രോ സ്റ്റേഷൻ മുതൽ പുളിഞ്ചോട് വരെ റോഡിന്റെ ഇരുവശത്തും കെഎംആർഎൽ നട്ടുവളർത്തി, സമീപത്തെ വ്യാപാര സ്ഥാപനങ്ങൾ പരിപാലിക്കുന്ന ചെടികളാണു രാത്രി പിഴുതു കൊണ്ടുപോകുന്നത്.
കഴിഞ്ഞ 3 മാസത്തിനുള്ളിൽ ഒട്ടേറെ ചെടികൾ അപ്രത്യക്ഷമായി. തുടർന്നു സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണു മോഷണമാണെന്നു മനസ്സിലായത്. ഞായറാഴ്ചകളിലാണു മോഷണം ഏറെയും നടന്നത്. 500 മുതൽ 2,000 രൂപ വരെ വിലയുള്ള ചെടികളുണ്ടു നഷ്ടപ്പെട്ടവയിൽ. സിസിടിവി ദൃശ്യങ്ങൾ സഹിതം പൊലീസിൽ പരാതി നൽകാൻ ഒരുങ്ങുകയാണ് അധികൃതർ.